തൃശൂർ പൂരത്തിനു മുന്നോടിയായി ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന സർട്ടിഫിക്കറ്റുള്ള ആനകളുടെ ഫിറ്റ്നസ് പുന:പരിശോധന അപ്രായോഗികമാണെന്നും, ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഒഴിവാക്കിയിട്ടുണ്ടെന്നും, കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍വകലാശാലയിൽ വിസിയുടെ എതിർപ്പ് മറികടന്ന് നടത്തിയ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി . ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും, എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസിന്‍റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി വിലക്കിയത്. സര്‍വകലാശാല രജിസ്ട്രാറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.
തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി. കനത്ത മഴ കാരണം ദുബായിലേക്കുള്ള എമിററ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ,എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
കള്ളപ്പണക്കേസിൽ പ്രതിയായ ഡി കെ തനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ ആരും വിശ്വസിക്കില്ലെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കാശുണ്ടാക്കുക എന്നല്ലാതെ കോൺഗ്രസിൽ ഡി കെ ശിവകുമാറിന് വേറെ റോളില്ല.കർണാടക ഉപമുഖ്യമന്ത്രി ഇന്നലെ നടത്തിയ ആരോപണങ്ങൾക്കാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി.
ഒരു സ്ഥാനാര്‍ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ലെന്നും, വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണ ബോംബെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇരുപത് ദിവസം മുന്‍പ് ശൈലജ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയും പൊലീസും എവിടെയായിരുന്നുവെന്നും, കെ.കെ.രമ, ഉമ തോമസ് തുടങ്ങിയവരെ സിപിഎം നേതാക്കള്‍ പരസ്യമായി അപമാനിച്ചപ്പോള്‍ കെ.കെ ശൈലജ എവിടെയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
സുഗന്ധഗിരി മരംമുറിക്കേസുമായി ബന്ധപ്പെട്ട് കല്പറ്റ റേഞ്ചർ കെ നീതുവിനെ സസ്പെന്റ് ചെയ്തു. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി. സംഭവത്തിൽ കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. നിലവിൽ ഒമ്പത് പ്രതികളുള്ള കേസിൽ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസനെയും സംഭവത്തിൽ സസ്പെൻഷനിലായ കൽപ്പറ്റ ഫോറസ്റ്റ് സെഷൻ ഓഫീസർ ചന്ദ്രനെയും പ്രതിചേർക്കുന്നത് പരിശോധിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
സിഎംആർഎൽ എം.ഡി ശശിധരന്‍ കര്‍ത്തയെ ചോദ്യം ചെയ്യൽ ഇഡി തുടരുന്നു. ആലുവയിലെ ശശിധരന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നത്. സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മിത്ത് വേഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. mythvsreality.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസിലാക്കാനാവുമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.
പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ഇളയരാജയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്ന് അഭിഭാഷകൻ പറഞ്ഞതിന് മറുപടിയായി, മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകു എന്ന് കോടതി നിരീക്ഷിച്ചു. ഇളയരാജ ഈണം പകർന്ന 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശം നൽകിയ ഉത്തരവിനെതിരെ എക്കോ റിക്കോർഡിങ് കമ്പനി നൽകിയ അപ്പീലിലാണ് കോടതിയുടെ വിമര്‍ശനം.
ആലപ്പുഴയിൽ പക്ഷിപ്പനി. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മൂന്ന് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസിന്‍റെ ഉത്തരവാദിത്തപെട്ട പേജുകളിലൂടെയാണ് ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടക്കുന്നത് എന്ന്ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിന്‍റെ ഐ ടി സെൽ ചുമതലയുള്ള സരിനും ചേർന്നാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
ബിജെപിയുടെ സീറ്റ്ഇത്തവണ കേരളത്തിൽ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കേരളത്തിൽ അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരുടെ പ്രശ്നം പരിഹരിക്കുo. യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണ്, കേരളത്തില്‍ പോരാടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. ഇതേ കോൺഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്ര ഏജൻസികൾ എന്തെങ്കിലും നടപടി തുടങ്ങിയാൽ മോദി തെറ്റ് ചെയ്തെന്ന് പറയുമെന്നും ത്രിപുരയിലെ ബി ജെ പി റാലിയ്ക്കിടെ പറഞ്ഞു.
അമേഠിയിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി. താൻ പാർട്ടി സൈനികൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ.പി. സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരേ കോൺഗ്രസ് അമേഠി ലോക്സഭാ മണ്ഡലത്തിൽ നിർത്തുന്ന സ്ഥാനാർഥിയെ കോൺഗ്രസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അഞ്ചാം ഘട്ടമായി മേയ് 20-ന് നടക്കുന്ന ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ്.
ഛത്തീസ്ഗഢില്‍ സുരക്ഷാസേന നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാങ്കറില്‍ നടത്തിയ സൈനിക നടപടിയില്‍ 29 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ ബി.ജെ.പി. സര്‍ക്കാര്‍ നക്‌സലിസത്തിനും ഭീകരവാദത്തിനുമെതിരേ തുടര്‍ച്ചയായ പ്രചാരണങ്ങള്‍ ആരംഭിച്ചുവെന്നും, സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷം സംസ്ഥാനത്ത് എണ്‍പതിലധികം നക്‌സല്‍വാദികളെ വധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കും വിധത്തില്‍ വരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നതായി കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേയ്റ്റ്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന , ഇലക്ട്രൽ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക സമരം തുടങ്ങിയ വിഷയങ്ങളിലെ പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നു, മോദി സ്തുതികള്‍ക്ക് മാത്രമേ നിലനില്‍പുള്ളൂവെന്നും സുപ്രിയ പറഞ്ഞു.
ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കണമെന്ന് ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരോട് യുപി സർക്കാർ നിര്‍ദേശിച്ചു. കുടുംബ ഫോട്ടോ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ വയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കുടുംബത്തെക്കുറിച്ച് ഓര്‍മ വരുമെന്നും അതിലൂടെ അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നുമാണ് ഉത്തർ പ്രദേശിലെ ഗതാഗത വകുപ്പ് പറയുന്നത്.
നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് എംകെ സ്റ്റാലിൻ. മോദിയുടെ പടം റിലീസാകില്ല, ട്രെയ്‍ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നും സ്റ്റാലിൻ ചോദിച്ചു?. തമിഴ്‍നാട്ടില്‍ അക്കൗണ്ട് തുറക്കാനുള്ള കഠിനശ്രമത്തിലാണ് ബിജെപി. ഈയൊരു പശ്ചാത്തലത്തിലാണ് ആത്മവിശ്വാസം ഉറപ്പിച്ച് സ്റ്റാലിന്‍റെ പരിഹാസം.
ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ കാവി നിറത്തിൽ. ഇന്നലെ മുതലാണ് ലോഗോയിൽ നിറംമാറ്റം കാണുന്നത്.
യുഎഇയിലെ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം തുടരുന്നു. സ്കൂളുകൾക്ക് രണ്ട് ദിവസം കൂടി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. 75 വർഷത്തിനിടയിലെ ശക്തമായ മഴയാണ് യുഎഇയിൽ ഇത്തവണ ഉണ്ടായത്. ഇപ്പോൾ രാജ്യത്ത് മഴ മാറി നിൽക്കുകയാണെങ്കിലും റോഡിലെ വെള്ളക്കെട്ട് നീങ്ങാത്തതിനാൽ ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.