വയനാട്ടിലെ ദുരന്ത ബാധിത മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചാലിയാർ എന്നിവിടങ്ങളിലെ ഇന്നത്തെ തെരച്ചിലാണ് അവസാനിപ്പിച്ചത്. ചാലിയാറിൽ നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാഗങ്ങളായി തിരിഞ്ഞ്തെരച്ചിൽ പുനരാരംഭിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്.
വയനാട് ഉരുള്‍പ്പൊട്ടലില്‍ ആകെ മരണം 360 ആയി. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരിച്ചു. 146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. 74 പേരുടെ മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പൊതുശ്മശാനത്തിൽ സംസ്കരിക്കും.
ഉരുൾപൊട്ടലിൽ 2.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തി. ജീവൻ നഷ്ടപ്പെട്ട വളർത്തു മൃഗങ്ങളുടെയും ഉരുൾപൊട്ടലിൽ നാശം സംഭവിച്ച തൊഴുത്തുകൾ, കറവ യന്ത്രങ്ങൾ, പുൽകൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്.
മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.
പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, സ്കൂൾ റോഡ് എന്നിവടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി. അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോൾഡറും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുന്നതാണെന്ന് മന്ത്രി ജി.ആർ. അനിൽ. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരൽമല എന്നിവിടങ്ങളിലെ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണ്ണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്
വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നാണ് ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.
വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നാണ് ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.
കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്ന രീതികളില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല.കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതിയില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർമാരുടെ സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.കൂടുതൽ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നത്. താൻ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാൻ പറയുമെന്ന് വ്യക്തമാക്കിയ ഗവർണർ സിഎംഡിആർഎഫിനെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം.
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി മന്ത്രി വീണാ ജോര്‍ജ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉള്ളുരുകുന്നവർക്ക് ആശ്വാസമേകി സൈക്കോ സോഷ്യൽ കൗൺസിലർമാർ. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാത്തവർക്കും സാമൂഹ്യ -മാനസിക പിന്തുണ നൽകുകയാണ് ഇവരുടെ ലക്ഷ്യം. ദുരന്തമേഖലയിലെ 17 ക്യാമ്പുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗൺസിലിങ്ങ് സെന്ററുകൾ സജീവമാണ്.
വയനാട്ടിൽ ഉരുൾപ്പൊട്ടൽ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകി. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കം കമ്പനികൾക്കാണ് നിർദ്ദേശം.
മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി . സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ കളമശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ ഷിജു ജബ്ബാറാണ് അറസ്റ്റിലായത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം.മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാർ. വയനാട്ടിലെ കൈത്താങ്ങായി ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമായി കര്‍ണാടക ഉണ്ടെന്ന് സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. ദുരന്തബാധിതര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 100 വീട് നിര്‍മിച്ച് നല്‍കും.ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിര്‍ത്തുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ഹിമാചൽ പ്രദേശിലെ രാംപുരയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താനായി എസ്കവേറ്ററുകളും കെഡാവർ നായ്ക്കളേയും എത്തിച്ചെന്ന് കരസേന അറിയിച്ചു. നിലവിൽ 8 മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് കുടുങ്ങിയ 800ഓളം തീർത്ഥാടകരെ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതുവരെ 15 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ഇരുസംസ്ഥാനത്തും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.