സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45ന് ആരംഭിച്ച്‌ വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം.

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ പരോക്ഷ വിമർശനവുമായി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ. അധികാരത്തിൽ ഇരിക്കുന്നത് പെണ്ണാവുമ്പോൾ ചിലർക്ക് ഉശിര് കൂടും. കൂടെയുള്ള ഒന്നിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പിപി ദിവ്യ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പൊലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്നും ഇത് പൊലീസിൽ നിന്ന് തന്നെ ലഭിച്ച വിവരമാണെന്നും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു. സിപിഎം വീണയ്ക്ക് സംരക്ഷണം ഒരുക്കും എന്ന് പറഞ്ഞാൽ പത്തനംതിട്ടയിലെ കോൺഗ്രസുകാർ കടുകിനുള്ളിൽ കയറി ഒളിക്കണോയെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ സെക്രട്ടറിക്കും മറ്റു സിപിഎം നേതാക്കൾക്കും വീണാ ജോർജിനെ കളിയാക്കാം, യൂത്ത് കോൺഗ്രസ് സമരം ചെയ്താൽ അറസ്റ്റ് ചെയ്യുന്നുവെന്നും പഴകുളം മധു പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിയെടുക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം. മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ട ഘടകങ്ങൾ നടപടിയെടുത്ത് റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകി.

കെട്ടിടം ആരോ​ഗ്യമന്ത്രി തള്ളിയിട്ടതല്ലെന്നും അനാസ്ഥ മൂലം താഴെ വീണതാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്പർ വൺ ആണെന്ന് വരുത്തി തീർക്കാനുള്ള വ്യ​ഗ്രതയ്ക്കിടയിലാണ് അപകടമുണ്ടായതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് അമേരിക്കയിൽ പോയി ചികിത്സിക്കാൻ പറ്റില്ല. സിസ്റ്റം ശരിയാക്കാൻ ബാധ്യതയുള്ള മന്ത്രി എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ തർക്കം. സിൻഡിക്കേറ്റ് യോഗത്തിൽ റജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വൈസ് ചാൻസിലർ സിസ തോമസ് വഴങ്ങിയില്ല. സസ്പെൻഷൻ സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യപ്പെട്ട ഇടത് അംഗങ്ങളോട് സസ്പെൻഷൻ വിഷയം അജണ്ടയിലില്ലെന്നാണ് വിസി സിസ തോമസ് മറുപടി നൽകിയത്.

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കേറ്റ് ഉത്തരവിറക്കി. ഇന്ന് തന്നെ ചുമതലയെടുക്കാൻ നിർദ്ദേശം നൽകിയതനുസരിച്ച് 4.30ന് രജിസ്ട്രാർ പ്രൊഫ. അനിൽകുമാർ യൂണിവേഴ്സിറ്റിയിലെത്തി ചുമതലയെടുത്തു.

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ റദ്ദ് ചെയ്തത്.

ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരം കേരളത്തിലെത്തിയെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ലോഗർമാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവർത്തി ചെയ്യുന്ന ആളെന്നറിഞ്ഞിട്ടല്ല ജ്യോതി മൽഹോത്രയെ കൊണ്ടുവന്നതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയും വയനാട് ഉരുൾപൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പ്രശസ്തരായ യൂട്യൂബർമാരെ കൊണ്ടുവന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതിയും നിയമനിർമ്മാണവും നടത്തണം എന്നും കേരള കോൺഗ്രസ് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ. ജിതിൻ ജി നൈനാനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്നലെ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയിലെടുത്തുകൊണ്ടു പോയപ്പോൾ പൊലീസ് ബസ്സിന്റെ ചില്ല് തകർത്തു എന്നാണ് കേസ്.

വരും തലമുറയെ സനാതന ധര്‍മം പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണമെന്നും ഒപ്പം ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും ഗവർണർ പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മന്ത്രി വീണാ ജോർജ് വന്നതിൽ ആശ്വാസമെന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതൻ. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് നേരത്തെ വരാതിരുന്നതെന്ന് മന്ത്രി പറഞ്ഞു. അതു മനസ്സിലാക്കുന്നു. മകന് സ്ഥിര സർക്കാർ ജോലി നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കുടുംബത്തിൻറെ ദുഃഖത്തിൽ ഒപ്പം നിന്നതിൽ നന്ദി അറിയിക്കുന്നുവെന്നും വിശ്രുതൻ പറഞ്ഞു.

കായംകുളം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രോഗികളെ പരിശോധിച്ചത് മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ. വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് ഒ.പി യിൽ രോഗികളെ മൊബൈൽ വെളിച്ചത്തിൽ പരിശോധിച്ചത്. മുപ്പതുലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റർ പ്രവർത്തന രഹിതമാണെന്നാണ് വിവരം.

മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിലാണ് കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ്‌ 15നാണ് എന്നാൽ കടുവ കൂട്ടിൽ ആയത് 53 ആം ദിനമാണ്. കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് ഇന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇനി കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ കടുവയുടെ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിച്ചത്.

വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ എ വി ജയനുമായി ചർച്ച നടത്തി സിപിഎം നേതാക്കൾ. മന്ത്രി ഒ ആർ കേളു , സി കെ ശശീന്ദ്രൻ എന്നിവരാണ് എ വി ജയനുമായി ചർച്ച നടത്തിയത്. തരംതാഴ്ത്തൽ നടപടിക്ക് ശേഷം ഉണ്ടായ പൊട്ടിത്തെറിക്കും നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിനും പിന്നാലെ ആണ് നീക്കം. തരം താഴ്ത്തിയ നടപടിക്കെതിരെ എ വി ജയൻ ഇന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകും.

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട്‌ സ്വദേശിയായ 38 വയസ്സുകാരിയുടെ മകനും പനി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ ബന്ധുവായ പനി ബാധിച്ച 10 വയസ്സുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

മണ്ണാർക്കാട് എം എൽ എ എൻ. ഷംസുദ്ദീൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിന് നഗരസഭയുടെ നോട്ടീസ്. വടക്കുമണ്ണത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡിനാണ് നഗരസഭ പിഴ ചുമത്തി നോട്ടീസ് നൽകിയത്. ഇവിടെ സ്ഥാപിച്ച രണ്ട് ബോർഡുകൾക്കായി 10,000 രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.

ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുച്ച 5 ദിവസം കൂടി മഴ സാധ്യത ശക്തമായി തുടരും.

അഴീക്കൽ തീരത്ത് ഡോൾഫിന്‍റെ ജഡം അടിഞ്ഞു. അഴീക്കൽ ഹാർബറിന് സമീപത്താണ് ജഡം അടിഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ജഡം മറവുചെയ്യും.മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.

തൃശൂര്‍ നെല്ലങ്കരയിലെ തെരുവിന് സിറ്റി പൊലീസ് കമ്മീഷണറുടെ പേര് നൽകി നാട്ടുകാര്‍. ഗൂണ്ടകള്‍ പൊലീസ് ജീപ്പ് ആക്രമിച്ച വൈലോപ്പിള്ളി നഗറിലെ സ്ട്രീറ്റിനാണ് നാട്ടുകാര്‍ ‘ഇളങ്കോ’ നഗര്‍ എന്നു പേരിട്ടത്. ഗൂണ്ടകളെ അമർച്ച ചെയ്തതിലുള്ള സന്തോഷത്തിലാണ് നാട്ടുകാർ കമ്മീഷണറുടെ പേര് തെരുവിന് ഇട്ടത്. എന്നാൽ കമ്മീഷണറുടെ നിര്‍ദ്ദേശത്തിന് വഴങ്ങി നാട്ടുകാര്‍ ഉടനെ തന്നെ ബോര്‍ഡ് നീക്കം ചെയ്തു. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ കൈയ്യടിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കമ്മീഷണർ ആര്‍ ഇളങ്കോയുടെ പ്രതികരണം.

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 മടങ്ങി. 22 ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയർ ബസിൽ തിരിച്ചു മടങ്ങി.യുദ്ധ വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാർഗോ വിമാനത്തിൽ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകാനാണ് നീക്കം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള (ഐഎസ്എസ്) ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ആക്സിയം സ്‌പേസ്. ശുഭാംശു ശുക്ലയും സഹപ്രവര്‍ത്തകരും നിലയത്തില്‍ നിന്ന് പകര്‍ത്തിയ പുറംകാഴ്‌ചകളാണ് ആക്സിയം സ്പേസ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ഐഎസ്എസ്) പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവര്‍ത്തിച്ച് സ്പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്ക്. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ നിലയത്തില്‍ നിന്ന് വിട്ട് ചൊവ്വയില്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിത് എന്നാണ് മസ്‌കിന്‍റെ പുതിയ പ്രതികരണം. ട്രംപ് ഭരണകൂടം ബഹിരാകാശ പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുക വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മസ്‌കിന്‍റെ വാക്കുകള്‍.

സൊമാറ്റോ മാനേജ്‌മെൻ്റിൻ്റെ ചൂഷണങ്ങൾക്കെതിരെ ഡെലിവറി ജീവനക്കാർ നടത്തുന്ന സമരത്തിന് ഐ.എൻ.ടി.യു.സി യംഗ് വർക്കേഴ്സ് കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി ജീവനക്കാർ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.

പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമയെ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ചൈന. പിൻഗാമിയെ നിശ്ചയിക്കാൻ ദലൈലാമക്ക് അധികാരമില്ലെന്നും 700 വർഷത്തെ പാരമ്പര്യത്തെ വ്യക്തിപരമാക്കാനാവില്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സു ഫെയ് ഹോങ് വ്യക്തമാക്കി.

300-400 കോടി രൂപയുടെ ഓഫിസ് നിർമിക്കാൻ ആർഎസ്എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ. എന്തുകൊണ്ടാണ് അവരുടെ ഫണ്ടിംഗ് ഇത്ര അവ്യക്തമാകുന്നത് ആർക്കെങ്കിലും ഉത്തരം അറിയാമെങ്കിൽ അവർ എന്നോട് പറയൂ എന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തില്‍ നിന്ന് ചാടിയ 18 യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനിലെ പാല്‍മ ഡി മല്ലോറ എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാന്‍ റൺവേയില്‍ നിര്‍ത്തിയിട്ട റയന്‍എയര്‍ 737 വിമാനത്തിലാണ് ഫയര്‍ അലാറം മുഴങ്ങിയത്.എമർജൻസി സംഘം എത്തുമ്പോഴേക്കും പരിഭ്രാന്തരായ യാത്രക്കാരില്‍ പലരും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിയന്ത്രണം. റോയിട്ടേഴ്സിന്റെ പ്രധാന അക്കൗണ്ടും, റോയിട്ടേഴ്‌സ് വേൾഡ് എന്ന അക്കൗണ്ടും നിയമ നടപടികളുടെ ഭാഗമായി ഇന്ത്യയിൽ തട‍ഞ്ഞുവെന്നാണ് എക്സിന്റെ വിശദീകരണം. റോയിട്ടേഴ്സ് ഏഷ്യ എന്ന ഏഷ്യയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന അക്കൗണ്ട് ഇപ്പോഴും ലഭ്യമാണ്. എന്നാൽ റോയിട്ടേഴ്സിനെതിരായ എക്സ് നടപടിയിൽ പങ്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്നും മഹുവ മൊയ്ത്ര ഹരജിയിൽ ആവശ്യപ്പെട്ടു.

ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാൻ സുപ്രീം കോടതി അധികൃതർ. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതർ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു. വിരമിച്ചശേഷം വസതിയിൽ തുടരാവുന്നത് ആറുമാസംവരെയാണ്. നവംബറിൽ ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയിൽ തുടരുകയാണ്. പകരം അനുവദിച്ച വാടക വസതിയിൽ അറ്റകുറ്റപണി നടക്കുകയാണെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചു.

ജനനനിരക്കിൽ കുറയുന്നതിനെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിർന്ന സ്കൂൾ പെൺകുട്ടികൾക്ക് 100,000 റുബിളിലധികം (ഏകദേശം 90,000 രൂപ) സാമ്പത്തിക സഹായം നൽകും. റഷ്യയിലെ ജനസംഖ്യാ ഇടിവ് മറികടക്കാൻ ലക്ഷ്യമിട്ട് 2025 മാർച്ചിൽ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി.

ടെക്സസ് ഹിൽ കൺട്രിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 43 ആയി ഉയർന്നതായി റിപ്പോർട്ട്. കാണാതായ വിദ്യാർഥിനികൾ ഉൾപ്പെടെ 27 പേരെ കാണാതായി. മരിച്ചവരിൽ 28 മുതിർന്നവരും 15 കുട്ടികളും ഉൾപ്പെടുന്നുവെന്ന് അധികൃതർ പറഞ്ഞു. ഗ്വാഡലൂപ്പ് നദിക്കരയിലുള്ള വേനൽക്കാല ക്യാമ്പിലെ 27 പെൺകുട്ടികളും കാണാതായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രയേലുമായി സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പൊതുവേദിയിൽ. ടെഹ്റാനിൽ ഒരു മതപരമായ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്. ഇസ്രയേലുമായുള്ള 12 ദിവസത്തെ വ്യോമയുദ്ധത്തിനിടെ ഖമനേയി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു.

പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന പരാമർശം ബ്രിക്സ് സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന നിലപാട് കടുപ്പിച്ച് ഇന്ത്യ. ഭീകരവാദത്തിന് പിന്തുണ നൽകുന്നവർക്കെതിരെ പ്രമേയം കർശന താക്കീത് നൽകണമെന്നും ഇന്ത്യ നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടി അൽപസമയത്തിനകം ബ്രസീലിലെ റിയോ ഡെ ജനേറയിൽ തുടങ്ങും.

ഇസ്രയേലുമായി സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പൊതുവേദിയിൽ. ടെഹ്റാനിൽ ഒരു മതപരമായ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്. ഇസ്രയേലുമായുള്ള 12 ദിവസത്തെ വ്യോമയുദ്ധത്തിനിടെ ഖമനേയി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു.

കൊൽക്കത്തയിലെ ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അക്രമികൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് കൃത്യമായ പ്ലാനിംഗോടെയെന്ന് റിപ്പോർട്ട്. ക്രൂരമായ ആക്രമണത്തിന് ശേഷം ജൂൺ 25ന് സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ മണിക്കൂറുകളോളമാണ് മൂന്നംഗ സംഘം മദ്യപിച്ചതെന്നാണ് പൊലീസ് വിശദമാക്കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ വിശദമാക്കുന്നത്.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *