വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരുമെന്ന് ഉദ്യേഗസ്ഥര്‍. ഫ്ലഡ് ലൈറ്റ് എത്തിച്ച് പരിശോധന നടത്തും എന്നാണ് ഉദ്യേഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. ശക്തമായ സിഗ്നല്‍ ലഭിച്ച സാഹചര്യത്തിലാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്.
മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പരിശോധന നിറുത്തി ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും പരിശോധന തുടരാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാവരും തിരിച്ചെത്തുകയായിരുന്നു.
മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 86 പേര് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 2 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി, വെള്ളാര്‍മല എന്നീ വില്ലേജുകളും വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജുമാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലായ് 30 മുതല്‍ ഈ സ്ഥലങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും.
ചൂരൽമലയിലേയും മുണ്ടക്കൈയിലേയും രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ച് കൊണ്ടുള്ള തിരച്ചിലാണ് മുന്നേറുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നീ മേഖലകളിൽ നിന്നും വെള്ളിയാഴ്ച്ച വൈകിട്ട് വരെ 11 മൃതദേഹങ്ങള്‍ കണ്ടെത്തി.
ദുരന്തബാധിത മേഖലയിൽ വൈദ്യസേവനം നൽകുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആര്‍മി മെഡിക്കൽ സർവീസസിനും പുറമെ തമിഴ് നാട് സർക്കാർ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നു. ക്രെയിനുകള്‍, കോൺക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.
വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലയില്‍ ഇന്നും സന്ദര്‍ശനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിക്കൊപ്പം ഇന്നലെയും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്പുകളിലും സന്ദര്‍ശനം നടത്തിയിരുന്നു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍വെച്ച് രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ ചർച്ച നടത്തി. ദുരന്തത്തില്‍ അവശേഷിച്ചവര്‍ക്കായി കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് രാഹുല്‍ പറഞ്ഞു.
വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങൾ നേരിട്ടപ്പോൾ താങ്ങായി നിന്നവരാണ് പ്രവാസികൾ. വയനാടിൻ്റെ പുനർ നിർമ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.
വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്കി പോലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം നടപ്പിലാക്കി. രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കാൻ പോലീസ് നിര്‍ദേശം നല്കി.
വയനാട് ദുരന്തത്തിൽ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണമെന്നും ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് . ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യതയ്ക്ക് വിലകല്‍പ്പിക്കണം. വലിയ മാനസിക വിഷമത്തിലാണ് അവർ കഴിയുന്നത് ക്യാമ്പുകളെ ഒരു വീട് ആയി കണ്ടു ഇടപെടണം . അഭിമുഖം എടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പിൽ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.ഈ സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും. 6 സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക.
കേരള വാട്ടര്‍ അതോറിറ്റി, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പൈപ്പുകളിലുണ്ടാകുന്ന അറിയപ്പെടാത്ത ചോര്‍ച്ചകള്‍ക്ക് ചോർച്ചാ ആനുകൂല്യം പുതുക്കി നിശ്ചയിച്ചു. 50 കിലോലിറ്ററിനു മുകളില്‍ ചോര്‍ച്ച മൂലം ഉണ്ടാകുന്ന, ഓരോ കിലോലിറ്റർ ഉപഭോഗത്തിനും വാട്ടർ ചാർജ് നിരക്കിന്റെ 50 ശതമാനം ഇളവുനൽകും. ചോര്‍ച്ച മൂലം വാട്ടര്‍ ചാര്‍ജിന് അനുസൃതമായി സീവറേജ് ചാര്‍ജില്‍ വര്‍ദ്ധനവുണ്ടാകുന്ന ഉപഭോക്താക്കള്‍ക്ക് ചോർച്ച കാലയളവിന് മുമ്പുള്ള മാസത്തെ സീവറേജ് ചാര്‍ജോ അല്ലെങ്കില്‍ ചോർച്ച കാലയളവിന് മുന്‍പുള്ള ആറു മാസത്തെ ജല ഉപഭോഗത്തിന്റെ ശരാശരി പ്രകാരമുള്ള സീവറേജ് ചാര്‍ജോ ഏതാണോ കൂടുതല്‍ അത് ഈടാക്കും.
എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന് ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മുല്ലശ്ശേരി കനാൽ നവീകരണം ഉൾപ്പടെയുള്ള പദ്ധതികൾ പൂര്‍ത്തിയാക്കാന്‍ മേയർ എം അനിൽ കുമാർ ഇറിഗേഷൻവകുപ്പിന് നിര്‍ദേശം നല്കി.
വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നല്കുന്ന ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ ഗവർണർമാരുടെ യോഗത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുവാൻ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിക്കും മുൻപിലായിരിക്കും ഇക്കാര്യം ഉന്നയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎംഡി നല്കിയ മുന്നിറിയിപ്പ് വായിക്കേണ്ടവര് വായിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ബിജെപി നേതാവ് വി. മുരളീധരന് വ്യക്തമാക്കി. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 18നും 25നും ഐഎംഡി നല്കിയ മുന്നിറിയിപ്പില്‍ ഭൂപടമടക്കം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ദുരന്തം ബാധിക്കപ്പെട്ടവര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചു, സേനയുടെ പങ്കാളിത്തം ഉറപ്പാക്കി. ഇതിനപ്പുറം എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കർണാടകയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന 34.56 ലിറ്റർ മദ്യവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ് പനയാൽ കുന്നിച്ചി സ്വദേശി ഡേവിഡ് പ്രശാന്ത് മൊയോളം സ്വദേശി ഉപേന്ദ്രന് മദ്യം കൈമാറുന്ന സമയത്താണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.
സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി, പാര്‍ട്ടി സമ്മേളന ഷെഡ്യൂളിന് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടക്കും. നവംബറിൽ ആണ് ഏരിയ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഡിസംബർ ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനവും ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനവും നടക്കും.
വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഎം. പുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമാണെന്നും എല്ലാ പാര്‍ട്ടിഘടകങ്ങളും അവരവരുടെ വിഹിതം സംഭാവന ചെയ്യണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചു . ദേശീയ തലത്തിൽ ഇടപെടൽ നടത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ. പ്രത്യേക ക്ഷണിതാവായാണ് നികേഷിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ സജീവമാകാൻ തീരുമാനിച്ചെന്നും അടുത്തിടെ എം വി നികേഷ് കുമാര്‍ പറഞ്ഞിരുന്നു.
വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും.
ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും ഈ മാസം 8 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ-ഷെഡ്യൂളിങ്, കാന്‍സലിങ്ങ് ചാര്‍ജുകളില്‍ ഇളവുനല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
പുതിയ പാർലമെന്റ് മന്ദിരത്തിലെ ചോർച്ചയിൽ സർക്കാരിനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. മന്ദിരത്തിൻറെ സുരക്ഷ ഉറപ്പാക്കാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉദ്ഘാടനം ചെയ്ത് ഒരു വർഷവും രണ്ട് മാസം പിന്നിടുമ്പോഴേക്കും ചോർച്ച തുടങ്ങിയത് അഴിമതിയുടെ വ്യക്തമായ തെളിവാണെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.
നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ഒരു ശരീരത്തിന്റെ രോഗങ്ങൾ മാറ്റാനായി പലതരം ചികിത്സകൾ ചെയ്യുന്നത് പോലെ അപാകതകൾ പരിഹരിക്കും. എന്നാൽ, നീറ്റ് ഇല്ലാതാക്കില്ല. നീറ്റ് പരീക്ഷ ചിട്ടയായ രീതിയിൽ രൂപപ്പെടുത്തിയ സംവിധാനമാണ്. ഈ സംവിധാനത്തെ തുരങ്കം വയ്ക്കരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്കി കോൺഗ്രസ്. വയനാട് ഉരുൾപൊട്ടലിൽ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്. മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന് കോൺഗ്രസ് നോട്ടീസില്‍ വ്യക്തമാക്കി. ഒരു മന്ത്രിയോ അംഗമോ തെറ്റിദ്ധരിപ്പിക്കുന്നത് സഭയോടുള്ള അവഹേളനമാണെന്നും നോട്ടീസില്‍ പറയുന്നു.