ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ് കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്തു. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി.
മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലീഗിന്‍റെ ആവശ്യം ഇടത് മുന്നണിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുസ്ലിം ലീഗിന്‍റെ കാര്യത്തിലെ നിലപാട് വ്യക്തമാക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ചിഹ്നം പോവാതിരിക്കാനല്ല, മറിച്ച് ബിജെപി സര്‍ക്കാറിനെ താഴെയിറക്കി ഫാസിസത്തെ ചെറുത്ത് തോല്‍പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് ഇ.ഡി അന്വേഷണവും ആദായനികുതി റെയ്ഡുമെന്നും, ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിതെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട്ടെ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും കാസര്‍കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു.
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റിയാസ് മൗലവി വധക്കേസ് പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും, ശ്രീ എമ്മിന്‍റെ സാന്നിധ്യത്തിൽ ആര്‍ എസ് എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസർകോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടതിനെ തുടർന്ന് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത മൊബൈൽഫോണുകളും സിംകാർഡുകളും മെമ്മറി കാർഡും പരിശോധിച്ചില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
റിയാസ് മൗലവി വധം കോടതിയുടെ മുന്നിലുള്ള കേസാണെന്നും കൃത്യമായി കേസ് കൈകാര്യം ചെയ്തെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശരിയായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് സി പി എമ്മിന്‍റെ അഭിപ്രായമെന്നും, റിയാസ് മൗലവിയുടെ കുടുംബത്തിന് സി പി എം പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നുമാണ് താക്കീത്.
സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയിൽ കലക്ടർ വിശദീകരണം തേടി. വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്നാണ് പരാതി. രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി വിശദീകരണം നൽകണം. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്.
ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം തീയതി തന്നെ എല്ലാവർക്കും കൃത്യമായി ശമ്പളം നൽകുമെന്നും, ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് സുഗന്ധഗിരി മരംമുറി കേസിൽ കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനംവകുപ്പ് വാച്ചർ എന്നിവർക്കെതിരെ നടപടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ.ചന്ദ്രനെ സസ്പെന്റ് ചെയ്തു. 20 മരംമുറിക്കാൻ അനുമതി വാങ്ങിയതിന്റെ മറവിൽ 30 മരം അധികമായി മുറിച്ചെന്നാണ് കണ്ടെത്തൽ. വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
കണ്ണൂർ സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലെ അതിക്രമ സംഭവത്തിലെ പ്രതി ചാല തന്നട സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്നും, കുപ്പികളിൽ ബാക്കി വന്ന ശീതള പാനീയമാണ് സ്തൂപങ്ങളിൽഒഴിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ശബരിമലയിലെ കേസുകൾ പിൻവലിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെന്നും, പക്ഷേ കേസുകൾ പിൻവലിച്ചില്ല എന്നും കെ സുരേന്ദ്രൻ. വിശ്വാസികൾക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം CAA കേസുകൾ പിൻവലിച്ചു. ഇതാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവേചന രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് 9 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിന് എത്തുന്നതിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച് ഉമ്മൻ ചാണ്ടിയുുടെ മകൾ അച്ചു ഉമ്മൻ. ഏപ്രിൽ ആറിനാണ് അച്ചു പത്തനംതിട്ടയിലെത്തുക. അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു.
സഹോദരന്‍റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട് വർഷങ്ങളായി സെക്രട്ടേറിയറ്റ് നടയിൽ സമരവുമായി കഴിയുന്ന ശ്രീജിത്ത് എന്ന യുവാവിനെതിരെ കേസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്ക് കെട്ടി അസഭ്യവര്‍ഷം നടത്തിയതിന് ഐപിസി 294 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യും. മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കുമെന്നാണ് സ്റ്റാലിന്‍റെ ചോദ്യം. വിമാനങ്ങളിൽ തമിഴിൽ അറിയിപ്പ് നിർബന്ധമാക്കുമെന്ന മോദിയുടെ 2019ലെ പ്രസംഗത്തിൻറെ വീഡിയോ പങ്കുവെച്ചാണ് സ്റ്റാലിന്റെ വിമർശനം.
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കോടതിയിൽ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് പുതിയ നോട്ടീസെന്നും ഇന്നലെ രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടീസ് കണ്ട് ഞെട്ടിയെന്നും ഈ രാജ്യത്ത് ജനാധിപത്യമില്ലേയെന്നും ശിവകുമാർ ചോദിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുo. ഇത്തവണ കേരളത്തിൽ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.