night news hd

കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ ഭൂരിപക്ഷവും നാഷണല്‍ കോണ്‍ഫറന്‍സ് തൂത്ത് വാരി. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ് തരംഗമായി. ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്.ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്.ബിജെപി ഒരിക്കല്‍ കൂടി ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി.ഒമര്‍ അബ്ദുള്ളയാകും നേതാവെന്ന് ഫറൂക്ക് അബ്ദുള്ള പ്രഖ്യാപിച്ചു.

 

ഹരിയാനയിൽ മൂന്നാമതും ഭരണം നിലനിർത്തി ബിജെപി. ആദ്യ ഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണൽ പിന്നിട്ടപ്പോൾ പിറകിൽ പോയി . ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി.  ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകർന്നടിഞ്ഞു. ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി.ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് 36 സീറ്റാണ് നേടാനായത്.

 

എക്‌സിറ്റ് പോള്‍ ഫലം നോക്കിയിരുന്ന് അതിന്മേല്‍ ചര്‍ച്ച നടത്തുന്നവര്‍ മണ്ടന്മാരാണെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായ പ്രകടനം.

 

എംഎൽഎ പിവി അൻവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ടു. താൻ പുറത്ത് കൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് പി വി അൻവർ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ആർഎസ്എസ് നേതാക്കളും എഡിജിപി എംആർ അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച. തൊണ്ട വേദനയും പനിയും കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് ചർച്ച നടന്നത്. മലപ്പുറത്ത് എന്ത് ദേശ വിരുദ്ധ പ്രവർത്തനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് എംഎൽഎ ഷംസുദ്ദീൻ അടിയന്തര പ്രമേയ ചർച്ചയിൽ ആവശ്യപ്പെട്ടു.

സി.പി.എം. നേതാക്കളുടെ ആർ.എസ്.എസ്. ബന്ധത്തെ ചൊല്ലി സഭയിൽ വാക്പോര്. ഗോൾവാക്കറുടെ പുസ്തകത്തിൽ ഹിന്ദുത്വ പൈതൃക സംസ്കാരത്തിൻ്റെയും ശത്രുക്കളായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഗോൾവാക്കർ ആരോപിക്കുന്നതെന്നും ആ കമ്മ്യൂണിസ്റ്റ് പാർട്ടി ആർഎസ്എസിൻ്റെ കൂടെ നിൽക്കുന്നു എന്ന പ്രസ്താവന എത്ര അബദ്ധജഡിലമാണെന്നുംജലീൽ ചോദിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സിലബസിൽ ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് സർക്കാർ തന്നെയല്ലേ എന്ന മറുചോദ്യം സതീശനും ഉന്നയിച്ചു.

 

കേരളത്തെക്കുറിച്ച് മിണ്ടരുതെന്ന് ആനി രാജയോട് സിപിഐ നിർദേശം. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തെഴുതി. സംസ്ഥാനത്തെ കാര്യങ്ങളിൽ ആനിരാജ അനാവശ്യ ഇടപെടൽ നടത്തുന്നെന്നാണ് പരാതി. ആനി രാജയെ നിയന്ത്രിക്കണം എന്നും ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

യുവജനസംഘടനകൾ നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്‍റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. പിണറായി വിജയനെ കാവി ഭൂതമെന്ന്  പി കെ ഫിറോസും  പിണറായിയുടെ താമരയും വാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിലും  പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെയും, പി കെ ഫിറോസിനെയും പോലീസ്അറസ്റ്റ് ചെയ്ത് നീക്കി.

 

ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യതയും സഭ്യത നിറഞ്ഞതുമായിരിക്കണമെന്നും  പൊതുജനങ്ങളാണ്  യജമാനന്മാര്‍ എന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ അകാരണമായി നടത്താൻ പാടില്ല. ഒരു ഫയലും തീര്‍പ്പാക്കാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ കൃത്യമായ ഉത്തരവുള്ളതാണെന്നും മന്ത്രി പറഞ്ഞു.

 

കോഴിക്കോട്  തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ടു മരണം. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി.

 

എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദ‍ർശിച്ച വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയത്തിൽ സംസാരിക്കവെ എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് ആദ്യം ഉന്നയിച്ചപ്പോൾ എല്ലാവരും എതിർത്തുവെന്നും കണ്ടാൽ എന്താ കുഴപ്പം എന്നും ചോദിച്ചുവെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.  മുഖ്യമന്ത്രിക്ക് അഭിമുഖത്തിനു എന്തിനാണ് പിആർ ഏജൻസി. ആരോ ഒരാൾ അഭിമുഖം നടന്ന ഇടത്ത് വന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ വിശ്വസിക്കാൻ പാടാണെന്നും സതീശൻ പറഞ്ഞു.

 

ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും ഇടനിലക്കാരൻ വഴിയാണ് താരങ്ങൾ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു. ഹോട്ടലിൽ ഫോറൻസിക് പരിശോധന നടത്തി പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും ഉടൻ ചോദ്യം ചെയ്യും.

 

മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ചെന്ന പരാതിയിൽ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയും കണ്ണൂർ സിറ്റിയിലേക്കാണ് സ്ഥലം മാറ്റിയത്. ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പൊലീസ് മർദിച്ചെന്ന പരാതിയിലാണ് നടപടി.

സംസ്ഥാന സർക്കാറിന്റെ ദില്ലി പ്രതിനിധി കെ.വി. തോമസിനും അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫുകൾക്കുമായി ചെലവിട്ട കണക്ക് വെളിപ്പെടുത്തി സംസ്ഥാന സർക്കാർ. 57.41 ലക്ഷം രൂപയാണ് ഇതുവരെ ചെലവായതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി കണക്ക് വെളിപ്പെടുത്തിയത്.

 

കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. മരിച്ച വാത്തികുളം സ്വദേശി 52 വയസ് പ്രായമുണ്ടായിരുന്ന അരുൺ ലിവർ സിറോസിസ് ബാധിതനായിരുന്നുവെന്നും അമിതമായി മദ്യപിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പൊലീസ് വ്യക്തമാക്കി.

സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതിയുമായി ലോറി ഉടമ മനാഫ്. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടി വേണം എന്നാവശ്യപ്പെട്ടാണ് മനാഫ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.

 

വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലത്തിന്റെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തില്‍ കയറാനെത്തിയത്. 40 അടി നീളത്തിലും 150 അടി ഉയരത്തിലും കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ചില്ലുപാലം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറന്നത്.

വയനാട് കേരള വെറ്റിനറി സർവകലാശാലയിൽ ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഡിസംബർ 20മുതൽ 29വരെ നടക്കുന്ന കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര- കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ കോൺക്ലേവാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് പുതുക്കിയ അറിയിപ്പ് പ്രകാരം ഓറഞ്ച് അലർട്ട്.  തെക്കൻ കേരളത്തിന്‌ മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിലാണ് ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

കൊച്ചിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.രശ്മിയുടെ ഭർത്താവ് പ്രമോദും മകൻ ആരോണും ചികിത്സയിലാണ്.

 

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ  പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് 50 സീനിയർ ഡോക്ടർമാർ രാജിവെച്ചു. പതിനഞ്ചോളം മുതിർന്ന ഡോക്ടർമാർ തങ്ങളുടെ ജൂനിയർമാരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതീകാത്മക നിരാഹാര സമരം നടത്തി. ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച മുതൽ നിരാഹാര സമരത്തിലാണ് .

ഹരിയാനയിൽ മൂന്നാമതും ബിജെപി അധികാരത്തിലേക്കെന്ന് ഉറപ്പായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ജയ്റാം രമേശും പവൻ ഖേരയും ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. വോട്ടിങ് മെഷീൻ്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയങ്ങളുന്നയിച്ച കോൺഗ്രസ് നേതാക്കൾ, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞു.

 

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയുമായി സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരി​ഗാമി.  ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് കുൽഗാമിൽ തരി​ഗാമി വിജയക്കൊടി പാറിച്ചത്.

 

തെരഞ്ഞെടുപ്പ് ഗോദയിലും നേട്ടം കൊയ്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്.സത്യം ജയിച്ചു എന്നാണ് വിനേഷിന്‍റെ ആദ്യ പ്രതികരണം.ലീഡുകൾ മാറിമറിഞ്ഞ ആകാംക്ഷ നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ 6015 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്.വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 

ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ജീവിച്ചിരിപ്പുണ്ടെന്നന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ അദ്ദേഹം പലരുമായും ബന്ധപ്പെട്ടിരുന്നതായി വാര്‍ത്താ ചാനലായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 21-ന് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്.

 

2018-ലെ ഭീകരാക്രമണത്തില്‍ അച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ട ബി.ജെ.പി നേതാവ് ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തിൽ വിജയം. 521 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഷാഗുണ്‍ വിജയിച്ചത്. കഷ്മീര്‍ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാഗുൺ.

 

ജി.എസ്.ടി തട്ടിപ്പുകേസിൽ മുതിർന്ന മാധ്യമപ്രവർത്തകൻ മഹേഷ് ലങ്കയെ അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ലങ്കയുടെ വസതിയിൽനിന്ന് 20 ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം.

നിര്‍മിത ബുദ്ധിയുടെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാവ് ജിയോഫ്രി ഹിന്റണ്‍. എ.ഐയുടെ മോശം ഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൊബേല്‍ പ്രഖ്യാപനശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *