ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയെ തറപ്പറ്റിച്ച് ബിജെപി നേടിയ ചരിത്ര വിജയത്തിൽ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ദില്ലിക്ക് സല്യൂട്ടെന്നും മോദി എക്സിൽ കുറിച്ചു. വികസനം വിജയിച്ചുവെന്നും കേന്ദ്രത്തിന്‍റെ നല്ല ഭരണത്തിനുള്ള ഫലമാണിതെന്നും മോദി കുറിച്ചു.
എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭൂമി തരംമാറ്റൽ അനുമതി നിഷേധിച്ചത് സിപിഐ എതിർപ്പായി കാണുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യും. തടസമായ ഘടകങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകും എന്നും അദ്ദേഹം ചൂണ്ടിക്കട്ടി .
ബ്രൂവറിക്ക് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതി സമ്മതമറിയിച്ചെന്നത് തെറ്റായ പ്രചരണമെന്ന് കോൺഗ്രസ് എംപി വി.കെ ശ്രീകണ്ഠൻ. പഞ്ചായത്ത് ഭരണത്തെ മദ്യക്കമ്പനിക്ക് വേണ്ടി അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വികെ ശ്രീകണ്ഠൻ ആരോപിച്ചു. സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് കുതിരക്കച്ചവടം നടത്താനാണെന്നും ശ്രീകണ്ഠൻ എംപി ആരോപിച്ചു.
കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചേക്കുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കെ മുരളീധരന്‍ .കിഫ്ബിയുടെ ടോൾ ബൂത്തുകൾ തുടങ്ങിയാൽ അടിച്ചുപൊളിച്ചിരിക്കും.ഇത്രകാലവും ഞങ്ങൾ നടത്തിയത് വെജിറ്റേറിയൻ സമരം ആണെങ്കിൽ ഇനി നോൺ വെജിറ്റേറിയൻ സമരം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കിഫ്ബി റോഡുകൾക്ക് ടോൾ ഏര്‍പ്പെടുത്തുന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ വിശദമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ടോളിനോട് പൊതുവെ അനുകൂല സമീപനം ഇടതുപക്ഷത്തിനില്ല. മുന്നണിയിൽ ഇക്കാര്യം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ഇടതുമുന്നണി കൺവീനറുടെ വാദവും സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി.
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഇക്കാര്യമറിയിച്ചത്. ആദ്യമായി സംസ്ഥാന തലത്തില്‍ വികസിപ്പിക്കുന്ന ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിന് വേണ്ട സാങ്കേതിക സഹായം ലോകാരോഗ്യ സംഘടന നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.
ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയത് . സ്ത്രീകളുടെ വാര്‍ഡുകളില്‍ പുരുഷ അറ്റന്‍റര്‍മാരെ നിയോഗിക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.
ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വയം ഇല്ലാതാകാനും ആം ആദ്മി പാര്‍ട്ടിയെ തോല്‍പിക്കാനും കോണ്‍ഗ്രസ് ചിന്തിച്ചതുകൊണ്ടാണ് ബിജെപി അധികാരത്തില്‍വന്നതെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു.. ഒരു ഐക്യമുന്നണി രൂപപ്പെടുത്തി വിശാലമായ ഒരു ബിജെപി വിരുദ്ധ മുന്നണിക്ക് രൂപംകൊടുക്കുന്ന നിലപാട് സ്വീകരിക്കാത്തതിന്റെ ഫലമായി വലിയ നഷ്ടമാണ് ഇന്ത്യാ ബ്ലോക്കിന് മുഴുവന്‍ ഉണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ. നവീൻ ബാബു തസ്തികയിൽ ജോലിചെയ്തിരുന്ന ഘട്ടത്തിൽ പരാതികൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.
ചെര്‍പ്പുളശ്ശേരി: കാറല്‍മണ്ണ ഹെല്‍ത്ത് സെന്ററില്‍ സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ലോഡ് കണക്കിന് പഴയ പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് സംഭവം. ഷീറ്റ് മേഞ്ഞ സംഭരണ കേന്ദ്രത്തില്‍നിന്നുള്ള തീ റേഡിലേക്കും ജനവാസ മേഖലയിലേക്കും ആളിപ്പടരുന്നത് നാട്ടുകാര്‍ അണച്ചു.
മലപ്പുറം എളങ്കൂറിലെ വിഷ്ണുജ ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് പ്രഭിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ റിമാൻഡിൽ ജയിലിലായതോടെയാണ് മഞ്ചേരി ഗവൺമെന്‍റ് മെഡിക്കൽ കോളേജില്‍ നഴ്സായ പ്രഭിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രഭിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
ഉത്തർപ്രദേശിലെ മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി. 70,000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ സമാജ് വാദി പാർട്ടിയുടെ അജിത് പ്രസാദിനെ ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പസ്വാൻ പരാജയപ്പെടുത്തി. അയോധ്യ ലോക്സഭ സീറ്റിലേറ്റ പരാജയത്തിനു ശേഷം മിൽകിപൂരിലെ വിജയം ബിജെപിക്ക് വൻ ആശ്വാസമായി. അയോധ്യയിൽ വിജയിച്ച ശേഷം എസ്പി നേതാവ് അവധേഷ് പ്രസാദ് ഒഴിഞ്ഞ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ദില്ലിയിലേത് ഐതിഹാസിക വിജയമെന്ന് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. മോദി ഗ്യരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദിയറിയിച്ച മോദി, ദില്ലി ഇപ്പോൾ ദുരന്ത മുക്തമായെന്നും ആംആദ്മിയെ പരിഹസിച്ച് കൂട്ടിച്ചേർത്തു. ദില്ലി മിനി ഹിന്ദുസ്ഥാനാണ്. ദില്ലി ഇപ്പോൾ ബിജെപിക്ക് അവസരം നൽകിയിരിക്കുന്നു. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ സമാനതകളില്ലാത്ത വികസനം നടപ്പാക്കിയെന്ന് മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങൾ പരാമർശിച്ച് മോദി പറഞ്ഞു.
27 വർഷത്തെ ഇടവേളയ്ക്കു ശേഷം ദില്ലിയിൽ അധികാരം തിരികെ പിടിച്ച ബിജെപി നേടിയത് ആകെയുള്ള 70 സീറ്റിൽ 48 സീറ്റുകൾ. കഴിഞ്ഞ തവണ 62 സീറ്റുണ്ടായിരുന്ന ആംആദ്മി പാർട്ടി 22 സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 47.17 ശതമാനം വോട്ടും ആംആദ്മി പാർട്ടി 43.5 ശതമാനം വോട്ടും നേടി. 6.36 ശതമാനമാണ് കോൺഗ്രസിൻറെ വോട്ടു വിഹിതം.
ദില്ലിയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിൽ കല്ലുകടി തുടങ്ങി. കോൺഗ്രസും എഎപിയും പരസ്പരം മത്സരിച്ചതിനെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള കടന്നാക്രമിച്ചു. പല സീറ്റുകളിലും കോൺഗ്രസ് പിടിച്ച വോട്ട് ആം ആദ്മി പാർട്ടി സ്ഥാനാർഥികൾക്ക് തിരിച്ചടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എഎപിയും കെജ്‍രിവാളിനെയും വിമർശിച്ച് അണ്ണാ ഹസാരെയും രംഗത്തെത്തി. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം. കെജ്‍രിവാൾ പണം കണ്ട് മതി മറന്നെന്നും മദ്യത്തിൽ മാത്രമായി ശ്രദ്ധയെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
ദില്ലിയിലെ ജനങ്ങൾ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. 27 വർഷത്തിനു ശേഷം ദില്ലിയിൽ ബിജെപിയുടെ വിജയം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. തെഞ്ഞെടുപ്പിൽ തോറ്റവർ കൂടുതൽ കഠിനാധ്വാനം ചെയ്യണം. നിലത്ത് നിൽക്കണം, ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഉൾപ്പെടെ നാഷണൽ അസസ്‌മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഇൻസ്പെക്ഷൻ കമ്മിറ്റി അധ്യക്ഷനെയും ആറ് അംഗങ്ങളെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്തു.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും. ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. പാര്‍ട്ടിയിലെ മുൻനിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുൾപ്പെടെ പരാജയപ്പെട്ടപ്പോൾ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്.
അരവിന്ദ് കെജ്‌രിവാളിന്റെ പരാജയത്തില്‍ പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡല്‍ഹിയിലെ ജനങ്ങള്‍ അരവിന്ദ് കെജ്‌രിവാളിന് കനത്ത പരാജയമാണ് നല്‍കിയതെന്നും ഇപ്പോള്‍ ജയിലില്‍ പോകാനും സ്വന്തം കുറ്റകൃത്യങ്ങള്‍ക്ക് പ്രതിഫലം നല്‍കാനും അവര്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കിയിരിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. മഹാകുഭമേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസില്‍ ശനിയാഴ്ചയും കേരളത്തിന് സ്വര്‍ണം. വനിതകളുടെ തെയ്ക്വാന്‍ഡോയില്‍ കേരളത്തിന്റെ മാര്‍ഗരറ്റ് മരിയ റെജിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇതിനുപുറമേ ഏഴു വെങ്കലവും കേരളം നേടി.