കേരളത്തിൽ ആഘോഷിക്കുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഓണത്തെക്കുറിച്ച് കൂടുതലായി അറിയാം, അറിയാക്കഥകളിലൂടെ…!!!!
ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. വാർഷിക ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ഓണം വരുന്നത്.മഹാബലിയുടെ സദ്ഭരണത്തിന്റെ ഓർമ്മക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണ്.
കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം പറയുന്നത്. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്.
ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന ഒരു കഥക്ക്പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്. അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, അവിടെ മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.
സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായ ആഘോഷമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.
സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ആറു മാസം മഴ ദീർഘമായി പെയ്തിതിരുന്നു. കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ ഉള്ളത്.
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. ഇതിൽ പ്രധാനം മഹാബലിയുടെ കഥ തന്നെ. ഭാഗവതത്തിൽ അഷ്ടമസ്കന്ധത്തിൽ പതിനെട്ടു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാൻ മഹാവിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവർത്തിയെയും പറ്റി പറയുന്നുണ്ട്. ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും, അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം ‘വലിയ ത്യാഗം’ ചെയ്‌തവൻ എന്നാണ്. ദേവൻമാരെപ്പോലുമസൂയപ്പെടുത്തിയിരുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം.
അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. രാജ്യലക്ഷ്മി ആയ ഭഗവതി മാവേലിയുടെ രാജ്യത്തിൽ വിളയാടി. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. അങ്ങനെയിരിക്കെ സ്വർഗ്ഗലോകം കൂടി പിടിച്ചടക്കണമെന്ന മോഹം മഹാബലിയിൽ ഉടലെടുത്തു. ഭയചകിതരായ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ദേവമാതാവായ അദിതി മഹാവിഷ്ണുവിനെ തപസ് ചെയ്യുകയും ദേവന്മാരെ രക്ഷിക്കണമെന്ന് വരം വാങ്ങുകയും ചെയ്തു. തുടർന്ന് മഹാബലി ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.
ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. വാമന രൂപത്തിൽ വന്നത് ഭഗവാൻ ആണെന്ന് മഹാബലി മനസിലാക്കിയിരുന്നു. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. എന്നാൽ വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സ്വർഗത്തേക്കാൾ ശ്രേഷ്ഠമായ സുതലിത്തിലേക്ക് ഉയർത്തി അവിടെ അദേഹത്തിന്റെ കാവൽക്കാരനായി നിലകൊള്ളുകയും ചെയ്തു.
ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി വാമന സമേതനായി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാണു വാമനൻ അവതാരമെടുത്തത് എന്നാണ്. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. ഭഗവാൻ മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല.
സംഘകാല കൃതികളെ (ക്രി മു. 300 മുതൽ) വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ചരിത്രമനുസരിച്ചു നോക്കുമ്പോൾ ഇന്ദ്രന്റെ വിജയമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.അതായത് വാമനൻ വിജയം ആണ് ആഘോഷിക്കുന്നത്. വിഷ്ണുവിന്റെ 5 ആം അവതാരം വാമനൻ, തൃക്കാക്കാര ആപ്പൻ ആയിട്ട് ഒരുക്കി വെക്കുന്ന ആചാരം . 108 ദിവ്യ ദേശത്തിൽ ഉള്ള ക്ഷേത്രം ഓണം ആയിട്ട് ബന്ധം ഉള്ളത് ആണ്.
ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി. കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ ആന്ധ്ര, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ പൊതുവായും തമിഴ്നാട്ടിൽ പ്രത്യേകമായും ഓണാഘോഷം നിലവിലിരുന്നു. തിരുപ്പതിയിലേയും തൃക്കാക്കരയിലേയും പേരിന്റെ സാദൃശ്യം മധുരയിലെ ഓണാഘോഷത്തിനിടക്കുള്ള ഓണത്തല്ലിനെ അനുസ്മരിപ്പിക്കുന്ന ചേരൊപ്പോര്, അത്തച്ചമയത്തേയും ഓണക്കോടിയെയും അനുസ്മരിക്കുന്ന മറ്റു ചടങ്ങുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ നിഗമനം വച്ച് നോക്കുമ്പോൾ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം.
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന ‘മധുരൈ കാഞ്ചി’യിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്.ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന ‘മാങ്കുടി മരുതനാർ’ എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം.
മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ ‘ഓണസദ്യയും’ പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ ‘തിരുമൊഴി’ എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമർശമുണ്ട്. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്.
മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്. മലബാർ മാന്വലിന്റെ കർത്താവ് ലോഗൻ സായ്പിന്റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കർത്താവ് കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു.
പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. 10ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. “ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട്”എന്ന്.
പത്താം നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്റെ തിരുവാറ്റ് ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്. വിദേശനിർമ്മിത വസ്‌തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ് ഐതിഹ്യം. കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു.
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘ഉണ്ണുനൂലി സന്ദേശ’ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന ബാണർ എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി. ഇവരുടെ ഇടയിൽനിന്ന് പ്രബലനും തൃപ്പൂണിത്തുറയും, തൃക്കാക്കരയും ഭരിച്ചിരുന്നതുമായ ‘മാവേലി’ എന്നു പേരായ ഒരു രാജാവ്, ഒറീസയിലും, കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി. എന്നാണ് ചരിത്രപണ്ഡിതനായിരുന്ന കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനം. ഓണാഘോഷത്തെക്കുറിച്ച് ഇനിയും നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഒക്കെയുണ്ട്. ഓണത്തിന്റെ മറ്റ് ആഘോഷങ്ങളെ കുറിച്ച് അറിയാക്കഥകളുടെ അടുത്ത ഭാഗങ്ങളിലൂടെ നിങ്ങളിലേക്ക് എത്തും.