നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇത് സാധ്യമല്ലെന്ന് അറിയിച്ചത്.
വയനാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ടാവും വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തോടുള്ള കേന്ദ്ര നയത്തിന് മറുപടി പറയാനുള്ള അവസരം ഇനി പാലക്കാട്ടെ ജനങ്ങൾക്കാണ്. കേന്ദ്രത്തിൻ്റെ ഭൂപടത്തിൽ കേരളം ഇല്ല. കേരളത്തിന്റെ ഭൂപടത്തിൽ അവരും ഉണ്ടാവാൻ പാടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന് കഴിവും ത്രാണിയുമില്ലാത്തതിനാലാണ് കേന്ദ്ര സഹായം നേടാനാവാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഒരു സഹായവും ഇതുവരെ നൽകിയിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ.ഇത്ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വൻ പ്രതിഷേധാർഹമാണ്. ദുരന്തമുഖത്തും കേന്ദ്ര സർക്കാർ രാഷ്ടീയം കളിക്കുന്നു. പ്രഖ്യാപനമല്ലാതെ ഒരു സഹായവും കിട്ടിയില്ല. കേന്ദ്ര സഹായം നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ പോർമുഖം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.നവംബർ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ ഇ.പി ജയരാജനെ സി.പി.എം ഭീഷണിപ്പെടുത്തിയാണ് പാലക്കാട് എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹം എഴുതിയതിന് എതിരായി സംസാരിപ്പിച്ച് ഇ.പി ജയരാജനെ സി.പി.എം നേതൃത്വം വീണ്ടും അപമാനിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
ഇപി ജയരാജനെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവര്‍ പിന്നില്‍നിന്നു കുത്തിയാണ് ആത്മകഥ നാടകീയമായി പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതു സംബന്ധിച്ച് പൊലിസിനു നല്കിയ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരും. സമുന്നതനായ ഒരു നേതാവിനെ കുരുതികൊടുക്കാന്‍ പാര്‍ട്ടി നടത്തിയ വൃത്തികെട്ട കളികളുടെ ഞെട്ടിപ്പിക്കുന്ന ഏടുകളാണ് പുറത്തുവരാനിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
സ്വതന്ത്ര്യ സ്ഥാനാര്‍ഥി പി. സരിനെ വാനോളം പുകഴ്ത്തി ഇ.പി. ജയരാജന്‍. ജനസേവനത്തിന്റേയും ജനപരിലാളനത്തിന്റെയും പ്രചാരകനും പ്രവര്‍ത്തകനുമായി സരിന്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. വലിയ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് ജനങ്ങളോട് ഒപ്പമായിരുന്നു. സമൂഹ്യസേവന രാഷ്ട്രീയ രംഗത്ത് സരിന് ഒരു ഇടതുപക്ഷ മനസായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി രവി ഡിസി. പുസ്തക വിവാദത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ഡിസി ബുക്സ് ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. ഷാര്‍ജ ബുക്ക് ഫെസ്റ്റിവലിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രവി ഡിസി. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു.
ആത്മകഥ വിവാദത്തിൽ ഇ പി ജയരാജൻ്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. എന്നാൽ ആദ്യ ഘട്ടത്തിൽ കേസെടുക്കാതെയാണ് അന്വേഷണം നടത്തുക. തൻ്റെ ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്ന ഇ പി ജയരാജൻ്റെ പരാതിയിൽ ഡി സി ബുക്സിൻ്റെ പേര് പരാമർശിച്ചിരുന്നില്ല. ഗൂഢാലോചന പരാതിയാണ് ഇ പി ജയരാജൻ നൽകിയത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
പാലക്കാട് ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. കോണ്‍ഗ്രസും ബി.ജെ.പിയും വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കുകയാണെന്നും പിരായിരിയില്‍ മാത്രം 800-ഓളം വ്യാജവോട്ടര്‍മാരാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ പലരേയും കാണാനില്ലെന്നും സുരേഷ് ബാബു ആരോപിച്ചു.
വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് നാലുലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് കോൺഗ്രസ് . പോളിംഗിലെ കുറവ് ഇടതു സ്ഥാനാർത്ഥിയെ ബാധിക്കില്ലെന്ന് ആവർത്തിക്കുകയാണ് എൽഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ വോട്ട് കൂടുമെന്നാണ് വയനാട്ടിൽ ബിജെപിയുടെ കണക്ക്. വയനാട്ടിൽ പോളിംഗ് കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ ആശങ്കയിലാണ് മുന്നണികൾ.
സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങൾ നൽകി ഹൈക്കോടതി. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്.തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കളക്ടർക്കെതിരായ മൊഴിയിൽ ഉറച്ച് കുടുംബം. യാത്രയയപ്പിലും പെട്രോൾ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി കുടുംബം മൊഴി നൽകി. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്.സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
കേരളത്തിന്റെ കായികതാരങ്ങൾ ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വിമാനത്തിൽ പോകും. 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേർക്കും വിമാന ടിക്കറ്റെടുക്കാൻ തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്രയൊരുക്കാൻ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്.
ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് കേരള വാട്ടർ അതോറിറ്റി. തീർഥാടകർക്കായി പമ്പ മുതല്‍ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കും. താല്‍ക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളവും വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്ക് ദിവസേനയുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ശബരിമല ദര്‍ശനം നടത്തി തീര്‍ത്ഥാടകര്‍ക്ക് സുഗമമായി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാർക്ക് മാർഗ നിർദ്ദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. പതിനെട്ടാം പടി കയറുമ്പോൾ പൊലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. പത്തനംതിട്ട സ്വദേശി കിരൺ സുരേഷാണ് മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ പരാതി സമർപ്പിച്ചത്.
കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ. പ്രണയം നടിച്ച് മറ്റ് മതവിഭാഗങ്ങളിലെ യുവതി യുവാക്കളെ ഇസ്ലാമാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദ് പോലെയാണ് ഇതെന്നും മന്ത്രിപറഞ്ഞു.
വഖഫ് ഭൂമി പ്രശ്‌നത്തെത്തുടര്‍ന്ന് മുനമ്പം സന്ദര്‍ശിക്കുന്ന ബി.ജെ.പി. നേതാക്കളെ വിമര്‍ശിച്ച് മന്ത്രി പി.രാജീവ്. മണിപ്പൂര്‍ സന്ദര്‍ശിക്കാത്ത ബി.ജെ.പി. നേതാക്കളാണ് മുനമ്പത്തേക്ക് വരുന്നത്. ബി.ജെ.പി. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുനമ്പത്തേത് ഒരു മതത്തിന്റെ പ്രശ്‌നമല്ല. ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പി.രാജീവ് വ്യക്തമാക്കി.
പി പി ദിവ്യ രാജിവച്ച ഒഴിവിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെകെ രത്മകുമാരി വിജയിച്ചു. നിലവിലെ ഭരണസമിതിയിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായ രത്നകുമാരി, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പിപി ദിവ്യ എത്തിയില്ല.
കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പാലക്കാട് നീലിപാറയിലാണ് സംഭവം. കാറുകൾ തമ്മിൽ ഇടിച്ച ശേഷം മറ്റൊരു കാറിലുണ്ടായിരുന്നയാളെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. കുഴൽപണ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നടക്കുന്നതിനാൽ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നവംബര്‍ 15,18 തീയതികളിലാണ് സ്കൂളുകള്‍ക്ക് ആലപ്പുഴ മുനിസിപ്പാലിറ്റി അവധി പ്രഖ്യാപിച്ചത്.
കുന്നത്തൂർ തുരുത്തിക്കരയിൽ വിദ്യാർത്ഥിക്ക് സ്കൂളിലെ കിണറ്റിൽ വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷിയിടങ്ങളിൽ വൈദ്യുതി കെണികള്‍ സ്ഥാപിക്കുന്നതിൽ മുന്നറിയിപ്പുമായി പൊലീസ്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത വൈദ്യുത കെണികളിൽ കുടുങ്ങി ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി പാലക്കാട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.ഇത്തരം സംഭവങ്ങളിൽ ഏതെങ്കിലും വ്യക്തികൾ മരിക്കാൻ ഇടയായാൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത. തെക്കൻ തമിഴ്‌നാടിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും ലക്ഷദ്വീപിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കർണാടകയിൽ സർക്കാരിനെ പുറത്താക്കാൻ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
ആയൂർവേദ മരുന്നെന്ന പേരിൽ പാക്കറ്റുകളിൽ കിട്ടുന്നത് മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ. ബംഗളുരു നഗരത്തിലും പരിസര പ്രദേശങ്ങളിലും ചില പാൻ ഷോപ്പുകൾ വഴി വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന ചോക്ലേറ്റുകളെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണച്ചിൽ ആറ് പേർ പിടിയിലായി.
ദില്ലി മുനിസിപ്പൽ കോർപറേഷൻ മേയര്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു. ഇത്തവണ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് മേയര്‍ പദവി. ഇനി നാലു മാസമേ പുതിയ മേയർക്ക് കാലാവധി ബാക്കിയുള്ളൂ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍ക്ക് ഒരു വർഷത്തെ കാലാവധി പൂര്‍ത്തിയാക്കാൻ അനുവദിക്കണം എന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് ഇന്ന് നടക്കുന്ന മേയർ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച് വാക്ക് ഔട്ട് നടത്തിയത്.
ഉത്തർപ്രദേശിൽ പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിൽ സംഘർഷം. പ്രയാഗ്രാജിലെ പിഎസ്‍സി ആസ്ഥാനത്തിന് മുന്നിൽ നാലാം ദിവസം സമരം തുടരുന്ന യുവാക്കൾ പൊലീസ് ബാരിക്കേഡ് തകർത്തതാണ് സംഘർഷമായത്. സമരക്കാരുമായി പലതവണ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. സമരക്കാർക്കിടയിൽ സാമൂഹ്യ വിരുദ്ധരും ഉണ്ടെന്ന് പൊലീസ് ആരോപിച്ചു.
പക്ഷിപ്പനി ബാധിച്ച് അര്‍ജന്റീനയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 17,000-ല്‍ അധികം എലഫന്റ് സീലുകൾ ഇല്ലാതായതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം എലഫന്റ് സീലുകളുടെ 95 ശതമാനം കുഞ്ഞുങ്ങളും പക്ഷിപ്പനി ബാധിച്ച് ഇല്ലാതായതായി നേച്ചർ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പഠനത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കോവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നല്‍കിയ സംഭാവനകള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം.
വായുമലിനീകരണം പരിധിവിട്ടതോടെ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങള്‍. വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ എയര്‍ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ -3 ആണ് നടപ്പിലാക്കുക.ഡല്‍ഹിയില്‍ മുഴുവന്‍ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിര്‍മാണം ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കും. അന്തസ്സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയും. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.