വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് തിരിച്ചടിയായി വീണ്ടും കേന്ദ്രസർക്കാരിൻ്റെ നിലപാട്. വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. കൂടാതെ പ്രത്യേക പാക്കേജിനെ കുറിച്ചും ആഭ്യന്തര സഹമന്ത്രി പ്രതികരിച്ചില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലിൽ പാർലമെന്റിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രതിപക്ഷ ബഹളത്തിനിടെ ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി.
പാലക്കാട് പനയമ്പാടത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ചു. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്.കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
പാലക്കാട് പനയമ്പാടത്ത് ഉണ്ടായ ലോറി അപകടത്തിൽ 4 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. എന്നാൽ പരിഹാരം നൽകാമെന്ന പൊലീസിൻ്റെ വാക്കുകളൊന്നും നാട്ടുകാർ മുഖവിലക്കെടുക്കാതെ പ്രതിഷേധം തുടരുകയാണ്. ജനപ്രതിനിധികൾ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ . അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു.
പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും കുട്ടികള്‍ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ദില്ലിയിൽ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കുനേരെയാണ് ലോറി ഇടിച്ചുകയറിയത്. സംഭവത്തിൽ കര്‍ശനമായ നടപടിയെടുക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
കരുനാഗപ്പള്ളിയിലെ വിഭാഗീയതക്കെതിരെ വടിയെടുത്ത് സിപിഎം കൊല്ലം ജില്ലാ സമ്മേളനം. പി.ആർ വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള 4 ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. എസ്.സുദേവനെ രണ്ടാമതും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐസിഎംആര്‍ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും രണ്ടു കോടി രൂപ മെഡിക്കല്‍ കോളേജിന് ലഭിക്കും.
എഡിഎം നവീൻ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹർജിക്കാരിയായ ഭാര്യ മഞ്ജുഷ കോടതിയെ അറിയിച്ചു. തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീൻ ബാബു പറഞ്ഞതായുളള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹർജിക്കാരി ആരോപിച്ചു. കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടില്ലെന്നും ഇതു പരിശോധിച്ചാൽ തന്നെ നവീൻ ബാബു ഈ യോഗത്തിനുശേഷം കളക്ടറെ പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നുവെന്നും ഹാരജിക്കാരി ആരോപിച്ചു. ആശങ്കകൾ പരിഹരിക്കാൻ കേസ് സിബിഐക്ക് വിടണമെന്നും ഹർജിക്കാരി വ്യക്തമാക്കി.
തിരുവനനന്തപുരം വഞ്ചിയൂരില്‍ റോഡ് കയ്യേറിയുള്ള സിപിഎം സമ്മേളനത്തില്‍ സ്റ്റേഷന്‍റെ മുന്നില്‍ തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പൊലീസ് അനങ്ങാതിരുന്നത് എന്ത് കൊണ്ടാണെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി കോടതി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതം തടസപ്പെടുത്തിയുള്ള സിപിഐ സമരത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ആലോചിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അനര്‍ഹമായി വാങ്ങിയ പെന്‍ഷന്‍ തുക പിഴ സഹിതം തിരികെ ഈടാക്കും. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി മാല പാര്‍വതി ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകാൻ താത്പര്യമില്ലെന്നും കമ്മറ്റിയുടെ മുന്നിലാണ് മൊഴി നൽകിയതെന്നും പരാതിയല്ല നൽകിയതെന്നും ഹർജിക്കാർ വ്യക്തമാക്കി. താത്പര്യമില്ലാത്തവരുടെ മൊഴിയെടുക്കാൻ നിർബന്ധിക്കേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസയച്ചു. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്ന ആക്രമിക്കപ്പെട്ട നടിയിുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാനായി മാറ്റി.
വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതൽ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിഅറിയിച്ചു. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. വയനാട് പുനരധിവാസത്തിന് 2300 കോടിയോളം രൂപയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കണക്കുകൾ ഹാജരാക്കിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍. സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങി. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിലവില്‍ കേരളത്തിലെ മൂന്ന് ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് റെഡ് അലെര്‍ട്ട്.
പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി ഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനൽ കോടതിയിൽ ചേരാൻ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചു. ഇന്നത്തെ എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ മറ്റൊരു തീയതി പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാനുള്ള ഒരു പുതിയ ഹർജിയും പരിഗണിക്കരുതെന്ന് കീഴ്ക്കോടതികൾക്ക് നിർദ്ദേശം നല്‍കി സുപ്രീംകോടതി. നിലവിലെ ഹർജികളിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് വരെ സർവേ അടക്കമുള്ള ഉത്തരവുകള്‍ കീഴ്ക്കോടതികള്‍ നല്‍കരുതെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. സംഭൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധി ഹർജികൾ സുപ്രീംകോടതിയിൽ എത്തിയ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.
ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാരായൺപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലുള്ള അബുജ്മർ പട്ടണത്തോട് ചേർന്ന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടൽ നടന്നതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തില്‍ പുതുചരിത്രമെഴുതി ലോക ചാമ്പ്യനായി. നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അവസാന ഗെയിംസില്‍ അട്ടിമറിച്ചാണ് 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കിയത്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ ആണ് ഗുകേഷ് .
രാജ്യത്ത് റോഡ് അപകടങ്ങൾ വർധിച്ചതായും ജനങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് അപകടങ്ങളെക്കുറിച്ച് ചർച്ച നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ, താൻ മുഖം മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.