നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ‘ H ‘ ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളിൽ മാറ്റമുണ്ടാകും.
വയലുകളില്‍ വൻ തീപ്പിടുത്തം.കണ്ണൂരിലും തൃശൂരിലും ഏക്കറുകണക്കിന് ഭൂമിയിലാണ് തീ പടര്‍ന്നത്. പുല്ല് വളർന്നുനിൽക്കുന്ന വയലുകളിൽ ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഇത് വേഗo തന്നെ പടരുകയായിരുന്നു. തീ അണയ്ക്കാൻ സാധിച്ചിരുന്നില്ല. പ്രദേശത്താകെ പുക പടര്‍ന്ന് ഒന്നും കാണാനാകാത്ത അവസ്ഥ ആയതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാൻ കാരണമായതെന്നാണ് നിഗമനം. ആളുകള്‍ക്ക് പരുക്കില്ല.
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ല. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്.ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതാവുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് കഠിനംകുളം പൊലീസ്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്. അടിപിടിക്കേസിലെ പ്രതികളായ നബിൻ, കൈഫ് എന്നിവരെയാണ് ബന്ധുക്കൾ പോലീസിനെ ബന്ദിയാക്കി ജീപ്പിൽ നിന്നും രക്ഷപ്പെടുത്തിയത്.
പാലക്കാട് ഉയർന്ന താപനില സാധാരണയെക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതലും കോഴിക്കോട് ഉയർന്ന താപനില സാധാരണയേക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതലും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് തൃശൂർ കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. ഇടിമിന്നൽ അപകടകാരികളായതിനാൽ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരംമേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ, കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാർഡ് പാർട്ടിക്കാർ എടുത്തുമാറ്റിയതാകാമെന്നും യദു ആരോപിച്ചു. വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു എന്നും യദു വ്യക്തമാക്കി.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎക്കും പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. മേയർക്കെതിരെ സൈബര്‍ അതിക്രമം നടക്കുകയാണെന്നും, മേയർ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആര്‍ടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും വികെ സനോജ് പറഞ്ഞു. പെൺകുട്ടികൾ ഈ രീതിയിൽ തന്നെ പ്രതികരിക്കണം. മറ്റേതെങ്കിലും പെൺകുട്ടിയായിരുന്നെങ്കിൽ വീരവനിതയാകുമായിരുന്നു. ആര്യയ്ക്ക് എതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യുമെന്നും വികെ സനോജ് പറഞ്ഞു.
സുപ്രീം കോടതി എസ്എന്‍സി ലാവ്ലിൻ കേസ് ഇന്ന് പരിഗണിച്ചില്ല. അന്തിമവാദത്തിനായുള്ള പട്ടികയിൽ കേസ് ഇന്ന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ഇന്ന്പരിഗണനയ്ക്കാതിരുന്നത്. അഭിഭാഷകർ ആരും തന്നെ ഉന്നയിച്ചുമില്ല. ഇന്നോടുകൂടി 39 ആം തവണയാണ് ഈ കേസ് മാറ്റിവയ്ക്കുന്നത്.
സമസ്തയുo ഇകെ വിഭാഗവുമായുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന്മുസ്ലീം ലീഗ്.പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍. എന്നാല്‍ വിജയത്തെ ഇത് ബാധിക്കില്ല.തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരണം നടത്തരുതെന്ന് യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ഗവേഷണ കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടി ചൈന ശ്രീലങ്കയെ സമീപിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാൻ സാധിക്കുന്ന കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ചൈനയുടെ ഈ ആവശ്യം. ഗവേഷണ കപ്പലാണെന്നാണ് ചൈന പറയുന്നത്. ചാരക്കപ്പലാണെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നു. ഷി യാൻ 6 ഡോക്ക് ചെയ്യാൻ ചൈന അനുമതി തേടിയിട്ടുണ്ട്. തീയതി നിശ്ചയിച്ചിട്ടില്ല എന്ന്ശ്രീലങ്കൻ വിദേശകാര്യ വക്താവ് പറഞ്ഞു.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്ത 48 മണിക്കൂർ നേരത്തേക്കാണ് വിലക്ക് . മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ മോശം പരാമർശങ്ങളാണ് ചന്ദ്രശേഖർ റാവുവിന് തിരിച്ചടിയായത്. റാവു പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
അശ്ലീല വീഡിയോ വിവാദത്തിൽആദ്യമായി പ്രതികരിച്ച് കര്‍ണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ.അന്വേഷണവുമായി സഹകരിക്കാൻ ബെംഗലൂപുവില്‍ താൻ ഇല്ല, ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു, അവസാനം സത്യം തെളിയും- എന്നാണ് എക്സ് പോസ്റ്റ്. വീഡിയോകള്‍ വന്നതോടെ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യം വരികയും ഇതോടെ വിദേശത്തേക്ക് കടക്കുകയുമായിരുന്നു പ്രജ്വല്‍.
ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരിച്ച് ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്നും ജയറാം രമേശ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ നടത്തിയ പ്രസംഗ വിവാദത്തില്‍ കുടുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. തൃണമൂൽ കോൺഗ്രസ് ഈ പ്രസ്താവന പ്രചാരണത്തിനുള്ള ഒരു ആയുധമാക്കി മാറ്റിയിരിക്കുകയാണ്.
ബി.ജെ.പി കൊല്‍ക്കത്ത നോര്‍ത്ത് സ്ഥാനാര്‍ഥി തപസ് റെയുമായി, വേദി പങ്കിടുകയും സ്ഥാനാര്‍ഥിയെ പുകഴ്ത്തുകയും ചെയ്തതിന് തൃണമൂല്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷിനെ പാര്‍ട്ടി സ്ഥാനത്തു നീക്കി. പാർട്ടി നിലപാടുകൾക്ക് എതിരായി നടത്തിയ പ്രസ്താവന കൊണ്ടാണ് പുറത്താക്കിയത്.