Screenshot 2024 02 27 20 21 14 990 com.android.chrome edit

 

നരേന്ദ്ര മോദിയെ എൻ ഡി എ യോഗം വീണ്ടും പ്രധാനമന്ത്രിയാക്കാൻ നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ . നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.

 

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ നേതാക്കൾ ഇന്ന് രാത്രി രാഷ്ട്രപതിയെ കാണും. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറി, എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുo.സർക്കാർ രൂപീകരിക്കാനുള്ള ആലോചനയിൽ നിന്നും ഇന്ത്യ മുന്നണി പിൻവാങ്ങി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സഖ്യയോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിന്‍റെ കാര്യത്തിലുള്ള ചർച്ചകളിലേക്കാണ് കടന്നത്. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാനാണ് കോൺഗ്രസ് നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാഷ്ട്രപതി  പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചു. തുടർന്ന് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി  രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്.

കഴിഞ്ഞ മാസം അവസാനം   കൊച്ചി ന​ഗരത്തെ  മുക്കിയ  കനത്തമഴ   മേഘവിസ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കളമശ്ശേരിയിലെ മഴ മാപിനിയിൽ അന്ന് ഒരു മണിക്കൂറിൽ രേഖപ്പെടുത്തിയത് 100 മി.മീ മഴയായിരുന്നു. 28നായിരുന്നു കൊച്ചി ന​ഗരത്തിൽ ശക്തമായ മഴയും വെള്ളക്കെട്ടും രൂപപ്പെട്ടത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണിത്.

ബിജെപി നേതാവ് സുരേഷ് ​ഗോപിയുടെ റോഡ് ഷോ തൃശ്ശൂരിൽ ആരംഭിച്ചു. വിദ്യാർഥി കോർണറിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി പ്രവർത്തകരാണ് അണിനിരക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സുരേഷ് ഗോപിയുടെ റോഡ് ഷോ. തൃശൂരിനെ ഹൃദയത്തിൽ വെച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു.  മന്ത്രിയാകുമോ എന്ന് കേന്ദ്ര നേതൃത്വം  തീരുമാനിക്കട്ടെ. ഞാൻ നിഷേധിയാവില്ല. തന്‍റെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനവിധി അംഗീകരിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്‍റെ  പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ജനങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ്  തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന  ബിജെപിയുടെ വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്  എന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസി സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഇനി ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും.  സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആർടിസി പ്രസിദ്ധീകരിച്ചിരുന്നു.വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി ആണ് ഇത്‌.  സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ കയറിയാൽ പട്ടിക കാണാം.

കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയമെന്ന് എൻകെ പ്രേമചന്ദ്രൻ.  അപകീർത്തികരമായ ആരോപണം തന്നെയാണ് കൊല്ലത്ത്   തനിക്കെതിരെ ഇത്തവണ നടന്നത്. താൻ ബിജെപിയിൽ പോകുമെന്ന് സിപിഎം വ്യാജപ്രചാരണം നടത്തി. അതെല്ലാം പൊളിഞ്ഞുവെന്നും കൊല്ലത്ത് നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ – ന്യൂനപക്ഷ സമൂഹം ഒന്നാകെ യുഡിഎഫിനെ പിന്തുണച്ചു. കൊല്ലത്ത് ഉൾപ്പടെ എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും ബിജെപിയിലേക്ക് വോട്ട് ചോർച്ച ഉണ്ടായി. ഇത് ഗൗരവതരണമാണെന്നും കർശനമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാറഡുക്ക സൊസെറ്റി തട്ടിപ്പിൽ മുഖ്യ പ്രതി കെ രതീശൻ, ഇയാളുടെ റിയൽ എസ്റ്റേറ്റ് പങ്കാളി  മഞ്ഞക്കണ്ടി ജബ്ബാർ എന്നിവർ പിടിയിലായി. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ഇരുവരും പിടിയിലായതെന്നാണ്  വിവരം. നേരത്തെ കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു.സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ കഴിഞ്ഞ മാസം 13 നായിരുന്നു  പൊലീസ് കേസെടുത്തത്  .മൂന്ന് പങ്കാളികളെ ആദൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സമസ്തയിലെ ലീഗ് വിരുദ്ധ ചേരി മുസ്ലിംലീഗിനെതിരായ നീക്കം മയപ്പെടുത്തി . ഇടത് അനുകൂല നിലപാട് സ്വീകരിച്ചിട്ടും തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥികൾക്ക് മികച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് പിന്മാറ്റo. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ടുചെയ്യാൻ പറഞ്ഞിട്ടില്ലെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പ്രതികരിച്ചു.

പത്തനംതിട്ട സിപിഎമ്മിൽ പരസ്യ പ്രതിഷേധം. സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നൽകി ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ . സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. എന്നാൽ തോൽവിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ടയില്‍ 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ററണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി, വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. പ്രിയങ്ക ഇന്ത്യ മുഴുവൻ പര്യടനം നടത്തി പ്രചാരണം നടത്തുകയായിരുന്നു. അവർ സ്റ്റാർ ക്യാമ്പെയിനറായിരുന്നു. തൃശൂരിൽ കെ മുരളീധരൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി സമഗ്രമായി പഠിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

തെരെഞ്ഞെടുപ്പിൽ തിരിച്ചടിയായത് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണെന്ന്എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. കേന്ദ്ര സർക്കാർ സംസ്ഥാനത്ത് സാമ്പത്തിക ഉപരോധം ഏർപെടുത്തിയത് തെരഞ്ഞെടുപ്പ് തോൽക്കാൻ വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷത്തിൻ്റെ റോൾ മാധ്യമങ്ങൾ എടുത്തു, മാധ്യമങ്ങൾക്ക് ഇടതുപക്ഷവിരുദ്ധ നിലപാടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിൻ്റെ കാരണം എന്താണെന്ന് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് അനുകൂലമായ ജനവിധി ജനവിരുദ്ധ സര്‍ക്കാരിന്‍റെ  മുഖത്തേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്‍റെ  പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടു . സര്‍ക്കാരിന്‍റെ  വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ യു.ഡി.എഫ് വിജയിച്ചു. കേരളത്തില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്‍റെ  കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി .

പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് ഷാഫി പറമ്പിൽ. തന്നെ ഉമ്മൻചാണ്ടിയുമായി താരതമ്യം ചെയ്തുള്ള വിലയിരുത്തലുകൾ വിവരക്കേടാണെന്ന് ഷാഫി പറഞ്ഞു.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ചു തുടങ്ങിയ ഷാഫി, വിജയത്തിന് ശേഷവും ആദ്യമെത്തിയത് അവിടേക്കുതന്നെ.പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്ന് അവകാശപ്പെട്ട ഷാഫി, സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയം വിശദമായി വിലയിരുത്താൻ സി.പി.എം. അഞ്ചുദിവസത്തെ സംസ്ഥാന നേതൃയോഗങ്ങൾ വിളിച്ചു. ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമെന്നും യു.ഡി.എഫിൻറെ വോട്ടാണ് കൂടുതൽ പോയതെന്നും എം.വി.ഗോവിന്ദൻ ന്യായീകരിച്ചു. സംസ്ഥാനഭരണം വിലയിരുത്തിയിട്ടില്ല എന്ന് പറയാനാവില്ലെന്ന് സി.പി.ഐ തുറന്നടിച്ചു.

തമിഴ്നാട്ടിൽ ഒരു സീറ്റ് പോലും നേടാനാവാതെയുണ്ടായ തിരിച്ചടി ബിജെപിയുടെ പരാജയമായി കാണുന്നില്ല, ഇപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചെന്നും കെ അണ്ണാമലൈ. ഒഡിഷയിൽ നേടിയ ജയം തമിഴ്നാട്ടിലും ബിജെപി ആവർത്തിക്കുo. “എന്റെ അച്ഛൻ കരുണാനിധി ആയിരുന്നെങ്കിൽ ഞാനും ജയിച്ചേനെ.എന്റെ അച്ഛൻ ഒരു സാധാരണ കർഷകനാണ്. സമയമെടുത്ത് കാര്യങ്ങൾ ചെയ്യണമെന്നാണ് അച്ഛൻ പഠിപ്പിച്ചത്” എന്നും കെ അണ്ണാമലൈ പ്രതികരിച്ചു.

 

മഹാരാഷ്ട്രയിൽ ലോക് സഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യത്തിനേറ്റ തിരിച്ചടിയിൽ  അമ്പരിപ്പിക്കുന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി  ദേവേന്ദ്ര ഫഡ്നാവിസ്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്താൻ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് ഫഡ്നാവിസ് പ്രഖ്യാപിച്ചത്. മഹാവികാസ് അഘാഡിയ്ക്ക് സഹതാപ വോട്ടുകൾ ലഭിച്ചെന്നും അതാണ് ബി ജെ പി സഖ്യത്തിന് തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി. ഫഡ്നാവിസ് രാജിവയ്ക്കില്ലെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ. മൂന്നാം തവണയും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ എന്നാണ് വിവിധ രാജ്യങ്ങളിലെ ഭരണത്തലവൻമാർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയാൻ സാധിച്ചതിൽ ലോക നേതാക്കൾ ഇന്ത്യൻ ജനതയെയും അഭിനന്ദിച്ചു. മോദിയുടെ മൂന്നാം ഭരണത്തിൽ രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും അവർ ആശംസിച്ചു.

സ്വയം പ്രഖ്യാപിത ചാണക്യൻ സ്വയം വിരിച്ച വലയിൽ കുടുങ്ങിയെന്ന് ജയറാം രമേശ് . സഖ്യത്തിനായി പിച്ചച്ചട്ടിയുമായി ഇരക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും ജെഡിയുവിന്‍റെ നിതീഷ് കുമാറിനെയും പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ശിവ സേന ഉദ്ദവ് താക്കറെ പക്ഷവും രംഗത്ത് വന്നിരുന്നു. ബിജെപി എങ്ങനെയാണ് നിങ്ങളോട് പെരുമാറിയതെന്ന് ഓര്‍ക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍.

അസമിലെ ദുബ്രി ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാര്‍ത്ഥി രാഖിബുൾ ഹുസൈന് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ജയം  . എഐയുഡിഎഫ് നേതാവ് ബദ്ദാറുദ്ദീൻ അജ്മലിനെ 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ബദ്ദാറുദ്ദീൻ അജ്മലിന് 4,59,409 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രാഖിബുൾ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്.

ഡൽഹിയിലേക്കുള്ള വിമാന യാത്രയില്‍ നിതീഷ് കുമാറിനൊപ്പം ഇരിക്കുന്ന ചിത്രം പുറത്ത് വന്നതില്‍ വിശദീകരണവുമായി തേജസ്വി യാദവ്. നിതീഷ് കുമാർ വിളിച്ച് അടുത്തിരുത്തിയതാണ്എന്നാണ് തേജസ്വിയുടെ പ്രതികരണം. വ്യാഖ്യാനങ്ങൾ വേണ്ടെന്നും തേജസ്വി വ്യക്തമാക്കി.  എൻ ഡി എ യോഗത്തിനായാണ് നിതീഷ് വിമാനത്തിൽ കയറിയത്. തേജസ്വി ഇന്ത്യ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാൻ ആയാണ് ഡൽഹിയിലേക്ക് പോയത്.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിൽ ചേർന്ന എൻഡിഎ സഖ്യകക്ഷികളുടെ യോ​ഗം അവസാനിച്ചു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നും യോഗത്തിൽ തീരുമാനമായി.

ജനാധിപത്യത്തേയും ഭരണഘടനയേയും അപകടത്തിലാക്കുന്നവരെ പിന്തുണയ്ക്കാന്‍ ടി.ഡി.പി. നേതാവ് എന്‍. ചന്ദ്രബാബു നായിഡുവും ജെ.ഡി.യു. നേതാവ് നിതീഷ് കുമാറും തയ്യാറാവുമെന്ന് കരുതുന്നില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്ത്. നായിഡുവും നിതീഷും എല്ലാവരുടേയും സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ്‌ അവന്യൂ കോടതി തള്ളി. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. എന്നാൽ ഇത് അം​ഗീകരിക്കാഞ്ഞ കോടതി, കെജ്‌രിവാളിന് വൈദ്യപരിശോധന നടത്താൻ അധികൃതരോട് നിർദേശിക്കുകയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 19 വരെ നീട്ടുകയും ചെയ്തു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *