ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് മാത്രമേ താന്‍ കര്‍ത്തവ്യനിര്‍വഹണം നടത്തിയിട്ടുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ ആരുടേയും അധികാരപരിധിയില്‍ കടന്നുകയറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്ന ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നല്‍കി. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നുമാണ് കുടുംബം പറയുന്നത്. നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാൽപ്പര്യ ഹർജിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.
ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ലെന്നും ഭരണഘടനയെ സസ്പെൻഡ് ചെയ്തവർ ഇപ്പോൾ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയെ മാത്രമല്ല ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് സമകാലീന സംഭവങ്ങൾ തെളിയിക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ബിജെപിയുടെ സംഘടനാ യോഗത്തില്‍ പങ്കെടുക്കാതെ മുതിർന്ന നേതാവ് പികെ കൃഷ്ണദാസും,എംടി രമേശും,എ.എന്‍.രാധാകൃഷ്ണനും . എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം. എംടി രമേശിനും കൃഷ്ണദാസിനും എ എൻ രാധാകൃഷ്ണനും ഒരു ഗ്രൂപ്പുമില്ല അവർക്ക് ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ അത് ബിജെപി ഗ്രൂപ്പാണെന്നും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ഇടതുപക്ഷം നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി.മുജീബ് റഹ്‌മാൻ.1996, 2004, 2006, 2009, 2011, 2015 എന്നീ വർഷങ്ങളിൽ ജമാ അത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, ദേശാഭിമാനി മുഖപ്രസംഗം, സഭാരേഖാകൾ എന്നിവ തെളിവായി ഉണ്ടെന്നും അമീർ വ്യക്തമാക്കി.
ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ് എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട് നൽകണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ തുടരന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പില്‍ ഇ.പിയുടെ പുസ്തക വിവാദം പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി പറയാത്ത പല കാര്യങ്ങളും പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നും വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇ. പി നിലപാട് വ്യക്തമാക്കിയതാണ് പാര്‍ട്ടിക്ക് ഇ.പിയെ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ സംസ്ഥാന മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്. ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഡ്വ. ബൈജു നോയൽ ആണ് കത്ത് നൽകിയത്. മന്ത്രിയായ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടെന്നും അതിനാലാണ് തുടരന്വേഷണത്തിന് നിർദേശിച്ചതെന്നും മന്ത്രിയെ ഒഴിവാക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ടൂറിന് 500 രൂപയിൽ താഴെയായിരിക്കും ചാർജ്. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും എന്നും മന്ത്രി പറഞ്ഞു.
ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെ.പി മധു ബിജെപിയിൽ നിന്ന് രാജിവച്ചു. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു.
ഡ്രൈവിങ്ങിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉള്‍പ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈല്‍ആപ്പ് ഉടന്‍ നിലവില്‍ വരുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഇതില്‍ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകള്‍ ഉള്‍പ്പെടും. മലയാളം കൂടാതെ ഹിന്ദി,ഇംഗ്ലീഷ്,തമിഴ്,കന്നഡഭാഷകളുമുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നടക്കം ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും പ്രയോജനപ്പെടുത്താം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട ജില്ലയില്‍ നടന്ന സംഭവത്തിൽ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ടിന് പിന്നാലെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആറംഭിച്ചു.
കോൺഗ്രസ് നേതാവ് കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വി രാധാകൃഷ്ണന് ജീവപര്യന്തം തടവും പിഴ ശിക്ഷയും. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.
കൊല്ലികോളനിയിലെ ആദിവാസി കുടുംബങ്ങളുടെ കുടിലുകള്‍ പൊളിച്ച സംഭവത്തിൽ ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ എസ് ദീപ സസ്പെന്‍റ് ചെയ്തു. ആദിവാസികളുടെ കുടിലുകള്‍ ജാഗ്രതയില്ലാതെ പൊളിച്ചത് വനംവകുപ്പിന് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
ബംഗാൾ ഉൾക്കടലിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ.കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്.
മഹാരാഷ്ട്രയിൽ ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. ആകെ പോൾ ചെയ്തതിനേക്കാളും അഞ്ച് ലക്ഷത്തിലധികം വോട്ടുകൾ അധികമായെണ്ണി എന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാൽ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നതെന്ന് രമേശ് ചെന്നിത്തല. ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടതെന്നും നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹർജി വീണ്ടും തള്ളി സുപ്രീംകോടതി. തോൽക്കുമ്പോൾ മാത്രം ചിലർ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു. അതേസമയം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാൻ ഭാരത് ജോഡോയാത്രക്ക് സമാനമായ മുന്നേറ്റം ആവശ്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാഖാർജ്ജുന ഖർഗെ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തോട് വിവരങ്ങൾ തേടി അലഹബാദ് ഹൈക്കോടതി. 3 ആഴ്ചക്കുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്ന് കേന്ദ്രം മറുപടി നൽകിയിട്ടുണ്ട്.
കർണാടകയിൽ സർക്കാരിനെ പുറത്താക്കാൻ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
തമിഴ്നാട് ദേവസ്വം ചട്ടത്തിൻ്റെ പത്താം വകുപ്പ് പ്രകാരം ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോളേജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ ജോലി നൽകാവൂ എന്ന് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കളെ ജോലിക്കായി പരിഗണിക്കാൻ പാടില്ലെന്നും ജസ്റ്റിസ് വിവേക് കുമാർ സിംഗ് ഉത്തരവിട്ടു. കപലീശ്വരം കോളേജിലെ അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാത്തതിനെതിരെ എ.സുഹൈൽ എന്നയാൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
മഹാകുഭമേളയ്ക്കായി പ്രയാഗ് രാജിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നു. നാളെ പ്രയാഗ് രാജിൽ എത്തുന്ന യോഗി ആദിത്യനാഥ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തും. ശുചിത്വത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാകും ഇത്തവണത്തെ കുംഭമേളയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 238 കോടിയിലധികം രൂപ ചെലവിൽ ഒരുങ്ങുന്ന പ്രധാന ശുചിത്വ, സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനവും യോഗി നിര്‍വഹിക്കും.
ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ച് ബംഗ്ലാദേശ് പോലീസ്. ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ആളിക്കത്തിയത്.
പാര്‍ലമെന്റില്‍ ഭരണഘടനാ ദിന ആഘോഷങ്ങള്‍ക്കിടയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് ബി.ജെ.പി. ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് നടന്ന ആഘോഷവേളയിലായിരുന്നു സംഭവം. ദേശീയ ഗാനം ആലപിക്കുന്ന വേളയിലും രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചല്ല നിന്നതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു. സംഭവത്തിന്റെ രണ്ട് വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
മധ്യപ്രദേശില്‍ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന് രണ്ടു മരണം. മുറേന ജില്ലയിലെ കോട്ട്‌വാലി പോലീസ് സ്റ്റേഷന് കീഴിലുള്ള റാത്തോര്‍ കോളനിയിലാണ് സംഭവം. മൂന്ന് വീടുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.