മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് സംഗീതാസ്വാദകര്‍ക്കായി കിടിലനൊരു ഫീച്ചറുമായി എത്താന്‍ പോവുകയാണ്. ഗ്രൂപ്പ് വിഡിയോ കോള്‍ ചെയ്യുമ്പോള്‍ അതിനൊപ്പം ഇനി മ്യൂസിക്കും ആസ്വദിക്കാം. അതിനായി ആപ്പിളിന്റെ ‘ഷെയര്‍ പ്ലേ’ക്ക് സമാനമായ ‘മ്യൂസിക് ഷെയറിങ്’ ഫീച്ചറാണ് വിഡിയോ കോളുകളില്‍ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഫേസ്ടൈം കോളുകള്‍ക്കിടയില്‍ പാട്ടുകള്‍ ഒന്നിച്ചിരുന്ന് കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണ് ആപ്പിളിന്റെ ഷെയര്‍ പ്ലേ. അതുപോലെ വാട്സ്ആപ്പ് വിഡിയോ കോളുകള്‍ക്കിടയില്‍ മ്യൂസിക് ഓഡിയോ പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ സവിശേഷത. വിഡിയോ കോളുകളിലെ സ്ക്രീന്‍ ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ചുള്ള ഓഡിയോ പങ്കിടലാണത്. നിലവില്‍ ബീറ്റ സ്റ്റേജിലുള്ള ഈ ഫീച്ചര്‍ വിഡിയോ കോളുകളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ, ഓഡിയോ കോളുകളില്‍ ലഭ്യമാകില്ല, മാത്രമല്ല, വിഡിയോ കോളില്‍ വിഡിയോ ഓഫാക്കിയാലും അത് പ്രവര്‍ത്തിക്കില്ല. സംഗീതം മാത്രമല്ല, എന്ത് തരത്തിലുള്ള ഓഡിയോകളും ഇത്തരത്തില്‍ ആസ്വദിക്കാം. ഉദാഹരണത്തിന്, വിഡിയോ കോളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോഡ്കാസ്റ്റ് പ്ലേ ചെയ്ത്, അതുമായി ബന്ധപ്പെട്ട് ചങ്ങാതിമാരുമായി ചര്‍ച്ച നടത്താം. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ 2.23.26.18 വേര്‍ഷനിലാണ് ഈ സംവിധാനമുള്ളത്. എന്നാല്‍ ഇത് ബീറ്റാ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. വൈകാതെ ബീറ്റ യൂസര്‍മാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ നല്‍കിയേക്കും. പിന്നാലെ എല്ലാവര്ക്കും മ്യൂസിക് ഷെയറിങ് ആസ്വദിക്കാം.
ഗ്രൂപ്പ് വിഡിയോ കോളില്‍ ഇനി മ്യൂസിക്കും ആസ്വദിക്കാം
