Untitled design 20250112 193040 0000 2

 

ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർജെഡി യോഗത്തില്‍ ആവശ്യപ്പെട്ടു. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ്. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾക്ക് ഇടയിലെ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 30 നാണ് യോഗം. വിദ്യാർത്ഥി സംഘടനകളുടെയും സംസ്കാരിക സംഘടനളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തിൽ അഭൂതപൂർണ്ണമായ വർദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന ലോണുകളിലും 38 ശതമാനം വർധനവുണ്ടായി. കെ-സ്റ്റോർ വഴി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ പ്രശ്നത്തിൽ റസിഡന്റ് കമ്മീഷണർ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി അയച്ച കത്ത് മന്ത്രി പുറത്ത് വിട്ടു. ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ടയായി കത്തിൽ പറയുന്നത്.

 

രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സിപിഐ എസ്ക്യൂട്ടിവിന്‍റെ ശുപാര്‍ശ. സിപിഐ എക്സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. സിപിഐ നേതാവ് പി രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് നടപടി. പാര്‍ട്ടി നടപടിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ ഇ ഇസ്‍മയില്‍ പറഞ്ഞു.

പി വി അൻവറിന് വിവരം ചോർത്തി നൽകിയതിന് ഡിവൈഎസ്‌പി എം.ഐ ഷാജിയെ പൊലീസ് സ‍ർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ’ ആശ്രമം കത്തിച്ചതിൻ്റെ അന്വേഷണ’ വിവരങ്ങൾ ഉൾപ്പടെ ചോർത്തി നൽകിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെയാണ് നടപടി. ഇൻ്റിലൻജസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ലഹരിക്കെതിരായ പോരാട്ടത്തിൽ നിർണായക തീരുമാനങ്ങളുമായി താമരശ്ശേരി പുതുപ്പാടിയിലെ 23 മഹല്ല് കമ്മറ്റികളുടെ സംയുക്ത യോഗം. ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ വിവാഹത്തിന് മഹല്ലുകൾ സഹകരിക്കില്ലെന്നും ലഹരി കുറ്റവാളികളെ മഹല്ലുകൾ ബഹിഷ്കരിക്കുമെന്നും ഇവർ വ്യക്തമാക്കി.

 

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികൾ കോടതിയില്‍ എത്തുമ്പോള്‍ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പാതിവില തട്ടിപ്പുകേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാറിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പല കേസുകളും പരിഗണിച്ചാണ് നിരീക്ഷണം.

കിഴിശ്ശേരിയിൽ മഞ്ചേരി റോഡിൽ ഗുഡ്സ് ഇടിച്ച് അതിഥി തൊഴിലാളി മരിച്ച സംഭവം കൊലപാതകം എന്ന് സംശയം. ഇന്നലെ രാത്രി ഇസ്സത് സ്‌കൂളിന്‍റെ സമീപമായിരുന്നു സംഭവം.കേസില്‍ അസം സ്വദേശി ഗുൽസാർ ഹുസൈനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കിൽ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.

 

സർക്കാർ ജീവനക്കാർക്ക് ആശ്വാസം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഡിഎ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ജനകീയം ഡി ഹണ്ടിന്‍റെ ഭാഗമായി വാടാനപ്പിള്ളി പൊലീസ് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ്പിടിയിൽ. ഏങ്ങണ്ടിയൂർ സ്വദേശി അഖിൻ (36) ആണ് പൊലീസിന്‍റെ പിടിയിലായത്. വാടാനപ്പിള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

യുവാവിനെ വീട്ടിൽ നിന്നും വിളിച്ചുവരുത്തി മർദിച്ച സംഭവത്തിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശികളായ ജോർജി ഫ്രാൻസിസ് (24), തൻസീർ (27) എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ രജിത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.

 

മുൻ ഇസ്രോ ചെയർമാനും മലയാളിയുമായ എസ് സോമനാഥിനെ ആന്ധ്ര സർക്കാരിന്‍റെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു. ഇസ്രോ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്. ആന്ധ്ര ചീഫ് സെക്രട്ടറി കെ വിജയാനന്ദ് നിയമന ഉത്തരവ് പുറത്തിറക്കി. ടെക്, വ്യവസായ വികസനരംഗത്ത് കൂടുതൽ പ്രമുഖരെ ചന്ദ്രബാബു നായിഡു ഉപദേശകപദവിയിൽ നിയമിച്ചിട്ടുണ്ട്.

 

ആദ്യമായി മയക്കുമരുന്ന് കേസില്‍ കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ്. നാദാപുരം ചെക്യാട് സ്വദേശി നംഷിദി (38) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. കരുതല്‍ തടങ്കല്‍ നിയമപ്രകാരം നംഷിദിന് ഒരു വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. ചെന്നൈയിലെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റീജ്യണല്‍ ഓഫീസില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് ശിക്ഷാ നടപടി.

ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 38.8 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. പിടിയിലായത് ഘാന സ്വദേശിനിയാണെന്നും വിലയേറിയ കൊക്കൈനാണ് ഇവർ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചതെന്നും അധികൃതർ അറിയിച്ചു.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യൂസർ ഫീ വർദ്ധിപ്പിക്കാൻ നിർദേശം. മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ആണ് ഛത്രപതി ശിവാജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ടിലെ യൂസർ ഫീ വർദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള യൂസർ ഫീസ് 650 രൂപയായി വർദ്ധിപ്പിക്കാൻ നിർദേശിച്ചു. നിലവിൽ ആഭ്യന്ത യാത്രക്കാർക്ക് യൂസർ ഫീസ് ഇല്ല. യൂസർ ഫീസ് പരിഷ്കരണത്തിനായി എംഐഎഎൽ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിക്ക് നിർദേശം സമർപ്പിച്ചു.

 

ചത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ നീക്കം കടുപ്പിച്ച് കേന്ദ്ര സർക്കാർ. രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.കാങ്കെറിൽ നടന്ന ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ എട്ടാംതവണയും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ട് ഫിന്‍ലന്‍ഡ്. പട്ടികയില്‍ 118-ാം സ്ഥാനത്താണ് ഇന്ത്യ.

വരുമാനം നേടാൻ ശേഷിയുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താവില്‍നിന്ന് ഇടക്കാല ജീവനാംശം അവകാശപ്പെടരുതെന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. നിയമം അലസത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

കർണാടകയിൽ എം.എൽ.എമാരുടെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. അടിസ്ഥാന ശമ്പളം 40000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. പുതിയ ശമ്പള വർധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വർധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വർധനവാണ് രണ്ട് ലക്ഷത്തോളം രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായത്.

 

കര്‍ണാടക നിയമസഭയില്‍ ആളിക്കത്തി ഹണിട്രാപ്പ് വിവാദം. ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കിക്കഴിഞ്ഞുവെന്ന് സഹകരണമന്ത്രി കെ.എന്‍ രാജണ്ണ സഭയില്‍ ആരോപിച്ചു…രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ നേതാക്കളടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും.

ശനിയാഴ്ച (മാര്‍ച്ച്22) കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകള്‍. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *