Untitled design 20250112 193040 0000

 

 

സംസ്ഥാനത്ത് എൽഡിഎഫ് കാലത്ത് 144 പൊലീസുകാരെ പിരിച്ചു വിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമെന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 50 ൽ താഴെ ആള്‍ക്കാരെ പിരിച്ചുവിട്ടിട്ടുള്ളുവെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് സൂചിപ്പിക്കുന്നത്. ആയതിനാൽ പിരിച്ചു വിട്ടുവെന്ന മുഖ്യമന്ത്രി പറയുന്ന 144 പേരുടെയും പട്ടിക പുറത്തുവിടണമെന്ന് ചെന്നിത്തല വെല്ലുവിളിച്ചു.

 

ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരമാണ് ‘ആയുഷ് മേഖലയില്‍ നടപ്പിലാക്കിയ വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍’ എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നീതി ആയോഗ് വിളിച്ചു ചേര്‍ത്ത നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിലാണ് കേരളത്തെ നോഡല്‍ സംസ്ഥാനമായി തെരഞ്ഞെടുത്തത്.

 

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നിരോധിത ലഹരി വസ്തുക്കൾ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ. പനങ്കാവ് സ്വദേശി കെ റിജിലാണ് പിടിയിലായത്. ഈ കേസിൽ അത്താഴക്കുന്ന് സ്വദേശി മജീഫ്, പനങ്കാവ് സ്വദേശി അക്ഷയ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ മാസം ജയിലേക്ക് ബീഡി ഉൾപ്പെടെ എറിഞ്ഞ് നൽകുന്നതിനിടെ അക്ഷയ് പിടിയിലാവുകയും മജീഫും റിജിലും കടന്നുകളയുകയുമായിരുന്നു.

 

പെരിന്തൽമണ്ണ മണ്ണാർമലയിൽ നാട്ടുകാരെ ഭീതിയിലാക്കുന്ന പുലിയെ മയക്കുവെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ടു. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിൻ്റെ സബ്മിഷനുള്ള മറുപടിയായി വനം മന്ത്രി എ.കെ ശശീന്ദ്രനാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.

 

പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമർശിച്ചു.

 

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആൻറണിക്കെതിരെ വീണ്ടും എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥൻ. ശിവഗിരിയിലെ പൊലീസ് അതിക്രമത്തിന് ഉത്തരവിട്ടത് എ.കെ.ആൻറണിയാണെന്നും ചെയ്യേണ്ടത് ചെയ്തെങ്കിൽ ഖേദം പ്രകടിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്നും ഗോപിനാഥൻ പറഞ്ഞു. കെ. ഗോപിനാഥന്റെ ആത്മകഥയിൽ വിവാദത്തിന് താനില്ലെന്ന് എകെ ആന്‍റണി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വീണ്ടും വിമർശനവുമായി ഗോപിനാഥൻ രംഗത്തെത്തിയത്.

 

നടി റിനി ആൻ ജോർജ് നൽകിയ സൈബർ ആക്രമണ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്. ആലുവ സൈബർ പൊലിസാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് റിനിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയാണ് ആലുവ സൈബർ പോലീസിന് കൈമാറിയത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിരുന്നു

 

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയിൽ തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ , ആറന്മുള സി.ഐ പ്രവീൺ എന്നിവർക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തത് ആഭ്യന്തര വകുപ്പ്. എസ്പി ചൈത്ര തെരേസ ജോണിൻ്റെ അന്വേഷണത്തിന് ഒടുവിൽ നടപടിയെടുക്കാനാണ് നിർദ്ദേശം. പോലിസിൻ്റെയൂം സർക്കാരിൻ്റെയും അന്തസ്സ് കളങ്കപെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ച് എന്നാണ് കണ്ടെത്തൽ.

 

സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് സിപിഎം നേതാവും അധ്യാപികയുമായ കെ ജെ ഷൈൻ ടീച്ചർ. മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാ കമ്മീഷനും തെളിവുകൾ സഹിതം പരാതി നൽ‌കുമെന്നും സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയാറാവണമെന്നും കെ ജെ ഷൈൻ പറഞ്ഞു.

 

നിലനില്‍പ്പിന് വേണ്ടി മാത്രമല്ല, നവീകരണത്തിനും പ്രതിരോധത്തിനും വളര്‍ച്ചയ്ക്കും കേരളം എപ്പോഴും സമുദ്രങ്ങളെയാണ് ഉറ്റുനോക്കിയിട്ടുള്ളതെന്ന് കേരള – യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിനു മുന്നോടിയായുള്ള സംയുക്ത പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീല സമ്പദ്‌വ്യവസ്ഥ വഴി ഇന്ത്യ – യൂറോപ്പ് സഹകരണത്തിന് കേരളം പാലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

 

സാഹിത്യകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്‍റെ കവർ ചിത്രത്തിനെതിരായ ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമായി പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചു എന്നാണ് പരാതി. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമ പ്രകാരമുള്ള മുന്നറിയിപ്പ് നല്‍കാതെയാണ് ചിത്രം പ്രസിദ്ധീകരിച്ചത് എന്നതിനാൽ പുസ്തകം വിൽക്കുന്നത് തടയണമെന്ന് അഭിഭാഷകനായ ഹർജിക്കാരൻ രാജസിംഹൻ ആവശ്യപ്പെട്ടു.

 

എംഎല്‍എ കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ. മുസ്‌ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാൻ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ല. പക്ഷേ കെ ടി ജലീൽ വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലോ കെ ടി ജലീൽ. എന്നിട്ട് അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്ന് പി വി അൻവർ വാർത്തസമ്മേളനത്തിൽ ചോദിച്ചു.

 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്കും സെക്രട്ടറിയേറ്റിലേക്കും കെഎസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. 17 പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവർത്തകരർ പിരിഞ്ഞു പോയില്ല. സമരക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് ചാടികടക്കാൻ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തി വീശി. സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അടക്കം 12 പേരെ അറസ്റ്റ് ചെയ്തു. കെഎസ് യുക്കാരെ മുഖംമൂടി ധരിപ്പിച്ചതിനും പൊലീസ് മൂന്നാം മുറയ്ക്കും എതിരെയായിരുന്നു നിയമസഭാ മാര്‍ച്ച് .

 

കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. ഇന്ന് പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വ്യക്തമാക്കുന്നത്. നിലവിൽ വെന്‍റിലേറ്റര്‍ സഹായമില്ലാതെയാണ് തുടരുന്നത്. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നുണ്ട്.

 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്രണ്ടായി തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് ഡോ.സുനിൽകുമാർ. സൂപ്രണ്ട് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ.സുനിൽകുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകി. സൂപ്രണ്ട് ആയതോടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് അറിയിച്ചാണ് കത്ത്.

 

പാലക്കാട് മാങ്കുറുശ്ശിയിൽ വയോധികരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പങ്കജയെ കൊലപ്പെടുത്തി രാജൻ ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കി പൊലീസ്. പങ്കജയെ രാജന്‍ തലയണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രാജൻ തൂങ്ങി മരിച്ചു. കൊലപ്പെടുത്തിയത് പങ്കജയുടെ സമ്മതത്തോടെയാണെന്നും. അസുഖങ്ങളിലുള്ള മനോവിഷമമാണ് കാരണമെന്നും പൊലീസ് പറയുന്നു.

 

രാഹുല്‍ മാങ്കുട്ടത്തിനെതിരായ കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്. അന്വേഷണ സംഘത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഗര്‍ഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി ഇവര്‍ സംസാരിച്ചുവെന്ന വിവരവുമുണ്ട്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നതെങ്കിലും നേരിട്ടുള്ള പരാതി ലഭിച്ചിരുന്നില്ല. മൂന്നാം കക്ഷിയുടെ മൊഴിയുടെ സഹായത്തോടെയാണ് അന്വേഷണം തുടരുന്നത്.

 

കോഴിക്കോട് ലഹരിമരുന്ന് ഉപയോഗത്തിനിടെ മരിച്ച യുവാവിന്റെ മൃതദേഹം സുഹൃത്തുക്കള്‍ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.അന്ന് നടന്ന സംഭവങ്ങള്‍ വിശദമായി രഞ്ജിത്തില്‍ നിന്നും പൊലീസ് ചോദിച്ചറിഞ്ഞു. അസ്ഥികള്‍ ഒഴുക്കിയെന്ന് പ്രതികള്‍ പറയുന്ന വരയ്ക്കല്‍ ബീച്ചിലും തെളിവെടുപ്പ് നടന്നു. മറ്റ് രണ്ട് പ്രതികളെയും രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.

 

അഞ്ചാമത് ലോക തേക്ക് കോണ്‍ഫറന്‍സിന്റെ ഭാഗമായി കേരളത്തിലെത്തിയ അന്താരാഷ്ട്ര പ്രതിനിധി സംഘം നിലമ്പൂര്‍ സന്ദര്‍ശിക്കുന്നു. 40 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് തേക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ എത്തിയിട്ടുള്ളത്. മൂന്നു ദിവസങ്ങളിലായി നടന്ന വിശദമായ സെഷനുകള്‍ക്കു ശേഷം സംഘടിപ്പിക്കുന്ന ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായാണ് പ്രതിനിധി സംഘം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് പ്ലാന്റേഷനായ കനോലിസ് പ്ലോട്ട് സന്ദര്‍ശിക്കുന്നതിനായി നിലമ്പൂരിലേക്ക് തിരിക്കുന്നത്.

 

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് സഹോദരൻ അരവിന്ദൻ. പേരൂർക്കട എസ്എച്ച്ഒയ്ക്കും എസ്എപി കമാൻഡന്റിനും കുടുംബം പരാതി നൽകി. ഇന്ന് രാവിലെയാണ് ആനന്ദിനെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദ് രണ്ട് ദിവസം മുമ്പ് രണ്ട് കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സഹപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകുകയും കൗൺസിലിം​ഗ് നൽകുകയും ചെയ്തിരുന്നു.

 

കണ്ണൂർ മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ കീഴ്പ്പള്ളി സ്വദേശി മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മനീഷിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മണ്ണെടുക്കുന്നതിനിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണതിനെ തുടർന്നാണ് അപകടം.

 

ധർമ്മസ്ഥലയില്‍ നിന്ന് വീണ്ടും തലയോട്ടി കിട്ടിയതായി റിപ്പോര്‍ട്ട്. ബങ്കലെഗുഡേ വനത്തിൽ നിന്ന് ഇന്ന് ലഭിച്ചത് രണ്ട് തലയോട്ടികളാണ്. തലയോട്ടിക്കൊപ്പം അസ്ഥികൂടവും ലഭിച്ചിട്ടുണ്ട്. സമീപത്തുനിന്ന് 7 വർഷങ്ങൾക്കു മുമ്പ് കാണാതായ ഒരാളുടെ തിരിച്ചറിയൽ കാർഡും തിരച്ചിലില്‍ കിട്ടി. ഇതോടെ രണ്ടുദിവസത്തെ തെരച്ചിലിൽ കിട്ടിയ തലയോട്ടികളുടെ എണ്ണം 7 ആയി. നിലവില്‍ ഇന്നത്തെ തെരച്ചിൽ എസ്ഐടി അവസാനിപ്പിച്ചിരിക്കുകയാണ്.

 

അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വൻ തട്ടിപ്പ് നടത്തിയെന്ന അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് തള്ളി, അദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ഓഹരി വിപണിയിലെ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിക്കും.

 

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് ദില്ലി രോഹിണി കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് നാല് മാധ്യമപ്രവർത്തകരെ വാർത്ത നൽകുന്നതിൽ നിന്നും വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കിയത്. രവി നായർ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്.

 

ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫിൽ 25 ശതമാനം അമേരിക്ക പിൻവലിച്ചേക്കുമെന്ന സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരൻ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പിഴ താരിഫായി ചുമത്തിയ 25 ശതമാനം നവംബറോടെ പിൻവലിച്ചേക്കുമെന്നാണ് വിവരം. വ്യാപാര കരാറിന്മേലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് നിർണായക സൂചനകൾ പുറത്ത് വരുന്നത്.

 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. ആരോപണങ്ങളിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് രംഗത്ത് വന്നത്. തുടർച്ചയായ പരാജയം മൂലം കോൺഗ്രസിൻ്റെ നിരാശ നിരന്തരം വർധിക്കുകയാണെന്നും അതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.

 

കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ നീക്കി എന്ന ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിൻ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. തെളിവായി കർണാടകയിലെ അലന്ദ് മണ്ഡലത്തിൽനിന്ന് സാക്ഷികളെ ഹാജരാക്കി ആയിരുന്നു രാഹുലിന്റെ വാർത്താ സമ്മേളനം.

 

അഹമ്മദാബാദിലെ വിമാനാപകടത്തിൽ ബോയിംഗിനും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരേ അമേരിക്കയിൽ കേസ് ഫയൽ ചെയ്ത് മരിച്ചവരുടെ കുടുംബം. അമേരിക്കയിലെ ഡെലവെയറിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്. ഇതാദ്യമാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ യുഎസിൽ കേസ് ഫയൽ ചെയ്യുന്നത്.

 

ലോകത്തിലെ ആദ്യത്തെ ഹൈ പവർ ലേസർ ഇന്റർസെപ്റ്റർ സിസ്റ്റം വിന്യസിച്ച് ഇസ്രയേൽ. അയൺ ബീമിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്രയേൽ വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ സംവിധാനം ഏറ്റവും ഫലപ്രദവും യുദ്ധത്തിൽ വിജയകരമായി പരീക്ഷിച്ചതാണെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.

 

തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും തമിഴ്നാടിനെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.ദ്രാവിഡ മുന്നേറ്റ കഴക(ഡിഎംകെ)ത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാര്‍ഷികവും പ്രമാണിച്ച് കരൂരില്‍ നടന്ന ‘മുപ്പെരും വിഴ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *