Screenshot 2024 02 27 20 21 14 990 com.android.chrome edit

 

 

വയനാട്ടിലെയും ചേലക്കര നിയമസഭ മണ്ഡലത്തിലെയും വോട്ടെടുപ്പ് സമയം അവസാനിച്ചു. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53ശതമാനമാണ് പോളിങ്. ചേലക്കരയിൽ വൈകിട്ട് 6.40 വരെയുള്ള കണക്ക് പ്രകാരം 72.42 ശതമാനമാണ് പോളിങ്.ചേലക്കരയിലെ പോളിങ് ശതമാനത്തിൽ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

 

മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്. നബീസ അബൂബക്കര്‍ എന്നായളുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. 168-ാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് മറ്റൊരാള്‍ നേരത്തേ വോട്ട് ചെയ്തത് അറിഞ്ഞത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ.

 

ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനുമെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. ഇപിയുടെ പേരിൽ പ്രചരിക്കുന്നത് ഷാഫിയുടെ തിരക്കഥയിൽ രാഹുൽ എഴുതിയ ആത്മകഥയാണെന്ന് പി സരിൻ പറഞ്ഞു. ഇപി എഴുതാത്ത പുസ്തകമാണ്. ഇപി പുസ്തകത്തിന് കൊടുക്കാത്ത തലക്കെട്ടാണെന്നും സരിൻ ചൂണ്ടിക്കാട്ടുന്നു. പുസ്തകം എഴുതാൻ കരാർ പോലും നൽകിയിട്ടില്ല എന്നും സരിൻ വ്യക്തമാക്കി.

 

ഇപി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. നാളെ വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. സിപിഎം നിർദ്ദേശപ്രകാരമാണ് ഇപി എത്തുന്നത്.

കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായതെന്നും ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോയെന്നും സതീശൻ ചോദിച്ചു. ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാർത്ഥിക്ക് ഇനി നൽകാനില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും, ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

 

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് വക്കീൽ നോട്ടീസ്. ഡി സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നാണ് ഇപി ആരോപിക്കുന്നത്. പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഇപിയുടെ പുസ്തകം ഡിസി ബുക്സിനായി തയ്യാറാക്കിയത് ദേശാഭിമാനി ജീവനക്കാരനെന്നു സൂചന. നേരത്തെ പൂർത്തിയായ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിൽ സമകാലിക സംഭവങ്ങൾ കൂടി ചേർത്ത് പുതുക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വിവാദ വിഷയമായത്. പുസ്തക വിവാദത്തില്‍ സിപിഎം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജനൊപ്പമാണെന്ന് പി.വി അന്‍വര്‍ എം.എൽ.എ. പിണറായി വിജയനല്ല ഇ.പി. ജയരാജന്‍. ഇ.പി. ഒരിക്കലും അങ്ങനെ പറയില്ലെന്നും ഇപ്പോള്‍ നടക്കുന്ന വിവാദം വ്യക്തമായ ഗൂഢാലോചനയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ടിവി പ്രശാന്തിന്‍റെ മൊഴിയെടുത്തു. നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്‍റേത് തന്നെയാണെന്നും , പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തന്‍റേത് തന്നെയാണ് തനിക്ക് രണ്ട് ഒപ്പുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

 

പ്രിയങ്കഗാന്ധി വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വോട്ടിംഗ് ശതമാനത്തിലാണെന്ന് ആശങ്കയെന്നും പിവി അൻവര്‍ എംഎല്‍എ . വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ആളുകള്‍ വോട്ട് ചെയ്യാൻ വരാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ മൂന്നു ദിവസം മുമ്പ് കെപിസിസി പ്രസിഡന്‍റിനെ അറിയിച്ചതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

 

ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള കാലിക്കറ്റ് സർവ്വകലാശാലകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. സമരപരിപാടികളുടെ ഭാഗമായി നാളെ കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുഠക്കൽ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കുറ്റപ്പെടുത്തി.

 

ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാൻ” എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന് നിയമ വകുപ്പ് ഉത്തരവിറക്കി. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗ തീരുമാനമാണ് ഉത്തരവായി ഇറങ്ങിയിരിക്കുന്നത്.മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന അര്‍ത്ഥത്തിൽ ഉപയോഗിക്കുന്ന ടിയാൻ’ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അനുമതിയില്ലാതെ ആനകളെ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ആനകളെ എഴുന്നളളിക്കുന്നത് സംബന്ധിച്ച മാർഗരേഖ പുറത്തിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരിക്കും മാര്‍ഗരേഖയിറക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യൽ ഓഫീസർമാരും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ രംഗത്ത്. ലോയേഴ്സ് ന്യൂസ് നെറ്റ് വർക്ക് എന്ന വാട്സാപ്പ് ഗ്രൂപ്പിനെതിരെയാണ് ചീഫ് ജസ്റ്റിസിന് അഭിഭാഷക അസോസിയേഷൻ പരാതി നൽകിയത്.സർക്കാർ അഭിഭാഷകരടക്കും ഒരു വിഭാഗം മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജഡ്ജിമാർ കൂടി ഭാഗമാകുന്നത് അനുചിതമെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ വാദം.

 

സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് തുടങ്ങി അടുത്ത വര്‍ഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ചികിത്‌സിക്കുന്നതിന് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവുമാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. കഴിഞ്ഞ ദിവസം നാദാപുരം കല്ലാച്ചിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ചിയ്യൂര്‍ താനമഠത്തില്‍ ഫൈസലിനെയാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റ് ചെയ്തത്.

കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ഉത്തരവിറക്കി.കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം.

 

തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ നവംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

അടിക്കടിയുള്ള 108 ആംബുലൻസ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. പ്രശ്നം കരാർ നൽകിയിരിക്കുന്ന സ്ഥാപനവും കരാർ എടുത്തിരിക്കുന്ന ഏജൻസിയും തൊഴിലാളികളും തമ്മിലുള്ള ഒരു തർക്കമായി മാത്രം വിടാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയം അടിയന്തര ആംബുലൻസ് സേവനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.

 

ഫോർട്ട് കൊച്ചിയിൽ വിദേശ സഞ്ചാരി കാനയിൽ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി. പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയർത്തിയ കോടതി സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

 

കോൺ​ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ആർട്ടിക്കിൾ 370, മുസ്ലീം സംവരണം, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളിൽ ആണ് അദ്ദേഹത്തിന്റെ കടുത്ത പ്രതികരണം. ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് എതിരെയും അമിത് ഷാ ആഞ്ഞടിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി തീർച്ചയായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ജപ്പാനിലെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ 30 വയസ്സ്ൽ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ച് നേതാവ്. പാർലമെന്‍റ് അംഗം നഓകി ഹ്യകുതയാണ് വിവാദ പരാമർശം നടത്തിയത്. ജപ്പാന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായി രാജ്യത്തിന്റെ ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളേക്കുറിച്ച് സംസാരിക്കവെയാണ് ജാപ്പനീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ നഓകി ഹ്യകുതയുടെ വിചിത്രമായ നിര്‍ദേശം.

മുന്‍ പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെതിരേ ആരോപണവുമായി കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജീവ് റോയ്. കേസില്‍ തന്നെ കുടുക്കിയതാണെന്നും ഗൂഢാലോചനയ്ക്ക് പിറകില്‍ ഇയാള്‍ ആരോപിച്ചു..വിനീത് ഗോയല്‍ മാത്രമല്ല ഗൂഢാലോചനയ്ക്ക് പിന്നില്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥരുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

യുഎസിൽ പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ എന്ന ഏജൻസി പ്രഖ്യാപിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പരിശോധന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പാല്‍ഘറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തിയപ്പോഴാണ് ഷിന്‍ഡേ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

സി.ഐ.എസ്.എഫിന്റെ ആദ്യ വനിതാ ബറ്റാലിയന് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സി.ഐ.എസ്.എഫിന്റെ.ആദ്യ ഓള്‍ വിമന്‍ ബറ്റാലിയന്‍ സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.

 

ഇറാന്‍ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയും സര്‍ക്കാറും ഇസ്രയേലിനേക്കാള്‍ ഭയപ്പെടുന്നത് സ്വന്തം ജനതയെ ആണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ ഭരണകൂട ഭീകരതയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അവരുടെ പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ പേടിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *