കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ മുന്‍നിര വാഹന കമ്പനിയായ മാരുതി സുസുക്കിയുടെ അറ്റാദായം ഒരു ശതമാനം ഇടിഞ്ഞ് 3,911 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്തം വരുമാനം 6.4 ശതമാനം ഉയര്‍ന്ന് 40,920 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ അറ്റാദായം 7.5 ശതമാനം ഉയര്‍ന്ന് 14,500 കോടി രൂപയായി. ഇക്കാലയളവില്‍ മൊത്തം വരുമാനം 1,52,913 കോടി രൂപയാണ്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 135 രൂപ ലാഭവിഹിതവും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്ന് തവണ വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിട്ടും മാരുതി സുസുക്കിയ്ക്ക് ലാഭക്ഷമത മെച്ചപ്പെടുത്താന്‍ കഴിയാത്തത് നിക്ഷേപകരെ നിരാശരാക്കി.
മാരുതി സുസുക്കിയുടെ അറ്റാദായം ഇടിഞ്ഞു
