അഹമ്മദാബാദില്‍ ജൂണ്‍ 12-ാം തീയതി അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം പൈലറ്റ് മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തിയതാകാമെന്ന അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ രംഗത്ത്. ഇന്ത്യയിലെ പ്രമുഖ വ്യോമയാന വിദഗ്ധരില്‍ ഒരാളാണ് ഇദ്ദേഹം. എയര്‍ ഇന്ത്യ വിമാനാപകടം മനപ്പൂര്‍വമായ മനുഷ്യ പ്രവര്‍ത്തനത്തിന്റെ ഫലമായിരിക്കാമെന്ന് എന്‍ഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളി പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരിൽ കുറ്റം ചാര്‍ത്താനുള്ള നീക്കമാണിതെന്നും അന്വേഷണത്തിൽ യാതൊരു സുതാര്യതയുമില്ലെന്നും എയര്‍ലൈൻ പൈലൈറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഎൽപിഎ-ഐ) ആരോപിച്ചു.ഒരുത്തരവാദിത്തമില്ലാതെ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും ഒരു ഒപ്പ് പോലും റിപ്പോർട്ടിലില്ലെന്നും എഎൽപിഎ പ്രസിഡന്‍റ് സാം തോമസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിഗമനങ്ങളിലെത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് പൊതുജനങ്ങളോടും മാധ്യമങ്ങളോടുമുള്ള മന്ത്രിയുടെ നിര്‍ദേശം.
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
കേരളാ യൂണിവേഴ്സിറ്റിയിൽ ഫയൽ യുദ്ധം. രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലിൽ വിസി തുടർ നടപടി വിലക്കി. അനിൽ കുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്നും ഈ ഫയലുകൾക്ക് നിയമസാധുതയില്ലെന്നുമാണ് വി സിയുടെ വിശദീകരണം.
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിയി കേന്ദ്രം സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്തു. തിങ്കളാഴ്ച ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹാജരാകും. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ സജീവ ശ്രമം തുടരുകയാണ്.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ “മിഷൻ കേരള” ലക്ഷ്യം വെച്ച് പ്രവർത്തിക്കാൻ നിർദ്ദേശം.2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. കാണുന്നതെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.
ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത് ഷാ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
ഭാരവാഹിപ്പട്ടികയെ ചൊല്ലി സംസ്ഥാന ബിജെപിയിലെ അമർഷം പുറത്തേക്ക്. പദവിയില്ലാത്തതിന്റെ എതിർപ്പ് സൂചിപ്പിച്ച് വക്താക്കളായിരുന്ന യുവരാജ് ഗോകുലും ഉല്ലാസ് ബാബുവും ഫേസ്ബുക്ക് പോസ്റ്റിട്ടു. രാജീവ് ചന്ദ്രശേഖർ കൃഷ്ണദാസ് പക്ഷത്തിന്റെ നേതാവായി മാറിയെന്നാണ് മുരളീധര പക്ഷത്തിൻറെ വിമർശനം.
മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിന് പി കെ ശശിക്ക് മറുപടിയുമായി ഡി വൈ എഫ് ഐ രംഗത്ത്. ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ലെന്നാണ് ഡി വൈ എഫ് ഐയുടെ ഓർമ്മപ്പെടുത്തൽ. ഇതിലടക്കമാണ് ഡി വൈ എഫ് ഐ മറുപടിയുമായി രംഗത്തെത്തിയത്. ഒരു കൂട്ടുകച്ചവടവും മണ്ണാർക്കാട്ടെ പാർട്ടി അനുവദിക്കാത്ത സ്ഥിതി ഉണ്ടായെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസര്‍ ബോര്‍ഡ് പ്രദർശനാനുമതി നല്‍കി. റീ എഡിറ്റ് ചെയ്‍ത പതിപ്പാണ് സെൻസർ ബോർഡ് അംഗീകരിച്ചത്. എട്ട് മാറ്റങ്ങളോടെയാണ് സിനിമ എത്തുക. ഏറ്റവും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
മാവേലിക്കരയിലെ വിദ്യാതിരാജ വിദ്യാപീഠം സ്‌കൂളിലെയും ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലെയും പാദപൂജയില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്. നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. മുത്താരരാജ് ആണ് പരാതി നൽകിയത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിന്റെ കാൽ വിദ്യാർത്ഥികളെ കൊണ്ട് കഴുകിച്ച സംഭവം നികൃഷ്ടമെന്നാണ് പരാതിയിൽ പറയുന്നത്.
തൃശ്ശൂരിലും ‘പാദപൂജ’. മാള അന്നമനട വിവേകോദയം വിദ്യാമന്ദിറിലും കുട്ടികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി. ഗുരുപൂർണിമ ദിന ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് സംഭവമുണ്ടായത്. പ്രദേശത്തെ എൽപി സ്കൂൾ റിട്ടേഡ് അധ്യാപിക ലതിക അച്യുതനെ മുഖ്യാതിഥിയായി വിളിച്ചാണ് കുട്ടികളെ കൊണ്ട് കാൽ കഴുകിപ്പിച്ചത്. ഒപ്പം കാൽതൊട്ട് വന്ദിപ്പിക്കുകയും ചെയ്തു.
ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്. വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വിവാദ നടപടി പിൻവലിച്ച് ഉത്തരവിറക്കിയത്. വ്യക്തമായ അന്വേഷണം നടത്തിയേ നടപടി എടുക്കാവൂ എന്ന് ഗതാഗതമന്ത്രി നിർദ്ദേശിച്ചിരുന്നു.
തെന്‍മല ഇക്കോടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ (ടിഇപിഎസ്) പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വകുപ്പുകള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും പതിനഞ്ചാം വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. സംസ്ഥാനത്തൊട്ടാകെ ഇക്കോടൂറിസം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ടിഇപിഎസിന്‍റെ അധികാര പരിധി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ. ഡിആർഐ കൊച്ചി യൂണിറ്റാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ ലഹരി ഗുളികകൾ വിഴുങ്ങിയെന്നാണ് സംശയം. കൊക്കൈൻ അല്ലെങ്കിൽ ഹെറോയിൻ ആണ് ഇരുവരും വിഴുങ്ങിയതെന്നാണ് സംശയം.ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. കേരള ക്രിക്കറ്റ് ലീഗിനെ കേരളത്തിന്റെ ടൂറിസവുമായി കോര്‍ത്തിണക്കി കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ‘ക്രിക്കറ്റ് ടൂറിസം’ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാനാണ് നീക്കം.
മുസ്ലീംലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എതിരായി റവന്യൂ വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. സര്‍ക്കാരിന് മുസ്ലീം ലീഗിനോട് കണ്ണുകടിയാണെന്നും ദുഷ്ടലാക്കോടെയുള്ള പ്രവര്‍ത്തനമാണ് നോട്ടീസിന് പിന്നിലെന്നും പി.എം.എ. സലാം. ആരോപിച്ചു.
പാലക്കാട് പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അവരുടെ അമ്മ എൽസി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എൽസിയുടെ നില ഗുരുതരമാണ്.
തിരുവനന്തപുരം നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.
സംസ്ഥാനത്ത് ഈ മാസം പതിനാറാം തീയതി വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 16 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ ഡിജിറ്റല്‍ പേയ്‌മെന്റ് ഉറപ്പാക്കാനാണ് എന്‍.പി.സി.ഐ. ലക്ഷ്യമിടുന്നത്.
റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് ഉല്‍പാദനം കൂട്ടാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്ത് അപൂര്‍വ ലോഹങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ ചൈന, ഏഴ് അപൂര്‍വ ലോഹങ്ങള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഏപ്രിലില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1,345 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.
കുവൈത്തും ഇന്ത്യയും തമ്മിൽ സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ ചർച്ച.ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ മേഖലകളിലെ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളാണ് പ്രധാനമായും ഇരുവരും ചർച്ച ചെയ്തത്.
സിന്തറ്റിക് മയക്കുമരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് തിരയുന്ന പ്രതിയെ യുഎഇയിൽ നിന്ന് ഇന്ത്യയ്ക്ക് കൈമാറി. കുബ്ബവാല മുസ്തഫ എന്നയാളെയാണ് ഇന്ത്യക്ക് കൈമാറിയത്. സി.ബി.ഐ, ഇന്റർപോൾ, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) തുടങ്ങിയ അന്വേഷണ ഏജൻസികളുടെ സംയുക്ത ശ്രമങ്ങളിലൂടെയാണ് ഇയാളെ അബുദാബിയിൽ നിന്ന് പിടികൂടിയത്.
മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു. എം.ആർ.പി.എൽ. ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
നിയമലംഘനം നടത്തിയ വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ 28 ലക്ഷം റിയാൽ പിഴ ചുമത്തി. ഈ വർഷത്തെ രണ്ടാം പാദത്തിൽ കണ്ടത്തിയ 87 നിയമലംഘനങ്ങൾക്കാണ് ഇത്രയും തുക പിഴ ചുമത്തിയതെന്ന് ഈ വർഷം രണ്ടാം പാദത്തിൽ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി. ഇതിൽ സിവിൽ ഏവിയേഷൻ നിയമം, എക്സിക്യൂട്ടീവ് ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവയുടെ ലംഘനങ്ങൾ ഉൾപ്പെടും.
ഈ വർഷത്തെ ഹജ്ജിലെ അവസാന തീർഥാടക സംഘത്തിന് സൗദി എയർലൈൻസ് (സൗദിയ) യാത്രയയപ്പ് നൽകി. മദീനയിലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഇന്തോനേഷ്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനത്തിലെ തീർഥാടകരെയാണ് ഹൃദ്യമായി യാത്രയാക്കിയത്.
ഇന്ത്യയുടെ തദ്ദേശീയ മിസൈലായ അസ്ത്ര മാർക്ക് 1 വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ഡിഫൻസ് റിസർച്ച് ആന്‍ഡ് ഡവലപ്പ്മെന്‍റ് ഓർഗനൈസേഷൻ. ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് അസ്ത്ര പരീക്ഷിച്ചത്. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി (RF) സീക്കർ ഘടിപ്പിച്ച ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലായ (BVRAAM) അസ്ത്രയുടെ പരീക്ഷണം ഒഡിഷയിലെ ചാന്ദിപുർ തീരത്ത് വച്ചുനടന്നു. സുഖോയ്–30 എംകെ–1ന് സമാനമായ പ്ലാറ്റ്ഫോമിൽ നിന്നായിരുന്നു അസ്ത്രയുടെ വിക്ഷേപണം.
പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൻ കീ ബാത് ടാലൻ്റ് ഹണ്ട് സീസൺ 5 ൻ്റെ ഫൈനൽ മത്സരം നാളെ നടക്കും. കഴക്കൂട്ടം മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂളിൽ മത്സരങ്ങൾ രാവിലെ 9 മണിയ്ക്ക് കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സെ ഉദ്ഘാടനം ചെയ്യും.
തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.
മംഗളൂരുവിൽ വിഷവാതകം ശ്വസിച്ച് മലയാളി ഉൾപ്പെടെ രണ്ടു ജീവനക്കാർക്ക് ദാരുണാന്ത്യം. എംആർപിഎല്ലിലാണ് വിഷവാതകച്ചോർച്ച ഉണ്ടായത്. ഫീൽഡ് ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ് (33), പ്രയാഗ്‌രാജില്‍നിന്നുള്ള ദീപ് ചന്ദ്ര (32) എന്നിവരാണ് മരിച്ചത്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു. എക്‌സിന്റെ എല്ലാ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും 48 ശതമാനമാണ് വെട്ടിക്കുറച്ചത്. എക്‌സ് വെബ്‌സൈറ്റില്‍ ഈ മാറ്റം നിലവില്‍ വന്നു.