ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കി അതനുസരിച്ച് ജീവിക്കൂവെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തിയെഴുതാൻ ബിജെപി പദ്ധതിയിടുന്നുവെന്ന് രാഹുൽ​ഗാന്ധിയും കോൺ​ഗ്രസും നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

 

കെഎസ്ആർടിസി ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്നത്തെ ടിഡിഎഫ് സമരം പൊളിഞ്ഞു . ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. കെഎസ്ആർടിസി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

കിഫ്ബി റോഡിൽ ടോൾ വെച്ചാൽ അന്ന് തന്നെ പൊളിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി. കെ എൻ ബാലഗോപാലിനും പി രാജീവിനും റാൻ മൂളി നിക്കാതെ വഴിയിലായിരിക്കും യൂത്ത് കോൺഗ്രസ് പ്രവർത്തരെന്നും സാധാരണക്കാരന്റെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കാം എന്നാണ് പിണറായിയും മുഹമ്മദ് റിയാസും വിചാരിച്ചതെങ്കിൽ കിഫ്ബി റോഡിലല്ല ഒരു റോഡിലും നിങ്ങളിറങ്ങില്ലെന്നും അബിൻ വർക്കി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

 

കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതെല്ലാം ജനങ്ങള്‍ക്കു മേല്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോൾ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.

 

തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എൽപിഎസിലെ കുട്ടികൾ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത പച്ചക്കറികൾ മോഷണം പോയി. 30 ഓളം കോളിഫ്ലവറുകളും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്. തങ്ങളുടെ പച്ചക്കറി മോഷ്ടിച്ച കള്ളനെ പിടികൂടാൻ വിദ്യാഭ്യാസ മന്ത്രിയുടെ അടക്കം സഹായം തേടിയിരിക്കുകയാണ് സ്കൂളിലെ വിദ്യാർത്ഥികൾ.വലിയ സങ്കടമായി എന്നാണ് എൽപി സ്കൂൾ വിദ്യാർത്ഥികൾ പ്രതികരിക്കുന്നത്.

 

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ 29,000 റോബോട്ടിക് കിറ്റുകൾ പൂർത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 8-ന്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐടി വകുപ്പിനു കീഴിലുള്ള ഐസിഫോസിൽ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടക്കും.

അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. സ്കൂൾ കുട്ടികളടക്കം 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 50ലേറെ പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്.

 

തൃശ്ശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആനയെ തളച്ച് ലോറിയിൽ കയറ്റി.മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തു. സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. ഇരുവർക്കും പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.

 

കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വി.എച്ച്.എഫ് മറൈൻ റേഡിയോയുടെ വിതരണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. റേഡിയോ 2020ൽ 6253 രൂപ അടച്ചെങ്കിലും വയർലെസ് ലഭിച്ചില്ലെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.പ്രദേശവാസികളുടെ വൈകാരിക പ്രകടനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ വൻ സുരക്ഷയാണ് പോത്തുണ്ടി മുതൽ ബോയൻ കോളനി വരെ ഒരുക്കിയത്. എന്നാൽ, നാട്ടുകാർ പൊലീസിനോട് പൂർണമായി സഹകരിച്ചു.

 

ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്‍റെ ആത്മഹത്യയില്‍ സ്കൂളിനെതിരെ മിഹിറിന്‍റെ അമ്മ. വിശദീകരണ കത്തിലൂടെ സ്കൂള്‍ തെറ്റിധരിപ്പിക്കുന്നു. മിഹിര്‍ റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളൂടെയാണ് അറിഞ്ഞതെന്ന സ്കൂളിന്‍റെ വാദം തെറ്റാണെന്നും സ്കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ തന്‍റെ മകന്‍ ജീവിനൊടുക്കില്ലായിരുന്നുവെന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മിഹിറിനെ മുന്‍പ് പഠിച്ച സ്കൂളില്‍ നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അമ്മ വ്യക്തമാക്കി.

ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷം കൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാന്‍സര്‍ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

തന്‍റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

 

ബാലരാമപുരത്ത് ദേവേന്ദുവെന്ന രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ തനിക്ക് പങ്കില്ലെന്ന് ജോത്സ്യന്‍ ശംഖുമുഖം ദേവീദാസന്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് ശ്രീതുവിന് ഒരു മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ശ്രീതു തല മുണ്ഡനം ചെയ്തത് തന്റെ നിര്‍ദേശ പ്രകാരം അല്ലെന്നും ശംഖുമുഖം ദേവീദാസന്‍ പറഞ്ഞു.

ഇലക്ട്രിക് പോസ്റ്റുകള്‍ മോഷ്ടിച്ചയാള്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കി ഒറിസ ഹൈക്കോടതി. 200 മരത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നും രണ്ട് വര്‍ഷത്തേക്ക് പരിപാലിക്കണമെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം അനുവധിച്ചത്. മാനസ് ആതി എന്ന ജാര്‍സുഗുഡ സ്വദേശിക്ക് വ്യത്യസ്തമായ ഉപാധികളോടെ ജസ്റ്റിസ് എസ് കെ പ്രാണിഗ്രഹിയാണ് തിങ്കളാഴ്ച ജാമ്യം നല്‍കിയത്.

 

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ല. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏല്‍പ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി എന്നും അദ്ദേഹം പറഞ്ഞു.

 

കണ്ടെയ്നറുകളിൽ കാലികളെ കൊണ്ടുപോകുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാലികള്‍ക്ക് കണ്ടെയ്നറിനുള്ളിൽ കിടക്കാൻ മതിയായ സ്ഥലം നൽകണം. കാലികൽ ഉണര്‍ന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്ത് അതിക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു.

 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ചയ്ക്ക് മറുപടി പറയവെ പ്രതിപക്ഷനേതാക്കളെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം വിനോദത്തിന് വേണ്ടി പാവപ്പെട്ടവരുടെ കുടിലുകളില്‍ ഫോട്ടോഷൂട്ട് നടത്തുന്നവര്‍ക്ക്, പാര്‍ലമെന്റില്‍ ദരിദ്രരെക്കുറിച്ച് പരാമര്‍ശിക്കുന്നത് ബോറടിയായി തോന്നുമെന്ന് മോദി പറഞ്ഞു. ചിലനേതാക്കള്‍ ആഡംബരംനിറഞ്ഞ കുളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. എന്നാല്‍, എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും മോദി അവകാശപ്പെട്ടു.

മഹാകുംഭമേളയ്ക്കിടെ ജനുവരി 29-ാം തീയതി തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിക്കുകയും അറുപതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ‘അത്ര വലിയ സംഭവമായിരുന്നില്ലെ’ന്ന് ബി.ജെ.പി. എം.പിയും നടിയുമായ ഹേമമാലിനി. ദുരന്തത്തേക്കുറിച്ച് ലോക്‌സഭയില്‍ പരാമര്‍ശിക്കുകയും യു.പി. സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത സമാജ്‌വാദി പാര്‍ട്ടി എം.പി. അഖിലേഷ് യാദവിനെ അവര്‍ കടന്നാക്രമിക്കുകയും ചെയ്തു.

 

പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡ ജില്ലയില്‍പശുമോഷണം കൂടിയതോടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കര്‍ണാടക ഫിഷറീസ്- തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയാണ് മങ്കല സുബ്ബ വൈദ്യ.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബുധനാഴ്ച മഹാകുംഭമേളയ്‌ക്കെത്തി പ്രയാഗ്‌രാജിലെ ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യും. രാവിലെ പത്തുമണിയോടെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തുന്ന മോദി, 11-നും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യസ്‌നാനം നിര്‍വഹിക്കുക.

 

നികുതിയടക്കാതെ റോഡിലിറങ്ങിയ ആഡംബര കാറുകൾ ബംഗളൂരു ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ഓസ്റ്റിൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെ 30 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്. ട്രാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ സി മല്ലികാർജുന്‍റെ നേതൃത്വത്തിൽ 41 ഉദ്യോഗസ്ഥരുടെ സംഘമാണ് ഓപ്പറേഷൻ നടത്തിയത്.

 

പ്രധാനമന്ത്രി പദത്തിൽ നിന്ന് വിരമിക്കുമോയെന്ന ചോദ്യങ്ങൾ അപ്രസക്തമാക്കി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പദത്തിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന സന്ദേശം നരേന്ദ്ര മോദി നൽകിയത്. പ്രധാനമന്ത്രി പദത്തിൽ ഇത് തൻറെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം ഏറെക്കാലം രാജ്യത്തിൻറെ വികസനത്തിനായി താനുണ്ടാകുമെന്നും പറഞ്ഞു.

 

ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമർശനവും. വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ട് എന്ന് തെളിയിക്കാനാകൂ എന്ന് ചിലർ കരുതുന്നു എന്നായിരുന്നു രാഹുലിനെ ഉന്നമിട്ടുള്ള മോദിയുടെ പരിഹാസം. താൻ പറയുന്നത് ശശി തരൂരിനോടല്ല എന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി എടുത്തുപറഞ്ഞത് ശ്രദ്ധേയമായി.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *