രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസ് രൂപീകരിച്ച് 100 വർഷം തികയുമ്പോൾ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുകയാണ്. കോൺഗ്രസ് അത് നടപ്പിലാക്കാൻ സഹായിക്കുന്നു. ഭരണഘടനക്ക് ഒരു വിലയും കൽപ്പിക്കാത്ത സർക്കാരായി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സര്‍ക്കാര്‍ മാറി എന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങള്‍ സംഭവിക്കുo, ബിജെപി സീറ്റുനേടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യ ഏറെ ദൂരം മുന്നേറി കഴിഞ്ഞു, ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി എന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണ്. കോൺഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് നോക്കുന്നതെന്നും നരേന്ദ്ര മോദി ആരോപിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലെ വൈകിട്ട് ആറ് മണി മുതൽ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ് ഉപയോഗിച്ചത്. സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കിൽ എടുത്തു ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് കെഎസ്ഇബി യുടെ നിർദേശം.
കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജിമഞ്ഞക്കടമ്പിൽ അനുകൂലമായി പ്രതികരിക്കുന്നില്ല. മുതിർന്ന കേരള കോൺഗ്രസ് നേതാവിന് യുഡിഎഫ് ചെയർമാന്‍റെ താൽക്കാലിക ചുമതല നൽകി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ യുഡിഎഫ് നേതൃത്വത്തിൽ ധാരണയായി.സജിയുടെ പോക്ക് മുന്നണി പ്രവർത്തകരിൽ ഉണ്ടാക്കിയ ആശയക്കുഴപ്പം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.
ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. 47 കോടിയുടെ തട്ടിപ്പ് കേസിൽ അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
സംസ്ഥാനത്ത്കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 11 വരെ 12 ജില്ലകളിൽ യെല്ലോ അലർട്ട് . പാലാക്കാടാണ് അതിരൂക്ഷമായ ചൂട് അനുഭവപ്പെടുക. ജില്ലയിൽ 40 ഡിഗ്രി കടന്ന താപനില വരും ദിവസങ്ങളിൽ 41 ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ വിഷു ആഘോഷത്തിന് മുന്നോടിയായി 3,200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇനിയും നാലുമാസത്തെ പെൻഷൻ കുടിശികയാണ് വിതരണം ചെയ്യാനുള്ളത്.
പാനൂരിൽ ബോംബ് സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഎം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾക്ക് ആയുധം നൽകാൻ പാടില്ലായിരുന്നുവെന്നും നേതൃത്വം വിശദീകരിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്റെ വീട്ടിലെത്തിയത്. ഷെറിലിന്‍റെ സംസ്കാര ചടങ്ങിൽ കെ പി മോഹനൻ എംഎൽഎയും പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ മാസം 15ന് തൃശ്ശൂർ കുന്നംകുളത്ത് എത്തും. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടി. കുന്നംകുളത്തെ പൊതുസമ്മേളനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അനുമതി ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.
പാനൂർ സ്ഫോടന കേസിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് അമൽ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് വ്യക്തമാക്കി.
പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിൽ ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടന്നു. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.
പാനൂരിൽ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാന്‍ സിപിഎം തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞുവെന്നും, പരാജയ ഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മ്മണ പരിശീലനം നല്‍കുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത, ബോംബ് നിര്‍മ്മിച്ചയാള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാനൂര്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അമൽ എന്നയാളാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ച് നയിക്കുന്നതെന്നും , മാര്‍ച്ചിന്റെ വീഡിയോ സഹിതം പങ്കുവച്ചും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. സിപിഎമ്മിന് പങ്കില്ലെന്ന പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെയാണ് പ്രകാശ്ബാബുവിന്റെ കുറിപ്പ്.
സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എല്ലാ കുട്ടികൾക്കും തുല്യമായ നീതി ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതിയെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത വേനലാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും, അത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല ക്ഷേത്ര നട ഏപ്രിൽ 10 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.
തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുരളീധരന്‍ ജയിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. ഒരു സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് വേട്ടയാടപ്പെട്ട സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിത കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിക്കെതിരെ നിയമപരമായി നീങ്ങുമെന്നും കൂടുതല്‍ നടപടികള്‍ വരുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനിത പറഞ്ഞു.
ഞങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളികൾ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. ആത്മാഭിമാനത്തോടെ പണിയെടുത്ത് കുടുംബം പോറ്റുകയും അതിൽ അഭിമാനിക്കുകയും അന്തസോടെ ജീവിക്കുകയും ചെയ്യുന്നവരാണ് അവരെന്നും മേയർ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു മേയർ .
ലോക്സഭാ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടാണെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്തെങ്കിലും തെളിവുള്ളവർക്ക് കോടതിയിൽ പോകാമെന്നും. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് കാണിച്ച് യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനം രാജി വെച്ച സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നും ജോസ് കെ മാണി. ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്നും അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ലെന്നും യുഡിഎഫിന്റെ പതനം ആണ് ഇത് സൂചിപ്പിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കോട്ടയം ജില്ല യു.ഡി.എഫിന്‍റെ താത്കാലിക ചെയര്‍മാൻ ഇ.ജെ. ആഗസ്തി. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ആഗസ്തിയുടെ പേര് നിർദ്ദേശിച്ചു. സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചതിനേത്തുടർന്നാണ് പുതിയ യു.ഡി.എഫ് ചെയർമാനെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്.
സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇ.ഡിയും ആദായനികുതി വകുപ്പും ഗുണ്ടായിസമാണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വല്ലപ്പുഴയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീനയാണ് മരിച്ചത്. മക്കളായ നിഖ, നിവേദ എന്നിവർ പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
കാഞ്ഞിരക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റ് ചിക്മഗളൂരു സ്വദേശി സുരേഷ് കീഴടങ്ങി. മാവോയിസ്റ്റ് ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് വ്യക്തമാക്കി. 23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും കാട്ടിൽ വെച്ച് ആന കുത്തിയതോടെയാണ് തനിക്ക് പരിക്കേറ്റതെന്നും കീഴടങ്ങാൻ നേരത്തെ ആലോചിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് കുന്നംകുളത്തെത്തും. നേരത്തെ കരുവന്നൂരിന് അടുത്തുള്ള ഇരിങ്ങാലക്കുടയിലേക്ക് നരേന്ദ്ര മോദിയെ എത്തുമെന്നായിരുന്നു സൂചന. എന്നാൽ ആലത്തൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായ കുന്നംകുളത്ത് 15ന് രാവിലെ 11മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്‍റെ ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രകടനപത്രികയില്‍ പൊതു ജനാഭിപ്രായം തേടാൻ രാഹുലിന്‍റെ നീക്കം. കോണ്‍ഗ്രസ് വാഗ്ദാനങ്ങളോടുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെയോ ഇമെയില്‍ വഴിയോ കോണ്‍ഗ്രസിനെ അറിയിക്കണമെന്നും, വലിയൊരു വിഭാഗം പത്രികയെ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ഒരോ ഇന്ത്യക്കാരന്‍റെയും ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് പത്രികക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും വിമര്‍ശനമുന്നയിച്ചു. വിഭജനത്തിനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രകടന പത്രിക ചേരുക പാക് തെരഞ്ഞെടുപ്പിനായിരിക്കുമെന്നും ശര്‍മ്മ പറഞ്ഞു. എന്നാൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ചാട്ടക്കാരന് മതേതരത്വമെന്തെന്നറിയില്ലെന്ന് ശര്‍മ്മക്ക് കോൺഗ്രസ് മറുപടി നല്‍കി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണിയുമായി ഉപമിച്ച് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണിയാണെങ്കില്‍ ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷര്‍ രാഹുല്‍ ഗാന്ധി ആണെന്നാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം. അഴിമതിയുമായി കോൺഗ്രസിന് അഭേദ്യമായ ബന്ധമുണ്ടെന്നും, മിക്ക കോൺഗ്രസ് സർക്കാരുകളും അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും അത്തരം ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രണ്ട് കോടി തൊഴില്‍ വാഗ്ദാനമെന്ന മോദിയുടെ ഗ്യാരൻറി തട്ടിപ്പ് മാത്രമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും, രാജ്യത്തെ 12 ഐഐടികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് സ്ഥിരം ജോലി കിട്ടിയതെന്നും 21 ഐഐഎമ്മുകളിലെ 20 ശതമാനംപേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയതെന്നും, തൊഴിലില്ലായ്മ 2014 നെക്കാള്‍ മൂന്നിരട്ടി കൂടിയിരിക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു.
ആരോഗ്യകാരണങ്ങളാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പിന്മാറുന്നതായി ബിജെപി നേതാവും നടിയുമായ ഖുശ്ബു ബിജെപി അധ്യക്ഷൻ ജെ. പി. നദ്ദക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് പിന്മാറ്റമെന്നും മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് കാണാമെന്നും ഖുശ്ബു കത്തിൽ പറയുന്നു.
ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ദില്ലി മന്ത്രി അതിഷി മർലേന കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതിൽ ആശങ്കയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.
നേതാക്കളെ വേട്ടയാടാൻ ബിജെപി ഗൂഢാലോചന നടത്തിയെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുവെന്നും തൃണമൂല്‍ കോൺഗ്രസ് ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ ബിജെപി നടത്തിയ ഇടപെടലുമായി ബന്ധപ്പെട്ടാണ് ടിഎംസിയുടെ ആരോപണം. കഴിഞ്ഞ മാർച്ചിൽ ബിജെപി നേതാവ് ജിതേന്ദ്ര ചൗധരി എൻഐഎ എസ്പി ധൻ റാം സിങ്ങുമായി വസതിയിൽ കൂടിക്കാഴ്ച നടത്തിയെന്നും, ഇതിന് പിന്നാലെയാണ് ഭൂപതിനഗറിൽ ടിഎംസി നേതാക്കളുടെ അറസ്റ്റുണ്ടായതെന്നും, ഇത് ഗൂഢാലോചനയുടെ ഭാഗമായുണ്ടായ നടപടിയാണെന്നുമാണ് ടിഎംസി നേതാവ് ആരോപിക്കുന്നത്.
വാർത്ത സമ്മേളനത്തിനിടെ ജീവനുള്ള ഞണ്ടിനെ ഉപയോഗിച്ചതിന് മഹാരാഷ്ട്ര എംഎൽഎ രോഹിത് പവാറിനെതിരെ നടപടിയെടുക്കണമെന്ന് മൃഗ സംരക്ഷണ സംഘടനയായ പെറ്റ. ഞണ്ടിനെ എത്രയും പെട്ടെന്ന് കണ്ടുകെട്ടണമെന്നും ആവശ്യമെങ്കിൽ ചികിത്സ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നിന് മഹാരാഷ്ട്ര സർക്കാരിനെതിരെ ആറായിരം കോടി രൂപയുടെ ആംബുലൻസ് അഴിമതി ആരോപണം ഉന്നയിക്കുന്നതിനാണ് എംഎൽഎ ജീവനുള്ള ഞണ്ടിനെ നൂലിൽ കെട്ടി ഉപയോഗിച്ചത്. എംഎൽഎയുടെ നടപടി മൃഗങ്ങൾക്കെതിരായ അതിക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നാണ് വ്യാപകമാവുന്ന ആരോപണം.
പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തില്‍നിന്ന് ജനവിധി തേടും . മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് എതിരാളി.
പൊരുതി വീണ് ഡൽഹി ക്യാപിറ്റൽസ്. 235 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 205ൽ അവസാനിച്ചു.29 റൺസിനാണ് മുംബൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.