പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തര്‍. ഖത്തർ അമീറുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ടെലിഫോണിൽ സംസാരിച്ചു. സംഭാഷണത്തില്‍ ഖത്തര്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
രാജസ്ഥാൻ അതിർത്തിക്ക് സമീപം വ്യോമ ആഭ്യാസത്തിനൊരുങ്ങി ഇന്ത്യ. പടിഞ്ഞാറൻ അതിർത്തി പ്രദേശത്താണ് ഇന്ത്യയുടെ വ്യോമാഭ്യാസം. ഇതുവഴിയുള്ള വിമാനങ്ങൾക്ക് അടുത്ത രണ്ട് ദിവസം ഈ വ്യോമപാത ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, പഹൽഗാം ആക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ബൈസരൺ വാലിയിൽ നിന്ന് അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്ലസ്‌വൺ സീറ്റുകൾ വർധിപ്പിച്ചു. ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനായി 7 ജില്ലകളിലാണ് മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിച്ചത്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവ് നടപ്പിലാക്കും.
വടക്കുംനാഥക്ഷേത്രത്തിലെ ഇലഞ്ഞി ചുവട്ടിൽ ആവേശമായി ഇലഞ്ഞിത്തറമേളം. കുഴൽവിളിയോടെ ചെണ്ടപുറത്ത് കോലുവീണതോടെ പൂരാവേശം കൊട്ടിക്കയറി. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്.ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വടക്കുംനാഥ സന്നിധിയിൽ കുടമാറ്റം തുടങ്ങി. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിന് പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ക്കുകയാണ്.നാളെ പുലര്‍ച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട് നടക്കുക.
പേവിഷബാധയെ തുടർന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ദാരുണ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു .
വേടന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. റേഞ്ച് ഓഫീസർ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത സ്റ്റേറ്റ്മെന്റ്കള്‍ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം.
അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിൽ മാറ്റി നിയമിച്ച് സർക്കാർ ഉത്തരവിട്ടു. കെആർ ജ്യോതിലാൽ, ബിശ്വനാഥ് സിൻബ, പുനീത് കുമാർ, കേശവേന്ദ്ര കുമാർ, മിർ മുഹമ്മദ് അലി, ഡോ.എസ്.ചിത്ര, അദീല അബ്‌ദുള്ള തുടങ്ങിയവരെയാണ് വിവിധ ചുമതലകളിൽ മാറ്റി നിയമിച്ചത്. കെ.ആര്‍ ജ്യോതിലാലിന് പൊതുഭരണ വകുപ്പിൽ നിന്ന് ധനവകുപ്പിലേക്കാണ് മാറ്റിയത്.
പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിൻ്റെ മുഖമായി മാറാൻ പോകുന്ന കൊച്ചിൻ കാൻസർ റിസേർച്ച് സെൻ്റർ മേയ് 15-ഓടെ പൂർണ്ണ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കളമശേരി മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും ജൂലൈ 30-ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് മൂന്ന് കിലോ കഞ്ചാവുമായി നവാഗത സിനിമ സംവിധായകനെ എക്സൈസ് പിടികൂടി. ഗോഡ്സ് ട്രാവൽ എന്ന റിലീസാവാൻ ഇരിക്കുന്ന സിനിമയുടെ സംവിധായകൾ അനീഷ് അലിയാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസാണ് അനീഷ് അലിയെ പിടികൂടിയത്.
കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്‍റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കീഴറയിലെ ആദിത്യനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആദിത്യന്‍റെ തലയിൽ സോളാർ പാനൽ തകർന്ന് വീണത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീംകോടതി. മേല്‍നോട്ടസമിതി കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് സുപ്രീംകോടതി കേരള സര്‍ക്കാരിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇരുസര്‍ക്കാരുകള്‍ക്കും എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ എൽഡിഎഫിൻ്റെ മെഗാ റാലിയിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റാലിയുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമർശന ശരങ്ങൾ തൊടുത്തത്. ഒരു നാടിനോടും ജനതയോടും കാണിക്കാൻ പാടില്ലാത്ത ക്രൂരമായ അവഗണനയാണ് കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു. നടക്കാവ് നാലാം ഗേറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് തീ അണക്കാൻ ശ്രമിക്കുകയാണ്. വാഹനങ്ങളുടെ സ്പെയർ പാർട്സ് ഉൾപ്പെടെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മേൽഭാഗം പൂർണമായം കത്തിയമർന്നു.
ഖത്തറില്‍ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. മെയ് എട്ട് വരെ രാജ്യത്ത് പൊടിക്കാറ്റ് തുടരുമെന്നും ഇത് വായുഗുണനിലവാരം, കാഴ്ചാപരിധി, കാലാവസ്ഥ സ്ഥിതിഗതികള്‍ എന്നിവയെ ബാധിക്കുമെന്നും ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയ്ക്കും തങ്ങൾക്കുമിടയിലെ സംഘര്‍ഷം പരിഹരിക്കണമെന്ന പാകിസ്ഥാന്‍റെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന യുനൈറ്റഡ് നാഷന്‍സിന്‍റെ സുരക്ഷാ കൗൺസില്‍ മീറ്റിംഗില്‍ പാകിസ്ഥാനെ നിർത്തിപ്പൊരിച്ചെന്ന് റിപ്പോര്‍ട്ടുകൾ. യുഎന്‍ സുരക്ഷാ കൗൺസില്‍ സ്ഥിരാംഗമല്ലാത്ത പാകിസ്ഥാന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് രഹസ്യ ചര്‍ച്ച നടന്നത്. എന്നാല്‍, ചർച്ചയിലുടനീളം പഹല്‍ഗാം അക്രമണത്തില്‍ ലക്ഷ്കർ ഇ തോയ്ബയുടെ പങ്കിനെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നെന്നും പാകിസ്ഥാന്‍റെ വിശദീകരണത്തെ അംഗീകരിക്കാന്‍ യുഎന്‍ സുരക്ഷാ കൗൺസില്‍ അംഗങ്ങൾ തയ്യാറായില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവ് ഫ്രെഡ്റിക് മെര്‍സ്. ഇന്ന് നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ആറ് വോട്ടിനാണ് മെര്‍സ് പരാജയപ്പെട്ടത്. ഇതോടെ മെര്‍സ് ചാന്‍സലറാകാനുള്ള സാധ്യത കുറഞ്ഞു.ബുധനാഴ്ച മെര്‍സിന് വീണ്ടും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം ഉണ്ട്. ഇതിലും പരാജയപ്പെട്ടാല്‍ അടുത്ത 14 ദിവസത്തിനുള്ളില്‍ മെര്‍സിന് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.
ഇന്ത്യയിലെ ഏകദേശം 4,380 കോടി രൂപ വരുന്ന നികുതി ആവശ്യത്തെ ട്രൈബ്യൂണലിൽ ചോദ്യം ചെയ്ത് കൊറിയൻ ടെക് ഭീമനായ സാംസങ്. നികുതി ആവശ്യം റദ്ദാക്കണമെന്ന് സാംസങ് ഇന്ത്യൻ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. 2018-നും 2021-നും ഇടയിൽ സാംസങ് ഒരു പ്രത്യേക നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ തെറ്റായി തരംതിരിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തുവെന്നും അതുവഴി 10 മുതൽ 20 ശതമാനം വരെ കസ്റ്റംസ് തീരുവ അടയ്ക്കുന്നത് ഒഴിവാക്കിയെന്നും ആണ് സർക്കാർ ആരോപണം.
കർണാടക ബിജെപി എംഎൽഎ ഗാലി ജനാർദ്ദന റെഡ്ഡിക്ക് തിരിച്ചടി. ആന്ധ്രയിലെ അനധികൃത ഖനന കേസിൽ ഗാലി ജനാർദ്ദന കുറ്റക്കാരനെന്ന് ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതി വിധിച്ചിരിക്കുകയാണ്. ആന്ധ്രയിലെ അനന്തപൂർ ജില്ലയിൽ ഒബുലാപുരം എന്ന സ്ഥലത്ത് എംഎൽഎ സ്ഥാപിച്ച ഖനന കമ്പനി ചട്ട വിരുദ്ധമായാണ് ഖനന അനുമതി നേടിയെടുത്തത് എന്നാണ് കോടതിയുടെ കണ്ടെത്തൽ.
തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹിളാമോർച്ച തഞ്ചാവൂർ മുൻ ജില്ലാ ഭാരവാഹിയായ ശരണ്യയാണ് കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും കുടുംബ കലഹമാണെന്നും പൊലീസ് അറിയിച്ചു. ശരണ്യയെ കൊലപ്പെടുത്തിയ മൂന്ന് പേർ സ്റ്റേഷനിലെത്തി കീഴടങ്ങി.പ്രതികൾ മൂവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ. അഹമ്മദ് ബിലാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബൈസരൺ വാലിക്ക് സമീപത്ത് നിന്നാണ് ഇയാളെ പ്രതിരോധ സേനാംഗങ്ങൾ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇന്ത്യാ – പാക് ബന്ധം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനിൽക്കെയാണ് ബിലാൽ പിടിയിലായിരിക്കുന്നത്.
ഇന്ത്യ- പാക് ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ വമ്പന്‍ യുദ്ധാഭ്യാസത്തിനൊരുങ്ങി വ്യോമസേന. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്നാകും യുദ്ധാഭ്യാസം നടക്കുക. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമായാണ് അഭ്യാസപ്രകടനങ്ങള്‍ നടക്കുക. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് കൊമേർഷ്യൽ വിമാനങ്ങളിലെ വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി സംസാരിച്ചുവെന്നും മോദി ‘എക്‌സ്’ പോസ്റ്റില്‍ വ്യക്തമാക്കി. കരാര്‍ ഒപ്പിടാന്‍ യു.കെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്നാണ് വിവരം.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പഹല്‍ഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്നാണ് ഖാര്‍ഗെ ഉന്നയിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് മോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഖാര്‍ഗെ ആരോപിക്കുന്നു.