Screenshot 2024 02 27 20 21 14 990 com.android.chrome edit 3

359 സീറ്റുകളോടെ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് റിപ്പബ്ലിക് ടിവി – പിമാർക്ക് എക്സിറ്റ് പോൾ സ‍ർവേ ഫലം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് സർവേഫലം പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 118 മുതൽ 133 സീറ്റുകൾ വരെയാണ് പ്രവചനം. മറ്റുള്ളവ‍ർക്ക് 43 മുതൽ 48 സീറ്റുകൾ വരെയാണ് മാട്രിസ് സർവേയുടെ ഫലത്തിൽ പ്രവചിക്കുന്നത്.

 

 

നരേന്ദ്രമോദിക്ക് മൂന്നാം ഊഴമെന്ന് സർവേ. മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറും എന്നാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം. ഇത്തവണ 400 സീറ്റുകൾ നേടുമെന്ന അവകാശവാദവുമായിട്ടാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്.

 

ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്ന് എല്ലാ സർവേകളും പറയുന്നു. എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ​ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.

 

 

കേരളത്തിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ റെ‍ഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും ആണ്. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജനം ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചു എന്നും അദ്ദേഹം അറിയിച്ചു. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളായിരിക്കും  എണ്ണുന്നത് . പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.

 

സി.എം.ആർ.എൽ   എക്സലോജിക് മാസപ്പടി ഇടപാടിൽ,  വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിയെ സമീപിച്ചു. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന  വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ്  ഹർജിയിലെ  ആവശ്യം.ഹർജി തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്ന് അപ്പീൽ ഹര്‍ജിയിൽ മാത്യു കുഴൽനാടൻ ആരോപിച്ചു.

 

103 കോടിയുടെ ക്രമക്കേട് സിഎംആർഎല്ലിൽ കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്.സിഎംആർഎൽ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് മറുപടി. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു സി എം ആർ എൽ . ക്രമക്കേടിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് മറുപടി നൽകി.

 

മൃ​ഗബലി ആരോപണത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡി കെ ശിവകുമാർ. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോൾ പറയാൻ താത്പര്യമില്ല. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താൻ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതിൽ ഉറച്ച് നില്‍ക്കുന്നു എന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികൾക്ക് എതിരെ ഒന്നും താൻ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം, ഒന്നും ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. നാൽപ്പത്തിയഞ്ച് മണിക്കൂർ നീണ്ടു നിന്ന ധ്യാനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി നേരെ ഡൽഹിയിലേക്ക് തിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനെത്തിയത്. മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു.

 

കാറിൽ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് നിയമ നടപടികളുടെ ഭാഗമായി തല്‍ക്കാലത്തേക്ക് കാറും നഷ്ടമാകും. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുo, കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. നിലവില്‍ ആര്‍ടിഒയുടെ കസ്റ്റഡിയിലുള്ള കാര്‍ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്.

 

ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈആർ റസ്റ്റത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് റസ്റ്റത്തിനെതിരെ പ്രാഥമിക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.  പരാതിക്കാരനായ യാക്കൂബ് പുതിയപുരയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.2021 നവംബറിൽ അനുമോൾ, ലിജോ എന്നിവരുടെ അക്കൗണ്ടിലൂടെ രണ്ടുതവണയായി 25000 രൂപയും, ഒരു ലക്ഷം രൂപ നേരിട്ടും ക്രൈംബ്രാഞ്ച് ഡിവൈസ് പി റസ്‌റ്റം കൈപ്പറ്റി എന്നാണ്  പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബിന്റെ പരാതി.

 

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും ഗുരുതര വീഴ്ചയെന്ന് പരാതി. കണ്ണൂര്‍ കണ്ണപുരത്തെ നേഹ ജോസഫ് എന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസിലാണ് പിഴവ് സംഭവിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. എല്ലാ വിഷയത്തിനും പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്‍റെ പകര്‍പ്പിനും അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിഴവ് വ്യക്തമായത്.

 

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തതില്‍ ഡോക്ട്ടർക്ക് ചികിൽസ പിഴവ് സംഭവിച്ചെന്ന് മെഡിക്കൽ ബോർഡിന്‍റെ കണ്ടെത്തല്‍. കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ചികിൽസ പിഴവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കൽ നെഗ്ലീജൻസ് ആക്റ്റ് പ്രകാരം ഡോക്ടർക്കെതിരെ പൊലീസ് നടപടി എടുക്കും ഡോക്ടർക്ക് നോട്ടീസ് അയച്ച് കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

ബാർ കോഴ വിവാദവുമായി ബന്ധപ്പെട് ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. മെയ് 23 ന് കൊച്ചിയിലെ ഹോട്ടലിൽ ചേർന്ന കേരള ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിന് പിറകെയാണ് ബാറുടമകളോട് പണം ആവശ്യപ്പടുന്ന വിവാദ ഓഡിയോ സന്ദേശം പുറത്ത് വന്നത്. സന്ദേശം വിവാദമായോതിനെ തുടർന്ന് സർക്കാർ ഗൂഡാലോചന ആരോപണവുമായി രംഗത്ത് വരികയും എംബി രാജേഷ് പരാതി നൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്‍റെ ഭാഗമായാണ് ക്രൈംബ്രാ‌ഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം നടന്ന ഹോട്ടലിൽ അന്വേഷണ സംഘമെത്തിയത്.

 

മാസ ശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഭൂരിഭാഗം ജീവനക്കാരും. എന്നാൽ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള ജീവാനന്ദം പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ 15 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയും ജീവനക്കാരില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവച്ചിട്ടുണ്ട്. ശമ്പളം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടര്‍ ബിജോൺ ജോൺസന് ചികിത്സാ പിഴവ് സംഭവിച്ചെന്ന റിപ്പോർട്ട് മെഡിക്കല്‍ ബോര്‍ഡ് പൊലീസിന് കൈമാറി. ഡോക്ടർക്ക് നോട്ടീസ് അയച്ച് കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.കഴിഞ്ഞ മാസം 16നായിരുന്നു നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത്. വീട്ടുകാരുടെ പരാതിയിൽ മെഡിക്കൽ നെഗ്ലിജൻസ് ആക്റ്റ് പ്രകാരം സർജറി നടത്തിയ ഡോക്ടർ ബിജോൺ ജോൺസനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

തിരുവനന്തപുരത്ത് 14 വയസ്സായ മകളെ പീഡിപ്പിച്ച കേസിൽ 48കാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും.  അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. രേഖ വിധിയിൽ പറയുന്നു.

 

തെലങ്കാനയിൽ ബിജെപിക്ക് 7 മുതൽ എട്ട് സീറ്റുകൾ വരെയും കോൺ​ഗ്രസിന് 5 മുതൽ 8 വരെ സീറ്റുകൾ ലഭിക്കുമെന്നും ന്യൂസ് 18 എക്സിറ്റ് പോൾ സർവ്വേ ഫലം. കർണാടകയിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ന്യൂസ് 18 പ്രവചനം. ആന്ധ്രാപ്രദേശിൽ ജ​ഗന് തിരിച്ചടി നേരിട്ടേക്കും.

 

കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം . തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതൽ 4 സീറ്റ് വരെ ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. അണ്ണാ ഡിഎംകെയ്ക്ക് പരമാവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്നും ഇന്ത്യ  ടുഡേ പ്രവചിക്കുന്നു.

377 സീറ്റുകളോടെ എൻഡിഎ അധികാരത്തിൽ വരുമെന്നാണ് ജൻ കി ബാത് എക്സിറ്റ്പോൾ സർവേ . ഇന്ത്യ സഖ്യത്തിന് 151 സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 15 സീറ്റുകൾ ലഭിച്ചേക്കുമെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്നര ലക്ഷത്തോളം വോട്ടർമാരിൽ നിന്ന് ലഭിച്ച എക്സിറ്റ്പോൾ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു.

ന്യൂഡല്‍ഹിയില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗംചേര്‍ന്ന് ഇന്ത്യ മുന്നണി നേതാക്കള്‍. കെജ്‌രിവാൾ, രാഘവ് ഛദ്ദ, അഖിലേഷ് യാദവ്, ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള എന്നിവരുൾപ്പെടെ 23 പ്രതിപക്ഷ നേതാക്കൾ യോ​ഗത്തിൽ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോ​ഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. നീണ്ട ആലോചനകള്‍ക്കു ശേഷമാണ് തന്റെ ഈ തീരുമാനമെന്ന് കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *