പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. ഇഡി പിടിച്ചെടുത്ത 3,000 കോടി പണം പാവപ്പെട്ടവർക്ക് നല്‍കുമെന്ന പരാമർശത്തിന്മേലാണ് പരാതി. പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമെന്നാണ് ടിഎംസി പരാതിയിൽ പറയുന്നത്.

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്നും  ഇക്കാര്യത്തിൽ ജുഡിഷ്യല്‍ ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി ഏപ്രില്‍ ഒന്ന് വരെ നീട്ടി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും രൂക്ഷഭാഷയില്‍ ഇഡിയെ കുറ്റപ്പെടുത്തുകയും ചെയ്തു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു.

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞദിവസമിറക്കിയ ഉത്തരവ് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച മാത്രം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. ഈസ്റ്റർ ദിനത്തെ അവധി റദ്ദാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇഡി ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു, ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചു,  കേന്ദ്ര ഏജൻസികളെ വഴി വിട്ട്  ഉപയോഗിക്കുകയാണ് കേന്ദ്ര ഗവൺമെന്റ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് മഴയ്ക്ക്സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന ചൂട് 39°c, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37° ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.  കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്ന് നൽകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണ്ണറുടെ ഇടപെടൽ.

കണ്ണൂര്‍ പയ്യാമ്പലത്ത് മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാര്‍ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ആരോപിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ ചിലർ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. സുതാര്യവും കാര്യക്ഷമവുമായ ഭരണമാണ് അതിന് കാരണം.ഇലക്ട്രൽ ബോണ്ടിൽ സുപ്രിം കോടതി നടപടികളെ ബഹുമാനിക്കുന്നുവെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സിബിഐ അവസാനിപ്പിച്ചത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരം തുടങ്ങിയ അന്വേഷണം മതിയാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *