തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല. ഇന്ത്യ – പാകിസ്ഥാൻ സംഘര്‍ഷത്തിനിടെ തുർക്കി സ്വീകരിച്ച പാക് അനുകൂല നിലപാടിനെതിരെ അടുത്തിടെ ഉണ്ടായ രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ തുടർന്നാണ് തീരുമാനം. നേരത്തെ, ജവഹര്‍ലാൽ നെഹ്റു യൂണിവേഴ്സിറ്റി, കാൺപൂര്‍ യൂണിവേഴ്സിറ്റി എന്നിവയും തുര്‍ക്കിയുമായുള്ള അക്കാദമിക് ബന്ധങ്ങൾ അവസാനിപ്പിച്ചിരുന്നു.
ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നം പരിഹരിച്ചുവെന്ന് താൻ അവകാശപ്പെടുന്നില്ലെന്ന് ഡോണൾഡ് ട്രംപ്. പക്ഷെ സംഘർഷം പരിഹരിക്കുന്നതിൽ സഹായിക്കാൻ തനിക്ക് കഴിഞ്ഞു. വ്യാപാരം വാഗ്ദാനം ചെയ്തതാണ് പ്രശ്നം പരിഹരിച്ചതെന്നും ഖത്തറിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരുപോലെ സന്തോഷമുള്ളതായിരുന്നു ഇതെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ‘ആയിരക്കണക്കിന്’ വർഷങ്ങളായുള്ള ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ നിലപാട് തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും,. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ എന്നും ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ജയശങ്കർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ്. മോദി ചിത്രജീവിയാണ് എന്നാണ് അഖിലേഷ് യാദവ് പറയുന്നത്. അമേഠിയിൽ നടത്തിയ ഒരു പാർട്ടി പരിപാടിക്കിടയിലാണ് അഖിലേഷിന്‍റെ പരാമർശം. മിസൈലുകള്‍ ശത്രുക്കൾക്കുള്ളതാണ്, അത് സെൽഫി പോയന്‍റുകൾ അല്ല എന്ന് പറഞ്ഞ അഖിലേഷ് തിരംഗ യാത്ര വെടിനിര്‍ത്തല്‍ ആഘോഷിക്കാന്‍ ഉള്ളതാണോ എന്നും ചോദിച്ചു. അതിർത്തികൾ സുരക്ഷിതമല്ലെന്നും കൂടുതൽ സേനയെ നിയോഗിക്കണമെന്ന ആവശ്യവും പ്രസംഗത്തില്‍ അദ്ദേഹം ഉന്നയിച്ചു.
ഇന്ത്യാ – പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധമായ അഭിപ്രായം പറഞ്ഞെന്ന പേരിൽ തന്നെയാരും താക്കീത് ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. താൻ കൂടി പങ്കെടുത്ത പാർട്ടി മീറ്റിംഗിൽ തന്നോട് നേരിട്ടോ, അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ല. ഇതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, ഒരു രേഖ കാണിക്കൂ. ഞാൻ പാർട്ടി വക്താവല്ല എന്നും അദ്ദേഹം വ്യക്തമാക്കി എന്തോരം നേരമായി വിളിക്കുന്നു .
ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച് ഇസ്രയേല്‍ സൈനിക മേധാവി മേജർ ജനറൽ ആമിർ ബറം. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നീതിപരമായ നടപടികൾക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേല്‍ സൈനിക മേധാവിയും ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും നടത്തിയ സംഭാഷണത്തിലാണ് ഇസ്രയേല്‍ നിലപാട് സ്വീകരിച്ചത്. ഇരു രാജ്യങ്ങള്‍ തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാനും ധാരണയായി.
തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. പോസ്റ്റൽ ബാലറ്റ് തിരുത്താറില്ല എന്നാണ് നിലവില്‍ സുധാകരന്‍ പറയുന്നത്. മാത്രമല്ല കുറച്ച് ഭാവനകൂട്ടി പറഞ്ഞതായിരുന്നെന്നും ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്, നമ്മള്‍ പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ജി.സുധാകരനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു.മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ടട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പത്തനംതിട്ട പാടം വനം വകുപ്പ് ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ട് പോയ സംഭവത്തില്‍ കോന്നി എംഎൽഎ കെ യു ജെനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. വനം വകുപ്പ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 132, 351 (2) വകുപ്പുകൾ പ്രകാരമാണ് കേസ്.
മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി വരുന്നു എന്നും മന്ത്രി വ്യക്തമാക്കി .
വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
നാലാം ക്ലാസിലെ കേരള പാഠാവലി – മലയാളത്തിലെ പാഠപുസ്തകങ്ങളിൽ മുഴുവൻ ചിത്രം വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ ചിത്രങ്ങളുൾപ്പെടെ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും, പാഠപുസ്തക നിർമ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു എന്ന് മന്ത്രി കുറിപ്പിൽ പങ്കുവച്ചു .
സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊന്ന ഐവിന്‍ എന്ന യുവാവിന്‍റെ മരണ കാരണം തലക്കേറ്റ പരുക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രഥമികമായി കണ്ടെത്തിയിരിക്കുന്നത് തലക്കേറ്റ പരിക്കും ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോയതുമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
കൊല്ലം ഏരൂരിലെ വീട്ടിൽ നിന്നും നാടൻ തോക്ക് പിടികൂടി. അഞ്ചൽ മണലിൽ സ്വദേശി സജുവിന്‍റെ വീട്ടില്‍ നിന്നാണ് തോക്ക് പിടികൂടിയത്. സജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടാൻ സൂക്ഷിച്ചതാണ് പിടിച്ചെടുത്ത തോക്ക് എന്നാണ് നിഗമനം.
പിഎം ജൻമൻ പദ്ധതിയുടെ ആനുകൂല്യത്തിനായി കേരളം. സംസ്ഥാനത്തെ 261 ആദിവാസി കുടുംബങ്ങൾക്ക് വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതാണ് പദ്ധതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 261 കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കന്നതിന് കെഎസ്ഇബി സമർപ്പിച്ച 57.56 ലക്ഷം രൂപയുടെ വിശദ പദ്ധതി രേഖകൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഈ ശുപാർശ ഇനി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കൈമാറും.
കോഴിക്കോട് കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രൻ (52) ആണ് മരിച്ചത്. ലൈസൻസ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
മലപ്പുറം കാളികാവിൽ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടും. റബ്ബർ ടാപ്പിംഗിനിടെയാണ് തൊഴിലാളിയായ അബ്ദുൾ ഗഫൂറിനെ കടുവ കൊന്നത്. ഗഫൂറിന്‍റ ആശ്രിതരിൽ ഒരാള്‍ക്ക് താത്കാലിക ജോലി നൽകുമെന്നും 14 ലക്ഷം ധനസഹായം നൽകുമെന്നും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിൽ തീരുമാനമായി. വീട്ടിലൊരാൾക്ക്സ്ഥിര ജോലിക്കായി ശുപാര്‍ശ നൽകുമെന്നും അറിയിച്ചു.
ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 4.366 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ചു. നവി മുബൈയിലെ എസ് ടി യു പി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്‍റായി നിയോഗിച്ച കെ എസ് ഐ ഡി സിയുടെ നടപടി വ്യവസ്ഥകളോടെ അംഗീകരിച്ചു. വിമാനത്താവള പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22-ന് ഇത് പ്രാബല്യത്തില്‍ വരും.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ജില്ലകളിൽ നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച നിർവഹിക്കും. വൈകിട്ട് 4.30 ന് ഓണ്‍ലൈനായാണ് ഉദ്ഘാടനം. ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട് റോഡുകളും ഉദ്ഘാടനം ചെയ്യും.
ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാർഗനിർദ്ദേശങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങൾ പരമാവധി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അർദ്ധരാത്രി നഗ്നനായി മൊബൈൽ ഷോപ്പിലെത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു. ദിവസങ്ങൾക്ക് മുമ്പ് ബംഗളുരുവിലെ ബൊമ്മനഹള്ളിയിലായിരുന്നു സംഭവം. 85 മൊബൈൽ ഫോണുകളാണ് കടയിൽ നിന്ന് കവർന്നത്.വിശദമായ അന്വേഷണത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി പിടിയിലായി.
സിറിയയുമായി യുഎസ് ഗവൺമെന്റിന്റെ വർഷങ്ങളായി പിന്തുടർന്ന നയത്തെ പൊളിച്ചെഴുതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുമായി കൂടിക്കാഴ്ച നടത്തി. സിറിയയുമായി നല്ല രീതിയിൽ പ്രവർത്തിക്കാൻ അൽ-ഷറയ്ക്ക് അവസരമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് അഭിപ്രായപ്പെട്ടു. അൽ ഷറ യുവാവും ആകർഷകനും കടുപ്പമുള്ളവനുമായ വ്യക്തിയാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഭീകരനും ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ – പാക് വെടിനിർത്തലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ ട്രംപിന്‍റെ പ്രസ് സെക്രട്ടറിയും രംഗത്ത്. വെടി നിര്‍ത്തലിന് കാരണം ട്രംപാണ് എന്ന രീതിയില്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് എക്സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ദോഹയിലെ ഹോട്ടലില്‍ വെച്ച് കശ്മീരി സ്വദേശിയായ ഒരു വെയ്റ്റര്‍ ട്രംപിന് നന്ദി അറിയിക്കാന്‍ പറഞ്ഞെന്നാണ് കരോലിന്‍ എകിസില്‍ കുറിച്ചത്. ഒരാണവയുദ്ധം ഒഴിവാക്കിയിട്ടും അത് അംഗീകരിക്കപ്പെടുന്നില്ല എന്ന് അയാള്‍ പരഞ്ഞതായും കരോലിന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് ആപ്പിൾ സിഇഒയോട് ഖത്തറിൽ വെച്ച് ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇന്ത്യയിലെ ഉയർന്ന താരിഫ് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശം. വെടിനിർത്തൽ സംബന്ധിച്ച അവകാശവാദങ്ങൾക്കിടെ മുകേഷ് അംബാനി ട്രംപിനെ കണ്ടതും വലിയ ചർച്ചയായി.
സ്കൂളിൽ വെടിവയ്പ് നടത്താൻ മകന് ആയുധവും വെടിവയ്പിനിടെ ധരിക്കാൻ ടാക്ടിറ്റൽ ഗിയറും വാങ്ങി നൽകിയ അമ്മ അറസ്റ്റിൽ. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. മിഡിൽ സ്കൂൾ വിദ്യാർത്ഥിയായ മകന് ഇളയ സഹോദരങ്ങൾക്ക് കൂട്ടിരിക്കാൻ വേണ്ടി പ്രേരകമായാണ് 33കാരിയായ അമ്മ അത്യാധുനിക തോക്കുകളും സംരക്ഷണ കവചങ്ങളും വാങ്ങി നൽകിയത്.
കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന തുർക്കിഷ് കമ്പനിക്കെതിരെ കേന്ദ്ര സർക്കാരിൻ്റെ കടുത്ത നടപടി. തുർക്കി ആസ്ഥാനമായുള്ള സെലെബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്ന ഈ കമ്പനിയെ വിലക്കി. കേന്ദ്രവ്യോമയാനമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കമ്പനിയുടെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗിനുള്ള സുരക്ഷാ ക്ലിയറൻസ് റദ്ദാക്കി.
കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷ പരാമർശം സംബന്ധിച്ച അന്വേഷണത്തിന് മധ്യപ്രദേശ് ഹൈക്കോടതി മേൽനോട്ടം വഹിക്കും. അന്വേഷണം നീതിപൂർവ്വം നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി.കേണല്‍ സോഫിയ ഖുറേഷിയെ മന്ത്രി വിജയ് ഷാ അധിക്ഷേപിച്ചത് ‘ഭീകരരുടെ സഹോദരി’ എന്നാണ്.ഉദ്യോഗസ്ഥയെ മാത്രമല്ല, സായുധ സേനയെ മൊത്തത്തിൽ അവഹേളിക്കുകയാണ് മന്ത്രി ചെയ്തതെന്ന് കോടതി വിമർശിച്ചു.
കേണല്‍ സോഫിയ ഖുറേഷിക്കും രാജ്യത്തിനു വേണ്ടി പോരാടിയ മുസ്ലിംകള്‍ക്കും അഭിനന്ദനങ്ങളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ധവാന്റെ അഭിനന്ദനം.