ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിലാപങ്ങളോടെ വിട നല്‍കി ലോകം. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ ഭൗതികശരീരം കബറടക്കി. പതിനായിരക്കണക്കിന് വിശ്വാസികള്‍.ബസലിക്കയുടെ പുറത്ത് പ്രാര്‍ഥനകളോടെ നില്‍ക്കുന്നുണ്ടായിരുന്നു. കര്‍ദിനാള്‍ കോളേജ് ഡീന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ അന്ത്യശുശ്രൂഷാചടങ്ങു കള്‍ക്ക് കാര്‍മികത്വം നിര്‍വഹിച്ചു.
നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അതോടൊപ്പം രാജ്യത്തിന്‍റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരാണെന്നും, കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടരുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു.
പാക് വ്യോമപാതയടച്ച പശ്ചാത്തലത്തില്‍ റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. ഇതിനുപുറമെ വഴി മാറി പോകുന്നതിനാൽ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നതിനെക്കുറിച്ചും മുന്‍കൂട്ടി വിവരം നല്‍കണം. യാത്രക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
സിഎംആർഎല്ലിൽ നിന്നു സേവനം നൽകാതെ പണം കൈപ്പറ്റി എന്നു മൊഴി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ. എസ്എഫ്ഐഒക്ക് മൊഴി നൽകി എന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണ പറഞ്ഞു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിധം മൊഴി നൽകിയിട്ടില്ലെന്നും താനോ എക്‌സാ ലോജിക്കോ സേവനം നൽകാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വ്യക്തമാക്കി.
എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ് നൽകാൻ തീരുമാനം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ അദ്ദേഹത്തിന് സ്ഥാന കയറ്റം ലഭിക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 30 നാണ് പത്മകുമാർ വിരമിക്കുന്നത്.
ജൂണ്‍ 6 മുതല്‍ ക്വാലാലംപൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള വിമാന സര്‍വീസുകള്‍ ആഴ്ചയില്‍ നാലില്‍ നിന്ന് അഞ്ചായി ഉയര്‍ത്താനുള്ള മലേഷ്യ എയര്‍ലൈന്‍സിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിക്കാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് മുന്നറിയിപ്പ്. പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകി. ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ്.
കേരളത്തിൽ ഇന്ന് മുതൽ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ പൊട്ടിയത് പടക്കമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ചതെന്ന് കണ്ടെത്തി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് വിശദീകരിച്ചത്. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിട്ടയക്കും.
‘
മലയാളം സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമെന്ന് നടി വിന്ദുജ മേനോൻ. സീരിയലുകൾ മാറേണ്ട സമയം കഴിഞ്ഞെന്നും സിനിമയിലുണ്ടായ മാറ്റം മിനിസ്ക്രീനിലും അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് വിന്ദുജ മേനോൻ നിലപാട് വ്യക്തമാക്കിയത്.
കേരളത്തിന്റെ ചരിത്രത്തെ സത്യസന്ധമായും യാഥാർഥ്യ ബോധത്തോടെയും നിർവചിച്ച മഹാ പ്രതിഭയായിരുന്നു എം.ജി.എസ് നാരായണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു. പഠനത്തിലും ഗവേഷണത്തിലും തന്റേതായ വഴി വെട്ടിത്തുറന്ന് ചരിത്ര പഠനത്തിന്റെ ഗതി മാറ്റിയ വ്യക്തിത്വമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
കോഴിക്കോട് റൂറൽ പരിധിയിൽ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടണമെന്നു കാട്ടി പൊലീസിന്റെ നോട്ടീസ്. ലോങ്ങ് ടെം വിസയുണ്ടായിരുന്ന നാല് പേർക്കാണ് നോട്ടീസ് നൽകിയത്. കൊയിലാണ്ടി സ്വദേശി ഹംസക്ക് കൊയിലാണ്ടി എസ്എച്ഒയാണ് നോട്ടീസ് നൽകിയത്. പാക് പാസ്പോർട്ടുള്ള ഹംസ 2007മുതൽ കേരളത്തിൽ സ്ഥിര താമസമാണ്. ലോങ്ങ് ടെം വിസ ഉള്ളവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തെന്ന് പൊലീസ് പറയുന്നു. സർക്കാർ നിർദ്ദേശപ്രകാരമുള്ള നടപടികൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പൊലീസ് വിശദീകരിച്ചു.
പിറന്ന മണ്ണിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യം വിട്ട് പോകണമെന്ന നോട്ടീസ് ലഭിച്ച പാക് പൗരത്വമുള്ള കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ. ജോലി ആവശ്യാർത്ഥമാണ് 1965ൽ പാക്കിസ്ഥാനിൽ പോയതെന്നും 1971 ൽ യുദ്ധം കഴിഞ്ഞ ശേഷം തിരികെ വരാനാകാതിരുന്നതോടെ പാകിസ്ഥാൻ പാസ്പോർട്ട് എടുക്കുകയായിരുന്നുവെന്നും ഹംസ പറഞ്ഞു.
ഇക്കൊല്ലത്തെ പൂരം മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദര്‍വേഷ് സാഹിബ് തൃശൂരില്‍ പറഞ്ഞു. നാലായിരത്തിലേറെ പൊലീസുകാരെ സുരക്ഷയ്ക്കായി വിനിയോഗിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയുടെ ഉള്‍പ്പടെ സേവനം തേടിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ പ്രതിസന്ധികള്‍ ഇക്കൊല്ലമുണ്ടാവില്ലെന്നും ഡിജിപി പറഞ്ഞു.
ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. കേരളത്തിന് അഭിമാനകരമായ പോരാട്ടം നടത്തി രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്സ് മേധാവിയായി നിയമനം നല്‍കി. നിലവില്‍ ക്രമസമാധാന ചുമതലയുളള എഡിജിപിയാണ് മനോജ് എബ്രഹാം.
പഹൽഗം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ എന്ന് കരുതുന്ന ആദിൽ ഹുസൈൻ ഠോക്കർ വിദ്യാർത്ഥി വിസയിൽ പാക്കിസ്ഥാനിലേക്ക് പോയി ഭീകര സംഘത്തോടൊപ്പം ചേർന്നത് എന്ന് അന്വേഷണ ഏജൻസികൾ. 2018ൽ പാക്കിസ്ഥാനിലേക്ക് പോകും മുമ്പ് തന്നെ ഭീകര സംഘടനകളോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന ആദിൽ പിന്നീട് കുടുംബവുമായി ഒരു തരത്തിലും ബന്ധപ്പെട്ടില്ലെന്നും ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി. ആദിലിൻ്റെ വീട് അധികൃതർ സ്ഫോടനത്തിൽ തകർത്തിരുന്നു.
വിഡി സവർക്കറിനെതിരായ പരാമർശത്തിൽ മെയ് 9ന് നേരിട്ട് ഹാജരാകണമെന്ന് രാഹുൽഗാന്ധിയോട് പൂനെ കോടതി. സവർക്കറുടെ ബന്ധു നൽകിയ പരാതിയിലാണ് നടപടി. പരാമർശത്തെ ആധാരമാക്കിയുള്ള കൂടുതൽ രേഖകൾ സമർപ്പിക്കാമെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. ലണ്ടനിൽ വെച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി രാഹുലിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ റോമിൽ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിൽ ഓവൽ ഓഫീസിലെ തർക്കത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചർച്ച നടത്തുന്നതും ഇതാദ്യമാണ്. അന്ന് തെറ്റിപ്പിരിഞ്ഞ ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന സൂചനകളാണ് ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നടക്കം പുറത്തുവരുന്നത്.
പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി .ഒമര്‍ അബ്ദുള്ള. അവരുടെ പരാമര്‍ശങ്ങളെക്കുറിച്ച് താന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
തെക്കന്‍ ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്‌ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. നാല് പേർ മരിച്ചതായും 400 ലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഐസിസി, ഏഷ്യൻ ടൂർണമെന്റുകളിൽ പോലും പാകിസ്താനുമായി ഇന്ത്യ കളിക്കരുതെന്നും ഗാംഗുലി ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.