ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് വിലയില്‍ 1.24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സംഘര്‍ഷത്തിന് തുടക്കമിട്ട് ഇസ്രയേല്‍ ഇറാന് ആക്രമിച്ച ഉടന്‍ തന്നെ വില കുതിച്ചുയരുന്നതാണ് കണ്ടത്. ബാരലിന് എട്ടുശതമാനം വില വര്‍ധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധന തുടരുന്ന കാഴ്ചയാണ് ദൃശ്യമായത്. വെള്ളിയാഴ്ച ബാരലിന് 74 ഡോളര്‍ കടന്നാണ് മുന്നേറിയത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ ഭാവിയില്‍ എണ്ണവില നൂറ് ഡോളര്‍ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബാരലിന് 120 ഡോളര്‍ വരെ ഉയരാമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ പി മോര്ഗന് പ്രവചിച്ചത്. ഇന്ത്യ പ്രമുഖ എണ്ണ ഇറക്കുമതി രാജ്യമാണ്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും പരിഹരിക്കുന്നത് പുറത്തുനിന്ന് ഇറക്കുമതി ചെയ്താണ്.