പിവി അൻവറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി അബ്ദുറഹിമാൻ. അൻവർ പരിധി വിട്ടെന്ന് വിമർശിച്ച മന്ത്രി പേര് നോക്കി വർഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ലെന്ന് പറഞ്ഞു. മലപ്പുറത്തെ പോലീസിനെ കുറിച്ച് അൻവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്‌. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

 

പിവി അൻവര്‍ എംഎൽഎക്കെതിരെ ആരോപണവുമായി പാലൊളി മുഹമ്മദ് കുട്ടി. പിവി അൻവറിന്‍റെ നീക്കത്തിന് പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമാലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു.നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു.

മാമികേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്ന് പിവി അൻവർ.പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ, എഡിഡജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും അൻവർ വെളിപ്പെടുത്തി.മുതലക്കുളത്തിൽ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോ​ഗത്തിലാണ് അൻവറിന്റെ പരാമർശം.

മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം . മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിത്. മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല ജാമ്യം. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

ബലാത്സം​ഗക്കേസിലെ പ്രതി നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് റിപ്പോർട്ട്. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ‌തിരുവനന്തപുരം എസ്ഐടിക്ക് മുൻപാകെയാകും ഹാജരാവുകയെന്നാണ് വിവരം.

ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ബലാത്സംഗ കേസ് പോലുളളവയിൽ സ്ത്രീകൾക്ക് ഒപ്പം നിൽക്കാൻ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു.വിധി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്നുമാണ് കെ കെ ശൈലജ വിഷയത്തിൽ പ്രതികരിച്ചത്.ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.

 

എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തകരാറായത് , ആശുപത്രിയിലെ ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങൾ കൊണ്ടാണെന്ന ആരോപണവുമായി കെഎസ്ഇബി. സംഭവത്തിൽ ഡി എംഇ അന്വേഷണം തുടരുകയാണ്.ജനറേറ്ററിന്റെ സഹായമില്ലാതെ വൈദ്യുതി എല്ലായിടത്തും സ്ഥാപിച്ചതായി സൂപ്രണ്ട് അറിയിച്ചു.ആരോഗ്യവകുപ്പിന് കനത്ത നാണക്കേട് ഉണ്ടായ സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന സൂചന.

സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരായ പൊലീസ് തുടരുന്ന നടപടികള്‍ നിര്‍ത്തേണ്ടതിലെന്നും വിവരം കിട്ടുന്നതിനനുസരിച്ച് സ്വര്‍ണക്കടത്ത് പൊലീസ് പിടികൂടണമെന്നും ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ്. വിവാദങ്ങളെ തുടര്‍ന്ന് പിന്മാരേണ്ടതില്ലെന്നും സ്വര്‍ണ  കടത്തിന് പിന്നിൽ മാഫിയയാണെന്നും സ്വര്‍ണക്കടത്ത് പൊലീസ് പിടിച്ചില്ലെങ്കില്‍ അത് മറ്റ് കുറ്റകൃത്യങ്ങള്‍ക്ക്  കാരണമാകുമെന്നും ഡിജിപി യോഗത്തിൽ വ്യക്തമാക്കി.

 

വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ മരണം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ആരോപണം . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ഈ ആരോപണം ഉന്നയിച്ചത്.മൂന്ന് ദിവസങ്ങൾക്കു മുൻപ് കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.കുടുംബത്തിന്റെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ നടക്കും.91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നാളെ നടക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്.

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി സഹകരണ രജിസ്ട്രാറുടേതാണ് നടപടി. രണ്ട് സര്‍ക്കാര്‍ നോമിനികളടക്കമുള്ള മൂന്ന് അംഗങ്ങള്‍ക്ക് താത്കാലിക ചുമതല നല്‍കി.

ഹരിത വിവാദത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരായ കേസ് നടപടികൾ ഹൈക്കോടതി റദ്ദാക്കി. 2021 ജൂണ്‍ 22ന് നടന്ന എംഎസ്എഫ് നേതൃയോഗത്തിൽ പികെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.

കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോ​ഗി മരിച്ചു. പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.സംഭവത്തിൽ കുടുംബം ഫറോക് പോലീസിൽ പരാതി നൽകി.

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്ത് ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിൽ പൊലീസ് ആസ്ഥാനത്ത് നടന്നു.ചാർജ് ഷീറ്റ് നൽകാൻ വൈകുന്ന പോക്സോ കേസുകൾ റേഞ്ച് ഡിഐജി മാർ വിലയിരുത്തി നടപടി സ്വീകരിക്കും. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറി കുരങ്ങന്‍. തിങ്കളാഴ്ച ഉച്ചയോടെ വിമാനത്താവളത്തിനുള്ളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുകളിലാണ് കുരങ്ങന്‍ കയറിയത്. വനംവകുപ്പ് അധികൃതരെത്തി കുരങ്ങനെ പിടിക്കാനുള്ള ശ്രമം നടത്തുകയാണ്.

 

തിരുവനന്തപുരം മൃ​ഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതർ. കുരങ്ങുകൾ ചാടിപ്പോയതിൽ ജീവനക്കാരുടെ ഭാ​ഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൃഗശാല ഡയറക്ടർ മഞ്ജുള ദേവി പ്രതികരിച്ചു.​മൃഗശാലക്കകത്തെ മരത്തിൽ കുരങ്ങുകളുണ്ടെന്നും തീറ്റ നൽകി ആകർഷിച്ച് തിരികെയെത്തിക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

ഡ്രൈ ഡേയില്‍ വില്‍പ്പനയ്ക്കായി കാറില്‍ കടത്തുകയായിരുന്ന 120 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി. അരലിറ്ററിന്റെ 120 കുപ്പി മദ്യമാണ് ഡിക്കിയിലുണ്ടായിരുന്നത്. പോലീസ് നടത്തിയ തിരച്ചിലിന് തുടര്‍ന്ന് പോള്‍ ബോള്‍വിനെ കസ്റ്റഡിയിലെടുത്തു.

വൈദ്യുതി കണക്ഷൻ നൽകാൻ 250 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി ഓവ‍ർസിയർക്ക് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കൊയിലാണ്ടി കെഎസ്ഇബി മേജർ സെക്ഷനിലെ ഓവർസിയറായിരുന്ന കെ രാമചന്ദ്രനെതിരെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കുള്ള മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റേറ്റ് ആര്‍ആര്‍ടി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

 

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ജഗന്നാഥനും ലോകേഷിനും വേണ്ടി ​ഗം​ഗാവലിപുഴയിൽ തെരച്ചിൽ തുടരുന്നതിനിടെ രണ്ട് എല്ലുകൾ കണ്ടെത്തി. മനുഷ്യന്റെ ശരീരഭാഗം ആണോ എന്നത് സ്ഥിരീകരിക്കാൻ എല്ല് ഫോറൻസിക് സർജന് കൈമാറിയിരിക്കുകയാണ്.

 

റായ്പൂരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് എന്ന വ്യാജേന പ്രവർത്തിച്ച തട്ടിപ്പ് സ്ഥാപനം പൊലീസ് പൂട്ടിച്ചു. മൂന്ന് പേർക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലാണ് സംഭവം.

തിരുപ്പതി ലഡു വിവാദത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിന് മുന്‍പ് ലഡുവില്‍ മൃഗക്കൊഴുപ്പെന്ന പരസ്യ പ്രസ്താവന മുഖ്യമന്ത്രി നടത്തിയത് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു . ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

 

ഉത്തർപ്രദേശിലെ ജാൻസിയിൽ തൊഴിൽ സമ്മർദം മൂലം യുവാവ് ജീവനൊടുക്കി. ബജാജ് ഫിനാൻസിൽ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുൺ സക്സേനയെ (42) ആണ് പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ബജാജ് ഫിനാൻസിന്റെ വിശദീകരണം വന്നിട്ടില്ല.

ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നിര്‍മിതികള്‍ പൊളിക്കുന്ന വിഷയത്തില്‍ അസം സര്‍ക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കോടതികളുടെ മുന്‍കൂര്‍ അനുമതി കൂടാതെ പൊളിക്കല്‍ നടപടി കൈക്കൊള്ളരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് അസം സ്വദേശികളായ 47 പേര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്.

ഉന്നത നേതാക്കളെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ കൊലപ്പെടുത്തിയതിന് പിന്നാലെ വീഡിയോ സന്ദേശവുമായി ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയീം കസം. തങ്ങൾ മിനിമം കാര്യം മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും യുദ്ധം ഏറ്റവും ദൈർഘ്യമേറിയ ഒന്നാണെന്ന കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്ത നയീം കസം നീണ്ട യുദ്ധത്തിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

ഗുജറാത്തിൽ നിന്ന് 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രമാണ് കറൻസിയിൽ ചേർത്തിട്ടുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പ്രതികൾക്കുവേണ്ടി അന്വേഷണം ശക്തമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യക്കെതിരെ എഫ്ഐആറിന് സമാനമായ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് ഇഡി ഫയൽ ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *