ചായയും ബിസ്കറ്റും നല്ലൊരു കോമ്പിനേഷനാണെങ്കിലും വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബിസ്കറ്റ് കഴിക്കുമ്പോള്‍ ഒരു ഊര്‍ജമൊക്കെ ലഭിക്കുന്നുണ്ട്. എന്നാല്‍, ചായ-ബിസ്കറ്റ് കോമ്പിനേഷന്‍ ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ്, അസിഡിറ്റി, മറ്റ് കുടല് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിച്ചാല്‍, നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അമിതമായ ഉപയോഗം മലബന്ധത്തിലേക്ക് നയിച്ചേക്കാം. ഇരുമ്പ് പോലുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ബിസ്ക്കറ്റിലെ പഞ്ചസാരയുടെ അംശം കാരണം ചായയുടെ ആഘാതം കൂടുതല്‍ വഷളാകുന്നു. ശുദ്ധീകരിച്ച പഞ്ചസാരയ്ക്കൊപ്പം ബിസ്ക്കറ്റില്‍ സാധാരണയായി ഗോതമ്പ് പൊടിയും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. രാവിലെ എഴുന്നേറ്റതിനു ശേഷം ആമാശയത്തിലെ ബാലന്‍സ് പുനഃസ്ഥാപിക്കുന്ന ആല്‍ക്കലൈന്‍ എന്തെങ്കിലും കുടിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ദഹനപ്രശ്നങ്ങളുണ്ടെങ്കില്‍, കുടലിന്റെ വീക്കം കുറയ്ക്കാനും ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം ഒഴിവാക്കാനും പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ പെരുംജീരകം ചേര്‍ത്ത് തിളപ്പിച്ച ശേഷം പിറ്റേന്ന് രാവിലെ കുടിക്കാം. നിങ്ങള്‍ക്ക് പലപ്പോഴും വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, മല്ലിവെള്ളം നല്ലൊരു ചോയിസാണ്. ഇത് ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. മലബന്ധമുള്ളവര് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ട ചേര്‍ത്ത് തേങ്ങാവെള്ളം കുടിക്കുന്നത് അതിരാവിലെ പഞ്ചസാരയുടെ ആസക്തിയെ ചെറുക്കാന്‍ സഹായിക്കും. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ലെപ്റ്റിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan