കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും തെരച്ചില്‍ പുനരാരംഭിക്കും. അര്‍ജുൻ ഓടിച്ചിരുന്ന ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ആത്മവിശ്വാസമുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
അര്‍ജുനെ കണ്ടെത്താൻ ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയത്ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.നാളെ എസ് ഡിആറ്‍ എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തെരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ് ദുരന്തനിവാരണ മാര്‍ഗരേഖ നിര്‍ബന്ധമുള്ളത്. ഇത് പരിഷ്‌കരിച്ച് നഗര വികസനത്തിനും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ-അന്താരാഷ്ട്ര വ്യാപാര വികസന വകുപ്പ് ഡയറക്ടര്‍ എസ്.സി. കരോള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പ്രധാനമന്ത്രി ഗതിശക്തി പദ്ധതികളുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്‍കാന്‍ സഹാറ ഗ്രൂപ്പിന് സുപ്രീംകോടതി നിര്‍ദേശം നൽകി. ഉപഭോക്തൃ കേസിൽ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക കൈമാറാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. ആറ് തവണ അവസരം നല്‍കിയിട്ടും ഉത്തരവ് പാലിക്കാത്തനിലാണ് സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ ചുമത്തിയത്.
വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ ഇന്ന് മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ആഗസ്റ്റ് 20നുള്ളിൽ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പുനരധിവാസത്തിനായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. വയനാടിന് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നുമുള്ളവർ സംഭാവന നൽകിവരുകയാണ്.
ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജിനും ചരിത്ര നേട്ടം. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് 42-ാം സ്ഥാനത്തും ദന്തല്‍ കോളേജ് 21-ാം സ്ഥാനത്തുമാണുള്ളത്.മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണ് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ ഈ വര്‍ഷവും കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്ക് മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.
പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടി മനസാക്ഷിയില്ലായ്മയെന്ന് കെ സുധാകരന്‍ എം പി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്ന നടപടിയാണ് തിയേറ്റർ പരസ്യത്തിലൂടെ സർക്കാർ ചെയ്യുന്നത്.ആ തുകയെല്ലാം വയനാട് ജനതയുടെ പുനരധിവാസത്തിന് നീക്കിവെയ്ക്കാനുള്ള മനുഷ്യത്വപരമായ നടപടി സ്വീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.
പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ എന്നിവരാണ് പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍.സിവിൽ പൊലിസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപിവരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്.നവംബർ ഒന്നിനാണ് മെഡലുകള്‍ വിതരണം ചെയ്യുന്നത്.
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. കഴിഞ്ഞ വർഷം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സഞ്ജയ് റാവുവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് സൂചന. ഇതേ കേസിൽ ഒരുമാസം മുമ്പ് കളമശ്ശേരിയിലെ എൻഐഎ ആസ്ഥാനത്ത് മുരളി കണ്ണമ്പള്ളിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അടിസ്ഥാനരഹിതമായ കേസിന്റെ പേരിലാണ് പരിശോധനയും ചോദ്യം ചെയ്യലും നടന്നതെന്ന് മുരളി കണ്ണമ്പിള്ളി പറഞ്ഞു..
കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസിൽ വിവാദമായ സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ്പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകൾക്ക് സ്കീന്‍ ഷോട്ട് ലഭിച്ചത്. റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പില്‍ അമല്‍ രാമചന്ദ്രന്‍ എന്ന ആളാണ് സന്ദേശമെത്തിച്ചത്. റിബീഷ് രാമകൃഷ്ണന്‍ ആണ്സ്ക്രീന്‍ ഷോട്ട് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബീഷ് വെളിപ്പെടുത്തിയില്ലെന്നും പൊലീസ് പറയുന്നു.
തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഓഗസ്റ്റ് 17 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചകൾ നിരുത്സാഹപ്പെടുത്തരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാധവ് ഗാഡ്ഗിൽ അപരാധി അല്ല. ഗാഡ്ഗിൽ റിപ്പോർട്ട് ജനാധിപത്യപരമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിനെ അർഹിക്കുന്ന ഗൗരവത്തോടെ കേരളം കാണണം. അനധികൃതമായ നിരവധി നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ടെന്നും ഒരു ദാക്ഷിണവും കൂടാതെ നടപടി വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം 6 വോട്ടുകള്‍ക്കാണെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. സാധുവായ വോട്ട് എല്‍ ഡി എഫിനെന്ന് കണക്കാക്കിയാലും യു ഡി എഫ് 6 വോട്ടിന് ജയിക്കും. ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളിയ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മിഷ൯ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ രണ്ട് ദിവസമായി നടന്ന വനിതാ കമ്മിഷന് അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. കമ്മിഷന്റെ നേതൃത്വത്തിലുള്ള ഈ വ൪ഷത്തെ ബോധവത്കരണ പരിപാടിക്ക് ആഗസ്റ്റിൽ തുടക്കമായി.
കൊല്ലം ചടയമംഗലത്ത് ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കും ഗുണ്ടകൾക്കുമെതിരെ കേസെടുത്തു. കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകൾ, ഒരു പൊലീസുകാരൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് . കൊൽക്കത്ത ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്. പൊലീസ് അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലെന്നും സർക്കാർ ഇരക്കൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിധി . ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. ബിജെപി നേതാവ് അഡ്വ കൗസ്തവ് ബഗ്ചി നൽകിയ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
പശ്ചിമ ബംഗാളിൽ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ദേശീയ മെഡിക്കൽ കമ്മീഷൻ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. അധ്യാപകർ, വിദ്യാർത്ഥികൾ, റസിഡന്‍റ് ഡോക്ടർമാർ എന്നിവർക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ടിൻമേൽ അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിൽ കുറ്റാരോപിതയായ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച് രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 22 ന് നടക്കുന്ന പ്രക്ഷോഭത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഇഡി ഓഫീസുകൾ ഘെരാവോ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഒറ്റ ദിവസം ആറ് പുതിയ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി ആണിത്. തിരുവനന്തപുരം – ചെന്നൈ, ചെന്നൈ – ഭുവനേശ്വര്‍, ചെന്നൈ – ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത – വാരണാസി, കൊല്‍ക്കത്ത – ഗുവാഹത്തി, ഗുവാഹത്തി – ജയ്‌പൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.