മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും. നമ്മുടെ ഒരുമയേയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്‍റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രിയും വിഷുവിന്‍റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ എന്ന് ഗവര്‍ണറും ആശംസിച്ചു.
ഓശാനയോടനുബന്ധിച്ച് ഡല്‍ഹി സെന്റ് മേരീസ് പള്ളിയില്‍ നിന്നും സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം. ഇന്ന് വൈകീട്ടായിരുന്നു കുരിശിന്റെ വഴിയെന്ന പേരിൽ കുരുത്തോല പ്രദക്ഷിണം നടത്താൻ തീരുമാനിച്ചത്. അതിനുള്ള അനുമതിയാണ് നിഷേധിച്ചത്. പള്ളിക്കുള്ളിൽ പ്രദക്ഷിണം നടത്തുമെന്ന് പള്ളി അധികൃതർ അറിയിച്ചു.
സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദില്ലി പൊലീസ് നടപടി നിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്നും ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ദില്ലിയിൽ ഓശാന പ്രദക്ഷിണം തടഞ്ഞതിൽ പ്രതിഷേധമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കെസി വേണുഗോപാൽ എംപി. മതസ്വാതന്ത്യത്തിന് മേലുള്ള കടന്നാക്രമണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധിക്കുന്നുവെന്നും കഴിഞ്ഞ 15 വർഷം മുടക്കം ഇല്ലാതെ നടന്ന കാര്യമാണിതെന്നും പ്രദക്ഷിണം തടഞ്ഞതിന്റെ കാരണം വ്യക്തമാക്കണമെന്നും കെസി വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദില്ലി പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും എതിരെ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് രാജ്യ തലസ്ഥാനത്തും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈസ്തവ ആചാരത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നും മതപരമായ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയത വളര്‍ത്തി എങ്ങനെയും ഭരണം നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുതെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കൽ. ഓശാന ഞായറാഴ്ച കുരുത്തോല ആശിര്‍വാദത്തിന് നേതൃത്വം നൽകികൊണ്ട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. എല്ലാവരും ഭരണത്തിൽ ഇരിക്കുന്നവരെ ഒത്തിരി പുകഴ്ത്തും അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങൾ അറിയിക്കേണ്ട കടമ ജനങ്ങൾക്കുണ്ടെന്നും വിമർശനത്തിന് ആരും അതീതരല്ലെന്നും ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ പറഞ്ഞു.
ദില്ലി സേക്രഡ് ഹാർട്ട് പള്ളിയിൽ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ച സംഭവം സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനും സിപിഎമ്മിനും വേറെ പണിയില്ലെന്നും വിമർശിച്ചു. ഇന്നലെ ഹനുമാൻ ചാലിസയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്ന് ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. വിതരണത്ഘാടനം രാവിലെ 8 മണിക്ക് കൊടിമരചുവട്ടിൽ ദേവസ്വം – സഹകരണ – തുറമുഖ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും.
കോഴിക്കോട് ബാലുശ്ശേരിയിൽ കാൽനടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാക്കൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഏപ്രിൽ മൂന്നിന് രാത്രി ബാലുശ്ശേരി മുക്കിലായിരുന്നു അപകടം നടന്നത്. മെഡിക്കൽ ഷോപ്പ് ഉടമയായ അബ്ദുൽ കബീർ ആണ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് മരിച്ചത്. പരിക്കേറ്റ കബീറിനെ ആശുപത്രിയിലാക്കിയ ശേഷം യുവാക്കൾ കടന്നു കളയുകയായിരുന്നു.
പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ കേസില്‍ സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാടല്ല സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.സിപിഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണെന്നും ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കുമെന്നും സതീശൻ പരിഹസിച്ചു.
സമരം ശക്തമാക്കി മുന്നോട്ട് പോകാൻ ആശമാർ. രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാ പ്രവർത്തകർ. ഏപ്രിൽ 21 നാണ് തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കുക.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പിവി അൻവര്‍ പറഞ്ഞു.
മുതലപ്പൊഴിയിൽ അഴിമുഖം പൂർണ്ണമായും മണൽ മൂടിയതോടെ തുറമുഖത്ത് മത്സ്യബന്ധനം പൂർണമായി സ്തംഭിച്ചു. കടലിൽ പോകാനാവാതെ തീരവാസികൾ ഉപജീവന പ്രതിസന്ധിയിലാണ്. മീൻപിടുത്തക്കാർ കടലിൽ പോകുന്നത് മരിയാപുരം അഞ്ചുതെങ്ങ് മേഖലകളിൽ നിന്നാണ്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽമാറ്റം കാര്യക്ഷമമല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
കോഴിക്കോട് അതിരൂപതയൂടെ ആദ്യ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ വര്‍ഗ്ഗീസ് ചക്കാലക്കലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സന്ദര്‍ശിച്ചു. ദേവമാതാ കത്തീഡ്രലില്‍ ഓശാന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആശംസകളുമായി എം.വി. ഗോവിന്ദനെത്തിയത്. മന്ത്രി മുഹമ്മദ് റിയാസും കൂടെ ഉണ്ടായിരുന്നു.
നഗരസഭ ഭിന്നശേഷിക്കാർക്ക് നിർമിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ.ബി. ഹെഡ്ഗെവാറിന്റെ പേര് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ന്യായീകരണവുമായി ബിജെപി. ഹെഡ്ഗേവാർ സ്വാതന്ത്രസമര പോരാളിയാണെന്നും കോൺഗ്രസുകാരനായ ഹെഡ്ഗേവാറിൻ്റെ പേരിലെ ആദ്യ സ്ഥാപനമല്ലയിതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി ആലപ്പുഴ മുഹമ്മയിൽ ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി പി പ്രസാദ് എത്താതിരുന്നതിനാൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പി ലാബ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സിപിഎം നേതാക്കളുടെ എതിർപ്പിനെ തുടർന്നാണ് മന്ത്രി വരാതിരുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് കോടതി. പിടിച്ചെടുത്ത കൊക്കെയിന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞു.പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്ന് തുടങ്ങി ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഷൈൻ ടോം ചാക്കോയെ കോടതി കേസിൽ കുറ്റവിമുക്തൻ ആക്കിയത്.
ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാംസ്കാരിക നായകർ ഈ യാഥാർത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സർക്കാരിന്‍റെ അപൂർവ രോഗ ചികിത്സാ പദ്ധതിക്ക് കൈത്താങ്ങാൻ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുവെന്നും ഇതിലൂടെ അനേകം കുഞ്ഞുങ്ങൾക്ക് ആശ്വാസമാകാൻ കഴിഞ്ഞിട്ടുണ്ടെന്നും കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയർത്തിയെന്നും മന്ത്രി പറഞ്ഞു.
അര്‍ധരാത്രിയിൽ പരിശോധന നടത്താനുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. സാധാരണ പരിശോധന മാത്രമാണ് എന്നാണ് പൊലീസ് പറഞ്ഞതെന്നും രാത്രി 12 മണിക്ക് ശേഷം താൻ തന്‍റെ വീട്ടിൽ ഉണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയിലില്ലെന്നും സിദ്ദീഖ് കാപ്പൻ പറഞ്ഞു. മാസത്തിൽ രണ്ട് തവണ ലഖ്നൗ കോടതിയിൽ പോകുന്നയാളാണ് താണെന്നും എല്ലാ ജാമ്യവ്യവസ്ഥകളും കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ മുൻ അഭിഭാഷകൻ പി.ജി. മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. രണ്ടുമാസം മുൻപാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് വീട് വാടകയ്ക്ക് എടുത്തത്. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു എന്നാൽ പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസ് കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു പി.ജി. മനു. ഇന്ന് രാവിലെ വീട്ടുടമ ചായ എത്തിച്ചപ്പോൾ വാങ്ങി കുടിച്ചിരുന്നു അതിനുശേഷം സുഹൃത്തുക്കൾ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വഖഫ് നിയമഭേദഗതിയെ തുടർന്ന് ബംഗാളിൽ പ്രതിഷേധത്തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ മുർഷിദാബാദിലെ ദുലിയയിൽ നിന്ന് 400 ഹിന്ദുക്കൾ പാലായനം ചെയ്തെന്ന് ബിജെപിയുടെ ആരോപണം. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് സമൂഹ മാധ്യമത്തിലൂടെ ആരോപണമുന്നയിച്ചത്. മാൾഡയിലെ സ്കൂളിൽ ഇവർ അഭയം തേടിയെന്നും അധികാരി ഉന്നയിച്ചു. മതത്തിന്റെ പേരിലുള്ള പീഡനം ബംഗാളിൽ യഥാർത്ഥ്യമെന്നും സുവേന്ദു അധികാരി ആരോപിച്ചു. അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ കൂടി അറസ്റ്റ് ചെയ്തു.
മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ ഏജൻറുമായി തഹാവൂർ റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ചെന്ന് എൻഐഎ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലിയുടെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും ഐഎസ്ഐ ബന്ധമുള്ളയാൾ ഇരുവരുടെയും ബാല്യകാല സുഹൃത്താണെന്നുമാണ് സൂചന.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി തമിഴ്നാട്. സമഗ്ര ശിക്ഷാ പദ്ധതിയിലെ 2152 കോടി നൽകണമെന്നാണ് ആവശ്യം. നിയമോപദേശം ലഭിച്ചെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.പിഎം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം എന്നാണ് വാദം. കേരളം അടക്കം സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതം ഉടൻ കൈമാറണമെന്ന പാർലമെന്‍ററി സമിതി റിപ്പോർട്ടും തമിഴ്നാട് ഉന്നയിക്കും.
ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക നിർമാണ ഫാക്ടറിയിൽ ആണ് ഉച്ച തിരിഞ്ഞ് പൊട്ടിത്തെറി ഉണ്ടായത്. ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്നും 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കീവില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഗോഡൗണില്‍ മിസൈല്‍ ആക്രമണം ഉണ്ടായി. ഇന്ത്യന്‍ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫാര്‍മസിയാണ് ആക്രമണത്തില്‍ പൂര്‍ണമായി നശിച്ചത്.
72 മണിക്കൂറിനുള്ളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉണ്ടായത് 3 വ്യത്യസ്ത വിമാനാപകടങ്ങൾ. രണ്ട് അപകടങ്ങൾ ന്യൂയോർക്കിലും ഒരു അപകടം ഫ്ലോറിഡയിലുമാണ് ഉണ്ടായത്. അപകടങ്ങളിൽ ഒരുപാട് പേരുടെ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം രാജ്യത്തുടനീളം വ്യോമയാന സുരക്ഷയുടെ ഭാഗമായി പുതിയ പരിശോധനകളും നടത്തി.
മ്യാൻമറിൽ വീണ്ടും ഭൂചലനം. പുലർച്ചെ 5.5 തീവ്രതയുള്ള ഭൂചലനമാണ് സെൻട്രൽ മ്യാൻമറിലെ ചെറുനഗരമായ മെയ്‌ക്‌തിലയിൽ അനുഭവപ്പെട്ടത്. മാർച്ച് 28ന് 7.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ഭൂകമ്പം. 3649 പേരാണ് മാർച്ച് 28നുണ്ടായ ഭൂചലനത്തിൽ മ്യാൻമറിൽ കൊല്ലപ്പെട്ടത്.
അമേരിക്കയിൽ 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. ഇത്തരത്തിൽ യുഎസിൽ താമസിക്കുന്ന വിദേശ പൗരന്മാർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്ത പക്ഷം പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. ഡൊണാൾഡ് ട്രംപ് ഭരണകൂടം നിലവിൽ വന്നതിന് ശേഷം കുടിയേറ്റ നയങ്ങളിൽ വലിയ നിയന്ത്രണം കൊണ്ടുവന്നിരുന്നു ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.