ഇന്ത്യ ആസിയൻ കരാർ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനും ഇന്ത്യ- സിംഗപ്പൂർ ചർച്ചയിൽ ധാരണയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്ഥിരതയുള്ള രാജ്യമാണെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം കൂട്ടുമെന്നും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങും പ്രതികരിച്ചു. സിംഗപ്പൂരിനും ഇന്ത്യയ്ക്കും ഇടയിലുള്ള പ്രത്യേക വ്യാപാര കരാറിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനായുള്ള മാറ്റം വരുത്തും. ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ നാലിലൊന്നും വരുന്നത് സിംഗപ്പൂരിൽ നിന്നാണെന്ന് നരേന്ദ്രമോദിയുമായുള്ള ചർച്ചയ്ക്ക് ശേഷം ലോറൻസ് വോങ് ചൂണ്ടിക്കാട്ടി.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ കത്തിൽ ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സംഭവത്തെ തുടര്‍ന്ന് സജീവന്‍റെ വീടിന് പൊലീസ് കാവല്‍ ഒരുക്കിയിട്ടുണ്ട്.
കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കേരളാ പോലീസിന് അപമനകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത്യധികം വേദനയോടെയാണ് ദൃശ്യങ്ങള്‍ കണ്ടത്. മനഃസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവാത്ത ഈ നടപടി കേരളാ പോലീസിന് അപമാനകരമാണ് എന്നും അദ്ദേഹം കൂടി ചേർത്തു.ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണമെന്നും ചെന്നിത്തല പറഞ്ഞു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശൂർ മണ്ഡലത്തിലെ വോട്ടർപട്ടിക തയ്യാറാക്കിയതിൽ ചട്ടവിരുദ്ധമായ നടപടികൾ നടന്നുവെന്ന് പുതിയ ആരോപണവുമായി സിപിഐ രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നതെന്നും അതിനാൽ പട്ടിക റദ്ദാക്കണമെന്നും സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു.
പുരോഗതിയിലേക്കുള്ള പാതയിൽ രാജ്യത്തിൻ്റെ സുപ്രധാന ചുവടുവെപ്പാണ് ജിഎസ്ടി പരിഷ്കാരങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിപണിയെ കൂടുതൽ ഏകീകൃതവും മത്സരാധിഷ്ഠിതവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ തുടക്കമിടുന്നത്. പുതിയ നികുതി ഘടന സുതാര്യവും സാധാരണക്കാർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉപകാരപ്രദവുമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനമായി 4 അധിക കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് കോച്ചുകളുടെ എണ്ണം കൂടുക. ദൂരയാത്രകൾക്ക് വലിയ രീതിയില്‍ മലയാളികൾ വന്ദേ ഭാരത് ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്. പ്രാഥമിക പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് പൊലീസ് കണ്ടെത്തിയത്. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മറ്റു സ്ഫോടക വസ്തുക്കൾ കണ്ടെത്തിനായില്ലെന്നും പരിക്കേറ്റ ഷരീഫ് പന്നിപ്പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പുതുനഗരത്തെ വീട്ടിൽ ഗ്യാസ് സിലണ്ടറോ, വീട്ടുപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് നേരത്തെ തന്നെ പൊലീസ് വിശദീകരിച്ചിരുന്നു.
പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ 3 പ്രതികളും റിമാൻ്റിൽ. ബിജെപി പ്രവർത്തകൻ സുരേഷ്, പൂളക്കാട് സ്വദേശി ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവരാണ് റിമാൻ്റിലായത്. സുരേഷിന് സ്കൂളിലെ സ്ഫോടനത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സുരേഷ്, നൗഷാദ് എന്നീ പ്രതികൾ വ്യാസവിദ്യാ പീഠം സ്കൂളിലെ സ്ഫോടനം നടക്കുന്നതിൻ്റെ തലേ ദിവസം അവിടെ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്കരണം കൊണ്ടുവന്നതെന്നും ഇതോടെ നികുതിയിൽ വൻ ഇളവുകൾ വന്നു, കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് മേൽ നിരവധി നികുതികൾ ചുമത്തി എന്നാല്‍ എൻഡിഎ സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി കുറച്ചു. രാജ്യത്ത് ഉപഭോഗവും വളർച്ചയും കൂടും, വികസിത ഭാരതത്തിനായി കോര്‍പ്പറേറ്റീവ് ഫെഡറലിസം കൂടുതൽ ശക്തി പ്രാപിക്കും. ജിഎസ്ടി മാത്രമല്ല എൻഡിഎ സർക്കാർ ആദായനികുതിയും കുറച്ചു എന്നും മോദി പറഞ്ഞു.
ബെംഗളൂരുവിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വ്യാഴാഴ്ച റദ്ദാക്കി. പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ പക്ഷിയിടിച്ചതാണ് കാരണം. വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെ ഒരു കഴുകൻ വിമാനത്തിന്‍റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് വിമാനം റദ്ദാക്കുകയും 90 യാത്രക്കാർക്കായി മറ്റ് യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
പശ്ചിമബംഗാൾ നിയമസഭയിൽ കയ്യാങ്കളി. നാടകീയമായ സംഭവങ്ങൾക്കിടയിൽ 5 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ബംഗാളി കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള സർക്കാർ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മമതയുടെ പ്രസംഗത്തിനിടെ ബഹളംവച്ച ബിജെപി എംഎൽഎമാരെ ഉദ്യോഗസ്ഥർ പിടിച്ചു പുറത്താക്കുകയായിരുന്നു. ബഹളത്തിനിടെ ബിജെപി ചീഫ് വിപ്പ് ശങ്കർ ഘോഷ് തളർന്നു വീണു. പിന്നീട് ശങ്കർ ഘോഷിനെ അടക്കം 5 എംഎൽഎമാരെ സ്പീക്കർ സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വെള്ളപ്പൊക്കം ബാധിച്ച പഞ്ചാബിൽ 37 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്ദർശനം നടത്തി. പ്രളയം ദുരന്തം വിതച്ച സംസ്ഥാനത്തിന് കേന്ദ്രം എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി. ജമ്മു കശ്മീരിലെ ത്സലം നദിയിൽ ബണ്ടിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് മൂന്നു ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറും സഞ്ചരിച്ച രണ്ട് വിഐപി വിമാനങ്ങൾ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി അടുത്തിടെ ടിയാൻജിനിൽ എത്തിയിരുന്നു. ഇതിൽ മുനീർ യാത്ര തിരിച്ചത് നൂർ ഖാൻ വ്യോമത്താവളത്തിൽ നിന്നാണ്. ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പ്രദേശം ഈ വിമാനത്താവളത്തിന് തൊട്ടടുത്താണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്രവും മണിപ്പുര്‍ സര്‍ക്കാരും കുക്കി-സോ ഗ്രൂപ്പുകളുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്. ദേശീയപാത-2 വീണ്ടും തുറക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നീക്കമാണിത്.
പാക് വംശജയായ പെണ്‍കുട്ടിയുടെ ബലാത്സംഗ പരാതിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഹൈദര്‍ അലി കുറ്റവിമുക്തന്‍. കേസ് തുടരാന്‍ മതിയായ തെളിവില്ലെന്ന് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസ് (ജിഎംപി) സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് താരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കാഫ നേഷന്‍സ് കപ്പ് 2025ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഗോള്‍രഹിത സമനില. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അഫ്ഗാനിസ്ഥാനായിരുന്നു മുന്‍തൂക്കം. ഗോള്‍ അവസരങ്ങള്‍ കൂടുതല്‍ ഉണ്ടാക്കിയതും അഫ്ഗാനിസ്ഥാനാണ്.
ആധുനിക ഫാഷനിൽ വിപ്ലവം സൃഷ്ടിച്ച, വിഖ്യാത ഫാഷന്‍ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഹോളിവുഡിന്‍റെ ഏറെ പ്രിയപ്പെട്ട ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറാണ് ജോര്‍ജിയോ അര്‍മാനി.
ജിഎസ്ടി പരിഷ്‌കാരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി 2.0 രാജ്യത്തിന്റെ പിന്തുണയ്ക്കും വളര്‍ച്ചയ്ക്കുമുള്ള ഒരു ഡബിള്‍ ഡോസാണെന്ന് പറഞ്ഞ മോദി, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനാണ് ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതെന്നും കൂട്ടിച്ചേര്‍ത്തു.
തമിഴക വെട്രിക്കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയുടെ തമിഴ്‌നാട് പര്യടനം സെപ്റ്റംബര്‍ മൂന്നാംവാരം മുതല്‍ ആരംഭിക്കും. ‘മീറ്റ് ദി പീപ്പിള്‍’ എന്ന പേരിലാണ് വിജയ് സംസ്ഥാനപര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ മൂന്നാംവാരം തിരുച്ചിറപ്പള്ളിയിലായിരിക്കും പരിപാടിയുടെ ഉദ്ഘാടനമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.