നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി. ‘നിലാവുണ്ണുന്ന കുട്ടി’. കെ കെ പല്ലശ്ശന. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 50 രൂപ.