അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്ന് മണിക്കൂറിലേക്ക് ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് പുറമെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ് അലർട്ടടക്കം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇടുക്കിയിലെ ജലശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ നിരോധിച്ചു നാളെ മുതൽ ഈ മാസം 27 വരെ നിരോധിച്ചു. മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാത്രി ഏഴു മുതൽ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു.
കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും റെയിൽവെ അറിയിച്ചു.
പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിന്റെ ഇന്ധന ടാങ്കിൽ വെച്ചിരുന്ന നോസിൽ തലയിൽ വന്നിടിച്ച് ജീവനക്കാരന് ഗുരുതര പരിക്ക്. തൃശ്ശൂർ പുതുക്കാടാണ് സംഭവം. ചെങ്ങാലൂർ മുള്ളക്കര വീട്ടിൽ ദേവസിക്കാണ് (75) പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദേവസി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍. രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനം ഉയര്‍ത്തി കാട്ടിയാണ് സര്‍ക്കാരിന്‍റെ പ്രോഗസ് റിപ്പോര്‍ട്ട്. ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണം ഇടത് സര്‍ക്കാര്‍ ആണെന്നാണ് റിപ്പോര്‍ട്ടിലെ വാദം. കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സർക്കാരിന്റെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. പ്രതി അഫാന്‍റെ അച്ഛന്‍റെ അമ്മ സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം പാങ്ങോട് പൊലീസ് നൽകിയത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 450 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊലയിലേക്ക് നയിച്ചത് അഫാന്‍റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യകയുമെന്ന് കുറ്റപത്രം.
കനത്ത മഴയിൽ കണ്ണൂരിലെ ചെങ്കൽപണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽവർമനാണ് ചൂരലിലെ ചെങ്കൽപണയിലുണ്ടായ അപകടത്തിൽ മരിച്ചത്. ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മരിച്ച ഗോപാലിന്‍റെ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍ മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
എറണാകുളത്തെ നാലുവയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച് കേസിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഡിജിപിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹാത്കാർ കത്തയച്ചു. കുട്ടിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയതിലും കുട്ടി നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുമാണ് റിപ്പോർട്ട് തേടിയത്.
കൊച്ചിയിലെ റോഡുകളും ദേശീയപാതയും തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പല സ്ഥലത്തും വെള്ളപ്പെട്ടാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. റോഡ് നിര്‍മിക്കാന്‍ ഫണ്ട് ഇല്ല എന്ന് പറയുന്നത് ലജ്ജാകരമാണെന്ന് കുറ്റപ്പെടുത്തിയ കോടതി, സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പണം ചെലവാക്കുണ്ടല്ലോ എന്നും ചോദിച്ചു. ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നൽകി.
ദേശീയ പാതാ നിർമ്മാണത്തിൽ സംസ്ഥാനത്ത് അങ്ങിങ്ങായുള്ള പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിൻ്റെ തലയിൽ കെട്ടിവെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം കൊടുത്ത കമ്പനികളാണ് ദേശീയപാത നിർമ്മിക്കുന്നതിൽ പലതും. മലപ്പുറത്ത് ദേശീയപാത നിർമ്മിച്ച കമ്പനിയുടെ സുതാര്യത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ വിവിധ വകുപ്പുകളിലെ എൽഡിസി തസ്തികളിൽ ആശ്രിത നിയമനം ലഭിച്ചവരുടെ കണക്കെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. കേസിൽ തൽസ്ഥിതി തുടരാൻ ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഓരോ വകുപ്പിലും 5 ശതമാനം വീതം ഒഴിവാണ് ആശ്രിത നിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. ഈ പരിധിക്ക് അപ്പുറമായി നിയമനം ലഭിച്ചിട്ടുള്ളവരെ താത്കാലിക തസ്തിക രൂപീകരിച്ച് അതിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ.ബിജെപിയിൽ പോയത് കോൺഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്ന് മറിയക്കുട്ടി പറഞ്ഞു. നാളിതുവരെയായും ഒരു കോൺഗ്രസുകാരനും തൻ്റെ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ് തനിക്ക് വീട് നിർമ്മിച്ച് നൽകിയതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ പോലും അവഗണിക്കുന്നുവെന്നും മറിയക്കുട്ടി പ്രതികരിച്ചു.
ബിഹാർ കേഡർ ഐആർഎസ് ഉദ്യോഗസ്ഥൻ കെ ജി അരുൺരാജ് രാജിവച്ചു. സേലം സ്വദേശി ആയ അരുൺരാജിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇദ്ദേഹം ബിഹാറിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി രാജിവച്ച് ഇദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന നടൻ വിജയുടെ രാഷ്ട്രീയ കക്ഷി തമിഴക വെട്രി കഴകത്തിൽ ഇദ്ദേഹം ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന.
ബെംഗളൂരു മെട്രോയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ച് ഇൻസ്റ്റ പേജിലിട്ടയാൾ ഒടുവിൽ പിടിയിൽ. ഹാവേരി സ്വദേശി ദിഗന്ത് ആണ് അറസ്റ്റിലായത്. ബെംഗളൂരു പീനിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ‘മെട്രോ ചിക്സ്’ എന്ന പേരിൽ 13 വീഡിയോകളും മറ്റ് ചിത്രങ്ങളുമാണ് ഇയാൾ ഇൻസ്റ്റ പേജിൽ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ വൻ വിവാദമായതിനെത്തുടർന്നാണ് ഈ പേജ് പൊലീസ് ബ്ലോക്ക് ചെയ്തിരുന്നു.
കനിമൊഴി അധ്യക്ഷയായ സംഘം റഷ്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ടു. വിദേശകാര്യമന്ത്രാലയത്തിന്‍റെ ഫെഡറേഷൻ കൗൺസിൽ കമ്മിറ്റി അംഗങ്ങളെയാണ് കണ്ടത്. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കുന്നതിനായാണ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം റഷ്യയിലെത്തിയത്.
ഇന്ത്യൻ സംഘം മോസ്കോയിൽ പറന്നിറങ്ങാനിരിക്കെ വ്യോമപാതയിൽ യുക്രൈൻ ആക്രമണം നടന്നത് ആശങ്കയുളവാക്കി. എംപിമാർ യാത്ര ചെയ്ത വിമാനം ഇതേ തുടർന്ന് ലാൻഡ് ചെയ്യാൻ വൈകി. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെയാണ് അവർ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. യുക്രൈൻ്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഈ വ്യോമപാത താത്കാലികമായി അടച്ചു. തുടർന്ന് വിമാനം ലാൻഡ് ചെയ്യാതെ ആകാശത്ത് വട്ടമിട്ട് നിലയുറപ്പിച്ച ശേഷമാണ് താഴേക്ക് ഇറങ്ങിയത്.
പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ഇതിനുള്ള തെളിവുകൾ സമർപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ജൂണിൽ നടക്കുന്ന പ്ലീനറി യോഗത്തിൽ ഇന്ത്യയുടെ ഉന്നതതല സംഘം പങ്കെടുക്കും. പഹൽഗാം ഉൾപ്പടെയുള്ള ആക്രമണങ്ങളിൽ പാക് ഇന്‍റലിജൻസിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ കൈമാറും.
ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണത്തിൽ താൻ നൽകിയ മുന്നറിയിപ്പ് അവഗണിച്ച ആപ്പിൾ കമ്പനിക്ക് പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇക്കുറി താരീഫ് ഭീഷണിയെന്ന കാർഡുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെന്നല്ല അമേരിക്കക്ക് പുറത്ത്, ലോകത്തെ ഏത് രാജ്യത്തായാലും ഐ ഫോൺ നിർമ്മാണം നടത്തിയാൽ 25 ശതമാനം താരീഫ് ചുമത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി. അമേരിക്കക്ക് പുറത്ത് നിർമ്മിച്ച ഫോണുകൾ അമേരിക്കയില്‍ വിൽപ്പന നടത്തണമെങ്കിൽ 25 ശതമാനം താരിഫ് നൽകേണ്ടിവരുമെന്നാണ് ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ട്രംപ് വിശദീകരിച്ചിരിക്കുന്നത്.
ഉത്തര കൊറിയയുടെ പുതിയ 5,000 ടൺ നാവിക കപ്പൽ പുറത്തിറക്കുന്നതിനിടെ മറിഞ്ഞുവീണ് തകര്‍ന്ന സംഭവം കിം ജോങ് ഉൻ നോക്കിനിൽക്കെയായിരുന്നു എന്ന് റിപ്പോര്‍ട്ട്. കിഴക്കൻ തീരദേശ നഗരമായ ചോങ്ജിനിൽ നടന്ന സംഭവത്തിൽ കിം ജോങ് ഉൻ അങ്ങേയറ്റം രോഷാകുലനാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ‘തികഞ്ഞ അശ്രദ്ധ’ മൂല സംഭവിച്ച ‘കുറ്റകൃത്യം’ എന്ന് പറഞ്ഞാണ് കിം ദുരന്തത്തെ പരസ്യമായി അപലപിച്ചതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് യുഎഇയിലെ മൂന്ന് പ്രമുഖ ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി. പൂട്ടിയ മൂന്ന് സ്ഥാപനങ്ങളിൽ രണ്ടെണ്ണം അബുദാബിയിലും ഒരെണ്ണം അൽഐനിലുമാണ്. ചെട്ടിനാട് മൾട്ട് ക്യുസിൻ റസ്റ്റോറന്റ്, നസായെം അൽനിൽ പാസ്ട്രീസ്, സ്വീറ്റ്സ് ആൻഡ് ഡയമണ്ട് സിറ്റി സൂപ്പർമാർക്കറ്റ് എന്നിവയാണ് അടച്ചുപൂട്ടിയതെന്ന് അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ ശക്തമായ ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഇന്ത്യയുടെ വിദേശ നയം തകർന്നുവെന്ന് അഭിപ്രായപ്പെട്ട രാഹുൽ ഗാന്ധി, ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ആരാണ് പറഞ്ഞതെന്ന് ചോദിച്ചു. എന്തുകൊണ്ടാണ് ഇന്ത്യയെയും പാക്കിസ്ഥാനെയും ലോക രാജ്യങ്ങൾ ഒരേപോലെ കാണുന്നതെന്നും രാഹുൽ ചോദിച്ചു. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് പിന്തുണയുമായി ഒരു രാജ്യവും വരാത്തതെന്തുകൊണ്ടെന്നതായിരുന്നു വിദേശകാര്യ മന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിന്‍റെ മൂന്നാമത്തെ ചോദ്യം.പൊള്ളയായ പ്രസംഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ, രാജ്യത്തിന്‍റെ അഭിമാനം മോദി അപകടത്തിലാക്കിയെന്നും അഭിപ്രായപ്പെട്ടു.