Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂർ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലെയും അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.

 

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതർ അറിയിച്ചു .

 

കഴിഞ്ഞ മൂന്ന് വർഷം സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകളിൽ നടത്തിയ സ്ഥിരനിയമനം റദ്ദാക്കാൻ നിർദ്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വാർത്ത തെറ്റാണെന്നും മന്ത്രി സ്ഥിരീകരിച്ചു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായുള്ള പ്രപോസലുകൾ തിരികെ നൽകാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നും, പൊതുവിദ്യാഭ്യാസ ഡയക്ടർ അപ്രകാരം സർക്കുലർ ഇറക്കിയിട്ടില്ലെന്നും വിശദീകരണം നൽകി.

 

ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസി. കമ്മീഷണറാണ് റിപ്പോർട്ട് നൽകിയത്.സുപ്രീംകോടതി വിധികൾ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം.

 

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്‍റെ മരണത്തിൽ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുൻപിൽ ഹാജരായി മാതാപിതാക്കൾ മൊഴി നൽകി . മകൾക്ക് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് ഏൽക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് അച്ഛൻ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രിൻസിപ്പലിന് വീഴ്ച പറ്റി. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അച്ഛൻ സജീവ് വ്യക്തമാക്കി.

 

നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കോൺ​ഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന പരാതിയിൽ തെളിവ് കണ്ടെത്താനായില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിലൂടെ അനുബന്ധിച്ച ഉയർന്ന ട്രോളി ബാഗ് വിവാദത്തിന്റെ അന്വേഷണ റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് നൽകിയത്. വിവാദത്തില്‍ തുടർ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്പി പറഞ്ഞു.

 

പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്ന നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെട്ടി നാടകം പൊളിഞ്ഞെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് മന്ത്രി എംബി രാജേഷും അളിയനും നടത്തിയ നാടകമാണിതെന്ന് രൂക്ഷഭാഷയിൽ പ്രതികരിച്ചു. എംബി രാജേഷ് പൊതുജനത്തോട് മാപ്പ് പറയണമെന്നും വി ‍ഡി സതീശൻ ആവശ്യപ്പെട്ടു.

 

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എമ്മും ബി.ജെ.പിയും കള്ളപ്പണ ആരോപണം ഉന്നയിച്ചതെന്ന് പാലക്കാട് നിയുക്ത എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. പെട്ടിക്കകത്തും ഇവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങളെ താന്‍ അഭിവാദ്യം അറിയിക്കുകയാണെന്നും ഇതൊക്കെ വിശ്വസിച്ച് ജനഹിതം മറിച്ചായിരുന്നെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു .

 

ഓർത്തഡോക്‌സ്-യാക്കോബായ തർക്കത്തിലുള്ള പള്ളികൾ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് ഒരു വിഭാഗത്തിന് കൈമാറുന്നത് സഭാതർക്കം പരിഹരിക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ലെന്ന് കേരളം. ഓർത്തഡോക്സ് -യാക്കോബായ തർക്കം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. പള്ളികളുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ആറുമാസത്തെ സമയം കൂടി അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

 

മുനമ്പത്തെ സമരം നടക്കുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന്‌ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ദാനം കൊടുത്ത സമയത്ത് ആളുകള്‍ താമസിക്കുന്ന ഭൂമിയാണിത്. അങ്ങനെയുള്ള ഭൂമി വഖഫായി നല്‍കാനാവില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കരുവന്നൂർ കേസിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. പിആർ അരവിന്ദാക്ഷനും സികെ ജിൽസിനും എതിരായ ഇഡി ആരോപണങ്ങളിൽ സംശയം പ്രകടിപ്പിച്ച് സിംഗിൾ ബെഞ്ച്. ഇ ഡി ആരോപിക്കുന്നതു പോലുള്ള കുറ്റകൃത്യം ഇവർ ചെയ്തതായി കരുതാൻ ന്യായമായ കാരണമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഇഡി യുടെ വാദവും പ്രതികളുടെ മറുപടിയും വിലയിരുത്തിയ ശേഷമാണ് കോടതിയുടെ നിരീക്ഷണം.

 

ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ കെ. കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെ സുധാകരന്‍ എം പി. ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയില്‍നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സുധാകരൻ പറഞ്ഞു.

 

കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

 

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററികമ്മീഷന്റെ തയാറെടുപ്പ്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 

അർത്തുങ്കൽ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. ചേർത്തല കുറ്റിക്കാട് സ്വദേശി നിഷ (39) ആണ് മരിച്ചത്. ദേശീയപാത നിർമാണ കമ്പനിയുടെ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

 

തൃശ്ശൂരിൽ നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മറ്റം ചേലൂരിൽ വാടക വീട്ടിൽ നിന്നും നാലര കിലോഗ്രാം കഞ്ചാവുമായി, പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടിൽ മുബീർ (31) എന്നയാളെയാണ് ഗുരുവായൂർ പോലീസ്  അറസ്റ്റ് ചെയ്തത്.

 

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി. ആറ്റിപ്ര സ്വദേശിയായ മോഹനനെ (55) അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ സഹീർ ഷായും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.10 വര്‍ഷം വരെ കഠിന തടവ് ശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

 

തമിഴ്നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

 

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയിൽ മൂന്നിടത്താണ് ഉരുൾപൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേർക്കാടിലും ഉരുൾപൊട്ടി. കൃഷ്ണഗിരിയിൽ നിർത്തിയിട്ട ബസുകൾ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികൾ കരകവിഞ്ഞതോടെ ചെന്നൈയിൽ നിന്ന് തെക്കൻജില്ലകളിലേക്കുള്ള യാത്ര മുറിഞ്ഞു. ട്രാക്കിൽ വെള്ളം കയറിയതിനാൽ 13 ട്രെയിനുകൾ പൂർണമായി റദ്ദാക്കി.

 

ബിജെപി പ്രാദേശിക വനിതാ നേതാവ് ജീവനൊടുക്കിയ നിലയിൽ. സൂറത്തിലെ വാർഡ് 30ൽ ബിജെപിയുടെ മഹിളാ മോർച്ചാ നേതാവായിരുന്ന 34 കാരി ദീപിക പട്ടേലാണ് മരിച്ചത്. തനിക്ക് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് സഹപ്രവര്‍ത്തകരോട് ദീപിക പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

 

പൂനെയിലെ റസ്റ്റോറന്റിനെതിരെ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ‘ബർഗർ കിങ്’ നടത്തുന്ന ട്രേഡ് മാർക്ക് നിയമ യുദ്ധത്തിൽ ഇടക്കാല വിധി. ബ‍ർഗർ കിങ് എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് പൂനെയിലെ റസ്റ്റോറന്റിനെ താത്കാലികമായി തടയുന്ന വിധിയാണ് ബോംബൈ ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്. കേസിൽ വാദം കേട്ട് തീർപ്പാക്കും വരെ താത്കാലിക വിലക്ക് തുടരും.

 

പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. പാർലമെന്റിൽ ഭരണഘടനയെക്കുറിച്ച് ചർച്ച നടത്തും. 13,14 തീയതികളിൽ ലോക്സഭയിലും 16,17 തീയതികളിൽ രാജ്യസഭയിൽ ചർച്ച നടത്തും. നാളെ മുതൽ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

 

ദില്ലിയിലെ മലിനീകരണത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. 4 സംസ്ഥാനങ്ങളിലെയും ദില്ലിയിലെയും ചീഫ് സെക്രട്ടറിമാർക്ക് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു.

 

ഭാരതീയ കിസാന്‍ പരിഷതിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാന്‍ നാല് ദിവസത്തെ സമയം നല്‍കി കര്‍ഷക സംഘടനകള്‍.പഴയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ നോയിഡയിലേയും മറ്റ് പ്രദേശങ്ങളിലേയും വികസനത്തിനായി കര്‍ഷകരുടെ കൈയില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ പത്തുശതമാനം വിഹിതം തിരിച്ചുനല്‍കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ നഷ്ടപരിഹാരമായി നല്‍കുന്ന തുകയില്‍ 64 ശതമാനത്തിന്റെ വര്‍ധനവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്..

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *