63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും.
63ാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പിവി അൻവറിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് രംഗത്ത്. നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങൾ നടന്നപ്പോൾ അൻവറിനെ കണ്ടിട്ടില്ല. യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം. ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഇറക്കിയ ടർക്കിഷ് വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ട ടർക്കിഷ് വിമാനത്തിലെ യാത്രക്കാരെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. തുർക്കിയിലെ ഇസ്താംബൂളിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടർക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51 ന് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെർമിനലിൽ ഇറക്കിയത്.
പെരിയ ഇരട്ടക്കൊലക്കേസില്‍ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരുപങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷം എ.കെ.ജി. സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വയനാട്ടിലേത് പാർട്ടി കാര്യമാണ്. എല്ലാം സംസാരിച്ചു ഒതുക്കിയതാണ്. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല. കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്‍റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ നാഷണൽ സർവീസ് സ്‌കീമും (എൻഎസ്എസ്.) ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറ കണ്ണുകൾ പകർത്തും. തദ്ദേശഭരണ വകുപ്പും ശുചിത്വ മിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.
പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ 2861 പരിശോധനകള്‍ കൂടാതെയാണിത്. 109 പ്രത്യേക സ്‌ക്വാഡുകളാണ് പുതുവത്സര വിപണിയില്‍ പരിശോധനകള്‍ നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 21 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്രി അറിയിച്ചു.
പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നൽകുന്നതടക്കം നിർദേശങ്ങളുമായി സിപിഐ സംസ്ഥാന നേതൃത്വം. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വര്‍ഷത്തിനൊടുവിൽ മദ്യപാനം സംബന്ധിച്ച നിലപാട് തിരുത്തുന്നത്. പ്രവർത്തകർക്ക് മദ്യപിക്കാം, എന്നാൽ അമിതമാവരുതെന്നാണ് നിർദേശം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല പെട്ടി വിവാദവുമായി ബന്ധപ്പെട്ട് എൻഎൻ കൃഷ്ണദാസിന് താക്കീത് നൽകി സിപിഎം. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. പാലക്കാട് പെട്ടി വിഷയത്തിൽ തെറ്റായ പരാമർശം നടത്തിയതിനാണ് നടപടിയുണ്ടായത്.
എറണാകുളം ജില്ലയിൽ നെടുമ്പാശേരിക്കടുത്ത് കരിയാട് നിന്നും എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ പിടിയിലായി. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 100 ഗ്രാം എംഡിഎംഎ കണ്ടെത്തി.
കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടിയതായി പൊലീസ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ വ്യാജ ഡീസൽ ശേഖരം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് എ സി പി ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തുകയാണ്.
കൊല്ലം പടപ്പക്കരയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി അഖിലിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ കൊലപാതകം നടന്ന പടപ്പക്കരയിലെ വീട്ടിലും അമ്മയുടെ മൊബൈൽ ഫോൺ വിറ്റ കൊട്ടിയത്തെ കടയിലും എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയ രീതി പ്രതി പൊലീസിന് വിവരിച്ചു നൽകി. 2024 ഓഗസ്റ്റിലാണ് അഖിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആൻ്റണിയെയും കൊലപ്പെടുത്തിയത്.
സംസ്ഥാനത്ത് നാളെ എട്ട് ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നേരിയ മഴയക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.
ബിഹാറിലെ ചന്തയില്‍ പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം കണ്ടെത്തി. തലസ്ഥാനമായ പാറ്റ്‌നയിലെ മാർക്കറ്റിലാണ് 500 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തേക്ക് ഭക്തർ ഒഴുകിയെത്തി. പുരാതന ശിവലിംഗവും രണ്ടു കാല്‍പ്പാദങ്ങളുടെ വിഗ്രഹവുമാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പൻ്റെ മരണത്തിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ കർണാടക വനംവകുപ്പ്. ചാമരാജ് നഗറിലെ തമിഴ്നാട്-കർണാടക അതിർത്തിയിൽ വീരപ്പൻ ആധിപത്യം സ്ഥാപിച്ച 22 കിലോമീറ്റർ ദൂരം സഞ്ചാരികൾക്കായി സഫാരി ഉടന്‍ തുടങ്ങും.
എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് രോഗമുക്തനായി. കുട്ടി ആശുപത്രി വിട്ടു. ഇതോടെ കർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായി. നിലവിൽ കർണാടകയിൽ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
2025-26 വർഷത്തിൽ സൈനിക് സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ്, ഒൻപതാം ക്ലാസ് പ്രവേശനത്തിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചത്. ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ എൻട്രൻസ് പരീക്ഷയിലൂടെയാണ് (എഐഎസ്എസ്ഇഇ) പ്രവേശനം. സൈനിക സ്കൂളുകളിൽ റസിഡൻഷ്യൽ രീതിയിലായിരിക്കും പഠനം.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇന്നത്തേത് തൻ്റെ അവസാനത്തെ വാർത്താ സമ്മേളനമാണെന്നും ശിഷ്ടകാലം അഞ്ച് മാസം ഹിമാലയത്തിൽ ധ്യാനമിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി
രാജ്യത്ത് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.