Untitled design 20250112 193040 0000 1

 

 

 

പുതിയ യുഡിഎഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ധനവകുപ്പ് കൈകാര്യം ചെയ്യുമെന്ന് സൂചന. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം ലഭിക്കുമ്പോൾ, കെ മുരളീധരൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ എന്നിവരുൾപ്പെടെ 8 കോൺഗ്രസ് നേതാക്കളുടെ മന്ത്രിസ്ഥാനം ഉറപ്പിച്ചു. മുഖ്യമന്ത്രിയടക്കം 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുക.

 

വിഡി സതീശൻ മന്ത്രിസഭയിൽ ലീ​ഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയത്. നാളെയും ചർച്ച തുടരുമെന്നും യുഡിഎഫ് ആണ് തീരുമാനം എടുക്കേണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

വി ഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ചെന്നിത്തല, നാളെ സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോ‍ർട്ട്. സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ള ഡി ജി പിമാരടക്കമുള്ളവരുമായാണ് ചെന്നിത്തലയുടെ നാളത്തെ കൂടിക്കാഴ്ച. സതീശൻ സർക്കാരിൽ ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകളാകും ചെന്നിത്തല കൈകാര്യം ചെയ്യുകയെന്ന് ധാരണയായിട്ടുണ്ട്.

 

താൻ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ ലഭിച്ചാൽ സ്വീകരിക്കുമെന്നും ജി. സുധാകരൻ നിലപാട് വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച അദ്ദേഹം, സിപിഎമ്മിൽ ഉയരുന്ന വിമർശനങ്ങൾ ആളുകളുടെ മനസ്സിലുള്ളത് പുറത്തുവരുന്നതാണെന്നും കൂട്ടിച്ചേർത്തു.

 

മത്സരിച്ച എട്ടിൽ ഏഴ് സീറ്റും വിജയിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ചു. കേരള കോൺഗ്രസ് ആവശ്യത്തിന് ലീഗിന്‍റെ പിന്തുണയുമുണ്ട്. കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും സംസാരിച്ച് ഇതിൽ ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്.

 

കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത യുവതി തന്‍റെ ബന്ധുവാണെന്നുള്ള സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെ നിയുക്ത എംഎൽഎ പി കെ ഫിറോസ്. കോഴിക്കോട്ട് നടന്ന സംഭവത്തിൽ യുവതി നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നതെന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

 

ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് ‘ധീരനായ’ പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും യോ​ഗത്തിൽ നേതാക്കൾ പറഞ്ഞു.

 

കെസി വേണു​ഗോപാലിനും വിഡി സതീശനും ഇടയിലെ മഞ്ഞുരുകുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മാധ്യമപ്രവർത്തകരെ കണ്ടു. വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല കോൺ​ഗ്രസ് നേതാക്കളെന്ന് വി ഡി സതീശൻ പറഞ്ഞു.

 

സ്കൂൾ പരിസരങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ നിലപാട് തേടി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്നത് തടയാൻ നിലവിലെ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന പരാതിയിലാണ് ഈ നടപടി

 

വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിട്ടില്ല. 2025 ഡിസംബർ 17നാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്.

 

കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റത്തിന് പിന്നാലെ മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യം കേരള കോൺഗ്രസ് വീണ്ടും സജീവമാക്കി. നിലവിലെ സാഹചര്യം പുതിയ ഡാമിന് ഏറ്റവും അനുകൂലമാണെന്ന് മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. കൂടാതെ, പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ അർഹതപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിരോധത്തിലായി കേന്ദ്രസർക്കാരും എൻടിഎയും. പരീക്ഷ പേപ്പർ തയാറാക്കാൻ നിയോഗിച്ച പൂനെ സ്വദേശിയായ ബയോളജി അധ്യാപിക മനീഷ ഗുരുനാഥയെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യപ്പേപ്പർ പരിഭാഷപ്പെടുത്തിയ അധ്യാപകരിലേക്കും സിബിഐ അന്വേഷണം നീളുകയാണ്. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെയുള്ള വിദ്യാർത്ഥികളുടെ ആത്മഹത്യ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സർക്കാരിനെതിരായ നിലപാട് കടുപ്പിക്കുകയാണ്.

 

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ സിബിഐ രാജസ്ഥാനിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പത്ത് ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങിയ പ്രതിയുടെ മകന് പരീക്ഷയിൽ നേടാനായത് വെറും 107 മാർക്കാണ്. ഈ തട്ടിപ്പ് ശൃംഖലയുമായി ബന്ധമുള്ള നൂറ്റമ്പതോളം വിദ്യാർത്ഥികൾ സിബിഐ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്.

 

തമിഴ്നാടിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി വിജയ്ന്‍റെ പുതിയ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും അതിവേഗം നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി തീരുമാനിച്ചതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി ഈ മാസം അവസാനം വിജയ് രാജ്യ തലസ്ഥാനത്തെത്തുമെന്നാണ് വിവരം.

 

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഒൻപത്, പത്ത് ക്ലാസുകളിലെ ഭാഷാ നയത്തിൽ സുപ്രധാനമായ മാറ്റം വരുത്തി. പുതിയ നയപ്രകാരം വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കണം, ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം. വിദ്യാർത്ഥികൾക്ക് ആശ്വാസമായി, ഈ മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടാകില്ല, പകരം സ്കൂൾ തലത്തിൽ മൂല്യനിർണ്ണയം നടത്തും.

 

തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും. പൊതുഭരണം, വനിത – യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും കൂടി നിലവിലുണ്ട്‌. കെ എ സെങ്കോട്ടയ്യൻ ധന വകുപ്പും ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും.

 

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, കസേരയിൽ വെള്ളത്തുണി വിരിക്കുന്ന പരമ്പരാഗത രീതി ഒഴിവാക്കി. വിഐപി സംസ്കാരത്തിന്റെ ഭാഗമായ ഈ രീതി മാറ്റണമെന്ന കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജത്തിന്റെ അഭ്യർത്ഥനയെ തുടർന്നായിരുന്നു ഈ നടപടി.

 

കർണാടകയിലെ ഹാസനിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ഭാരത് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 36 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നവെങ്കിലും എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 

അണ്ണാ ഡിഎംകെ വിമത വിഭാഗത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് എംപി കാർത്തി പി ചിദംബരം രംഗത്ത്. ഇത്തരമൊരു തീരുമാനം രാഷ്ട്രീയപരമായി സർക്കാരിന് ക്ഷീണമുണ്ടാക്കുമെന്നും വിജയ്‍യുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമെന്നും കാർത്തി ചിദംബരം ചൂണ്ടിക്കാട്ടി.

 

രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബെംഗളൂരുവിലെ കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നിർണായക നേട്ടം. 40 കോടി യാത്രക്കാരെന്ന നേട്ടം വിമാനത്താവളം സ്വന്തമാക്കിയെന്ന് വിമാനത്താവള നടത്തിപ്പുകാരായ ബാം​ഗ്ലൂ‍ർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റ‍ഡ് (BIAL) അറിയിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെ ആണ് 40 കോടി യാത്രക്കാരെ കൈകാര്യം ചെയ്തത്.

 

വ്യാപാര ചർച്ചകൾക്കായി ചൈനയിലെത്തിയ ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം വലിയ നേട്ടങ്ങളില്ലാതെ അവസാനിച്ചു. എന്നാൽ, ചൈനീസ് ചാരപ്രവർത്തനം ഭയന്ന് ട്രംപിന്റെ സുരക്ഷാ സംഘം എല്ലാ ചൈനീസ് നിർമ്മിത സമ്മാനങ്ങളും ഉപഹാരങ്ങളും വിമാനത്താവളത്തിൽ ഉപേക്ഷിക്കാൻ നിർബന്ധിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം വെളിവാക്കുന്നതായി.

 

ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണ സംവിധാനം ഏർപ്പെടുത്താൻ ഇറാൻ തീരുമാനിച്ചു. ഈ സംവിധാനം വഴി സേവനങ്ങൾക്ക് പണം ഈടാക്കുകയും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രം പ്രവേശനം നൽകുകയും ചെയ്യും. ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങളെ വിലക്കുമെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്

 

തങ്ങളുടെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ലക്ഷ്യമിടുന്ന ഇറാന്‍റെ ഭീകരാക്രമണങ്ങൾക്കെതിരെ യുഎഇ ശക്തമായ നിലപാട് വ്യക്തമാക്കി. ഏത് ആക്രമണത്തെയും സൈനികമായും നയതന്ത്രപരമായും നേരിടാൻ അവകാശമുണ്ടെന്നും, ഈ ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നും യുഎഇ വ്യക്തമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *