തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അപകട കാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ വിചിത്ര വാദവുമായി മന്ത്രി ജെ ചിഞ്ചുറാണി. അപകടമുണ്ടായത് അധ്യാപകരുടെ കുഴപ്പം കൊണ്ടല്ലെന്നും സഹപാഠികൾ വിലക്കിയിട്ടും മരിച്ച കുഞ്ഞ് ഷെഡിന് മുകളിൽ കയറിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അവർ എറണാകുളത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.

തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച മിഥുന്റെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‍യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെഎസ്‍യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.

സ്കൂളുകളിൽ സമഗ്ര ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി അഞ്ച് വർഷം മുമ്പ് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രമേശ് ചെന്നിത്തല. തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലയുടെ പോസ്റ്റ്. സ്കൂൾ മാനേജര്‍ക്കും അധികൃതര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്‌കൂളിലുകള്‍ സമഗ്ര ഓഡിറ്റ് നടത്തണമെന്നാവശ്യപ്പെട്ട് അഞ്ചു വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കു നല്‍കിയ കത്ത് അവഗണിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഭവം അതീവ ദുഃഖകരമെന്നും സ്കൂൾ ഒരു ജനകീയ സമിതിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് പ്രതിപക്ഷം. സംഭവത്തിൽ വീഴ്ച ഉണ്ടായെങ്കിൽ ആവശ്യമായ തിരുത്തൽ വരുത്തി മുന്നോട്ടു പോകണം. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാൽ ഉടൻ കലാപവുമായി ഇറങ്ങുകയല്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു .

കൊല്ലത്തെ സ്കൂളിൽ ഷോക്കടിച്ച് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൗട്സ്‌ ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക.പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ്‌ ആൻഡ് ഗൈഡ്സ്‌ സംസ്ഥാന പ്രസിഡണ്ട്. മരണത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും വലിയ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും (കൊല്ലം റൂറൽ) അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുഞ്ഞിന്‍റെ ജീവനെടുത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണെന്ന് വിഡി സതീശന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് ലഭിച്ചത്? സി.പി.എം നേതൃത്വത്തിലുള്ള സ്‌കൂള്‍ ആയതു കൊണ്ടാണോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? എന്നീ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

സംസ്ഥാനത്ത് വീടില്ലാത്തവർക്ക് വീട് നിർമിച്ച് കൊടുക്കുന്നതിന്‍റെ ഭാഗമായി സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ഒരു ലോക്കലിൽ ഒരു വീടെങ്കിലും എന്ന തരത്തിൽ പ്രവർത്തനം മുന്നോട്ട് പോവുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍.അതേസമയം, യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയുടെ വധശിക്ഷ മാറ്റിവെച്ചത് ആശ്വാസകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.സിപിഎം ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ​ഗോവിന്ദൻ.

കാസർകോട്ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്നാണ് അറിയിച്ചിരിക്കുന്നത്.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും തുടരുന്നതിനിടെ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ ഡിജിപിക്ക് പരാതി. ആർ.ജെ.ഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂർ ഡിജിപിക്ക് പരാതി നൽകിയത്. കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്തും തലാലിൻ്റെ ബന്ധുക്കളെ ഇൻ്റർവ്യൂ ചെയ്തും നിമിഷ പ്രിയയുടെ മോചനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. മുബാറക്ക് റാവുത്തർ എന്ന വ്യക്തി തലാലിന്റെ ഗ്രാമവാസികളെ ഇളക്കി വിടാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വളരെ സങ്കീര്‍ണമായ പ്രശ്നമാണെന്നും വിഷയത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കേസില്‍ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

കേരള പോലീസിന്റെ ഫേസ്ബുക് പേജ് ഇരുപതു ലക്ഷം ഫോളോവേഴ്സ് എന്ന നാഴികക്കല്ലും പിന്നിട്ടു. ജൂലൈ 15 നാണ് കേരള പോലീസ് എഫ് ബി പേജ് ചരിത്ര നേട്ടം പൂർത്തിയാക്കിയത്. ഇതോടുകൂടി ദേശീയതലത്തിൽ മാത്രമല്ല അന്താരാഷ്ട്രതലത്തിൽ തന്നെ ഏറ്റുവം കൂടുതൽ ഫോളോവേഴ്സ് ഉള്ള പോലീസ് സേനയുടെ ഫേസ്ബുക് പേജ് ആയിരിക്കുകയാണ് കേരള പൊലിസിന്റെ എഫ്ബി പേജ്.

കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ചവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ടാണ്. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചനെ മർദ്ദിക്കുന്നതിന് നേതൃത്വം കൊടുത്ത പ്രാദേശിക നേതാക്കളെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. മുള്ളൻ കൊല്ലി മണ്ഡലം കമ്മിറ്റി മരവിപ്പിച്ചു. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയതിൻ്റെ പേരിലാണ് പാർട്ടി പ്രാദേശിക നേതാക്കളായ നാല് പേരെ സസ്പെൻ്റ് ചെയ്തത്.

നാലുകോടിയുടെ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒമ്പതര ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. എണ്ണ ദിനേശന്‍ എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി ദിനേശന്‍ (54) ആണ് അറസ്റ്റിലായത്. കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിന്‍ പാടത്ത് സ്വദേശി ഷഹാനയ്ക്കും ബന്ധുകള്‍ക്കും നാലു കോടി രൂപയുടെ ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

കോ‌‌ട്ടയം എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസുകൾ തമ്മിൽ കൂട്ടിയി‌ടിച്ച് അപക‌ടം. കണമല അട്ടിവളവിലാണ് സംഭവം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. മൂന്നരയോ‌‌ടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരുല്‍ മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിർത്തിവെച്ചു. 17, 18, 19, 20 തീയ്യതികളിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജില്ലയിലെ ബീച്ചുകളിൽ അടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണൻ അന്തരിച്ചു. 79 വയസായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്.

ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍മോചിതയായി. പരോളിലിറങ്ങിയിരുന്ന ഷെറിന്‍ വ്യാഴാഴ്ച വൈകീട്ട് കണ്ണൂര്‍ വനിതാ ജയിലിലെത്തി ജയില്‍മോചനത്തിനുള്ള നടപടികള്‍ തീര്‍ത്തു. ഷെറിന്‍ അടക്കം 11 പേർക്ക് സംസ്ഥാനത്ത്‌ ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന്‌ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്‌ ജയിൽമോചനം.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ നിപ ജാ​ഗ്രതയെ തുടർന്ന് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ്. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സംവിധാനവും ഏര്‍പ്പെടുത്തി. വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാർക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളതായും ജില്ല കളക്ടർ അറിയിച്ചു.

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ സജ്ജമായി ഷേർ. തദ്ദേശീയമായ വികസിപ്പിച്ചെടുത്ത എ കെ 203 അസോൾട്ട് റൈഫിൾ 2025 ഡിസംബർ മുതലാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാവുക. സിംഹം എന്നതിന്റെ ഹിന്ദിയിലെ പേരായ ഷേ‍ർ എന്നാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എ കെ 203 അസോൾട്ട് റൈഫിളിന് നൽകിയിട്ടുള്ളത്. കരുത്തിന്റെയും അധികാരത്തിന്റെയും അഭിമാനത്തിന്റെയും സൂചകമായാണ് ഈ പേര് നൽകിയിട്ടുള്ളത്

തെലങ്കാനയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ദമ്പതികൾ പൊലീസില്‍ കീഴടങ്ങി. നാല്‍പ്പത് വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച 62 കാരനായ സഞ്ജീവ് എന്ന മാവോയിസ്റ്റ് നേതാവും ഭാര്യ പാര്‍വതിയുമാണ് നിലവില്‍ കീഴടങ്ങിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിന്‍റെ പുനരധിവാസ പദ്ധതിയാണ് ഇവര്‍ കീഴടങ്ങിയതിന് പിന്നിലെ കാരണം എന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ കൂത് നഗരത്തില്‍ പുതുതായി തുറന്ന മാളിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരെ കാണാതായെന്നാണ് വിവരം. വാസിത് ഗവര്‍ണറേറ്റിലെ മാളിലുണ്ടായ അപകടത്തില്‍ 45 പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തിയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ച 61 പേരില്‍ ഒരാളുടെ മൃതശരീരം തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

താരിഫ് വേട്ട അവസാനിപ്പക്കാതെ അമേരിക്ക. ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്താൻ ഡൊണാൾഡ് ട്രംപ്. എല്ലാവർക്കും താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്, കുറഞ്ഞത് 100 രാജ്യങ്ങൾക്ക് 10% ൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു

രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയിൽ ഒട്ടും തൃപ്തരല്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ധർമ്മസ്ഥലയിൽ ഒട്ടേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയ ആളെ കാണാനില്ലാതായി. വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. സംഭവത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ പോലീസ് കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവം.

അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒരു ദളിതനെ നാമനിര്‍ദേശം ചെയ്യാന്‍ ബിജെപിയെ വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രായപരിധി സംബന്ധിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സമീപകാല പ്രസ്താവന മോദിയുടെ വിരമിക്കല്‍ സൂചനയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധരാമയ്യയുടെ.വെല്ലുവിളി.

റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയിൽ മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. രാജ്യത്തിനാവശ്യമുള്ള ക്രൂഡ് ഓയിൽ എവിടെനിന്നും വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കുണ്ടെന്ന് പുരി പറഞ്ഞു. ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള സാധ്യതകൾ ഇന്ത്യ വർധിപ്പിച്ചിട്ടുണ്ടെന്നും ട്രംപിന്റെ പുതിയ ഭീഷണിയിൽ സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *