ആരാധനാലയ സംരക്ഷണ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുമെന്ന തീരുമാനവുമായി സുപ്രീംകോടതി. ഡിസംബർ പന്ത്രണ്ട് മുതൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യയ ഉൾപ്പെടെ നൽകിയ ഹർജികളിൽ കഴിഞ്ഞ വർഷം കേന്ദ്രസർക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നു. പിന്നീട് ഹർജികൾ കോടതി പരിഗണിച്ചിരുന്നില്ല .
വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോൾ വിശദീകരണവുമായി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ അഞ്ച് മുതൽ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കിൽ നാമമാത്രമായ വർധനവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി വിശദീകരണം.
സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിലുണ്ടായിരുന്ന തടസങ്ങൾ പരിഹരിച്ചതായി മന്ത്രി പി രാജീവ്. 588.11 കോടി രൂപ പദ്ധതിക്കായി ആർബിഡിസിക്ക് കൈമാറി. സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് എൻ എ ഡി – മഹിളാലയം ഭാഗത്തിൻ്റെ നിർമ്മാണത്തിനുള്ള 19(1) വിജ്ഞാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.സ്ഥലമുടമകളുടെ ഹിയറിംഗിനുള്ള നടപടികളും സമയബന്ധിതമായി പൂർത്തിയാക്കും എന്നും മന്ത്രി അറിയിച്ചു.
സീറോ മലബാർ സഭയ്ക്ക് ചരിത്ര നിയോഗമാണ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ പദവിയെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. ലളിത ജീവിതം നയിക്കുന്ന വൈദികനാണ് മാർ ജോർജ് ജേക്കബ് കൂവക്കാട്. മാർപാപ്പയുടെ ഭാരത സന്ദർശനത്തിന് സഹായകരമാകും കൂവക്കാടിന്റെ കർദിനാൾ പദവിയെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.നയതന്ത്ര രംഗത്തുള്ള മാർ കൂവക്കാടിന്റെ പ്രാഗത്ഭ്യം മാർപാപ്പ നേരിട്ട് മനസ്സിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ. പുന്നപ്ര പറവൂരിലെ ജി സുധാകരന്‍റെ വീട്ടിലെത്തിയാണ് പി ജയരാജൻ കൂടിക്കാഴ്ച നടത്തിയത്. ജി.സുധാകരന്‍റെ സഹോദരൻ ജി.ഭുവനേശ്വരൻ രക്തസാക്ഷിത്വ വാർഷിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് പി ജയരാജൻ. ജി സുധാകരന്‍റെ സഹോദരന്‍റെ രക്തസാക്ഷി അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്നും പി ജയരാജൻ പറഞ്ഞു.
പരമ്പരകൾക്ക് സെൻസർഷിപ് വേണമെന്നും സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ശ്രീകുമാരൻ തമ്പി. ദേശാഭിമാനി വാരികയിൽ വർഷങ്ങൾക്ക് മുമ്പ് പരസ്യപ്പെടുത്തിയ തന്റെ അഭിമുഖത്തിലാണ് ഈ ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചതെന്നും സ്വന്തമായി പരമ്പര നിർമ്മിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഈ അഭിപ്രായം തുറന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പ്രകടിപ്പിച്ചിരിക്കുന്നുവെന്നും താൻ അദ്ദേഹത്തോടു പൂർണ്ണമായും യോജിക്കുന്നുവെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി.
നടൻ ദിലീപിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ടുള്ള കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ദിലീപിന്റെ സോപാനത്തിന് മുന്നിലെ ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിക്ക് കൈമാറി . ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ചു. ദിലീപ് സോപാനത്തിൽ തുടർന്നതിനാൽ മറ്റ് ഭക്തർക്ക് ദർശനത്തിൽ കാലതാമസമുണ്ടായെന്നും കോടതി കുറ്റപ്പെടുത്തി.
ദിലീപിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. സോപാനത്തിന് മുന്നിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുതെന്നും കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും ഇക്കാര്യം പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ്, തൊട്ടടുത്ത ദിവസം കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്.
കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. എംകെ രാഘവൻ എംപിയാണ് കോളേജ് ചെയർമാൻ. ഇവിടെ 2 അറ്റൻഡർ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. എന്നാൽ അഭിമുഖത്തിന് മുമ്പ് തന്നെ എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തനകന് നിയമനം നൽകാനുള്ള നീക്കമുണ്ടെന്നാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങൾ കോഴ വാങ്ങിയെന്നാണ് ആക്ഷേപം.
ബിപിൻ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്.ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ബിപിൻ സി ബാബുവിനെയും മധു മുല്ലശ്ശേരിയെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തത്.കഴിഞ്ഞ തിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ട മധു മുലശ്ശേരിയും മകൻ മിഥു മുല്ലശ്ശേരിയം ബിജെപിയിൽ ചേര്‍ന്നത്.ചില മാലിന്യങ്ങൾ പോകുമ്പോൾ ശുദ്ധ ജലം ബിജെപിയിലേക്ക് വരുന്നു എന്നായിരുന്നു ബിപിന്‍റെ ബിജെപി പ്രവേശനത്തെക്കുറിച്ച് കെ സുരേന്ദ്രൻ പ്രതികരിച്ചത്.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായ നീക്കങ്ങൾക്ക് തയ്യാറെന്ന് യാക്കോബായ സഭ. യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് സംസാരിക്കവേയാണ് ഇപ്രകാരം അറിയിച്ചത്. സഭയ്ക്ക് അതിന്റെ ചട്ടക്കൂടുകളും വിശ്വാസ പ്രമാണങ്ങളും ഉണ്ട്. അതെല്ലാം നിലനിർത്തിക്കൊണ്ടുള്ള ഒരു ചർച്ചക്കായാണ് ശ്രമം നടത്തുന്നത്.സഭാ തർക്കത്തിൽ സർക്കാർ ഒരുപാട് ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജോസഫ് മാർ ഗ്രിഗോറിയസ് ചർച്ചകൾക്ക് സർക്കാർ മുൻകയെടുക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോര ഹൈവെ കേരളത്തിന്‍റെ പ്രതീക്ഷയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് വികസനത്തിൽ ഈ സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലയോര ഹൈവെയുടെ ജില്ലയിലെ മൂന്നാം റീച്ചിന്‍റെയും ചാത്തന്‍മാസ്റ്റര്‍ റോഡിന്‍റെ രണ്ടാം റീച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരെ തൃശ്ശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുമ്പിൽ പ്രതീകാത്മകമായി പൂരം നടത്തി പ്രതിഷേധം. ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രമുറ്റത്ത് 15 ആനകളുടെ ചമയം, കൈപന്തം, പഞ്ചാരിമേളം എന്നിവ നിരത്തിയായിരുന്നു പൂരം സംഘടിപ്പിച്ചത്.
ചൂരല്‍മലയിലെ മനുഷ്യരുടെ കണ്ണീരൊപ്പാന്‍ ഒരുപാട് സഹായങ്ങള്‍ വേണ്ടിവരും, അതിനുവേണ്ടിയുള്ള പണം തരാന്‍ തയ്യാറാവുമോ ഇല്ലയോ എന്ന് കേന്ദ്രം പറയണമെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസ വിഷയത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വയനാട് പുനരധിവാസത്തിനായി സ്വന്തം നിലയ്ക്ക് ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള സന്നദ്ധത കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.ഇരുസര്‍ക്കാരുകളും നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ ഇവരുമായി ആശയവിനിമയംപോലും നടത്തിയില്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സഹായം കൈമാറാന്‍ ഇനി സംസ്ഥാന സര്‍ക്കാരിനെ കാത്തുനില്‍ക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ദുരിതബാധിതര്‍ക്കായി ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്നും പി.എം.എ സലാം പറഞ്ഞു..
തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് ഹര്‍ജി. ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ പാതയോരങ്ങളില്‍ സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് സമ്മേളനം നടന്നതെന്ന് ചൂണ്ടിക്കാണിച്ച് മരട് സ്വദേശിയായ എന്‍. പ്രകാശാണ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ട്രാൻസ്ഫറല്ല വേണ്ടിയിരുന്നതെന്നും അതിനാലാണ് സി.പി.എമ്മിൽ ചേരാതിരുന്നതെന്നും ബി.ജെ.പി. വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ..പെരുന്നയിൽ പോയി എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും അമൃതപുരിയിൽ പോയി മാതാ അമൃതാനന്ദമയി ദേവിയേയും കണ്ടെങ്കിലും മാധ്യമങ്ങൾ വാർത്തയാക്കിയത് പാണക്കാട് പോയി സാദിഖലി തങ്ങളെ കണ്ടതു മാത്രമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കും എന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മോദിക്കും അദാനിക്കുമെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ യുഎസിന് പങ്കുണ്ടെന്ന ബിജെപി ആരോപണങ്ങൾക്കെതിരെ യുഎസ് എംബസി. ആരോപണങ്ങൾ നിരാശപ്പെടുത്തുന്നത് എന്നും ദില്ലിയിലെ യുഎസ് വക്താവ് പ്രതികരിച്ചു. ഭരിക്കുന്ന പാർട്ടി ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകമാണെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.
ദില്ലിയിൽ ക്രിസ്ത്യൻ എംപിമാരുടെ യോഗം വിളിച്ചതിൽ വിശദീകരണവുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ. ക്രിസ്ത്യൻ എംപിമാരുടെ യോഗം ചേർന്നത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള അനൗപചാരിക കൂട്ടായ്മ മാത്രമാണെന്നും യോഗത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലായിരുന്നുവെന്നും സിബിസിഐ വിശദീകരണ കുറിപ്പിലൂടെ പ്രതികരിച്ചു.
വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതിയാണ് ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊലീസുകാർക്കെതിരേയും കേസിലെ സാക്ഷികൾക്കെതിരേയും കേസ് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാൻ തീരുമാനിച്ചതായി സമാജ് വാദി പാർട്ടി. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകർത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടർന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് സമാജ് വാദി പാർട്ടി അറിയിച്ചു.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യം. രണ്ടാം ഇന്നിങ്‌സിലും കളി മറന്ന ഇന്ത്യ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 29 റണ്‍സ് വേണം.