ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് പുടിൻ സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
റഷ്യയോട് അടുത്ത സുഹൃത്തായി ഇന്ത്യയെ കാണുന്നതിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻറെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നത് ആദ്യമായിട്ടാണ്. യുക്രൈൻ വിഷയത്തിൽഇന്നലെ തുറന്ന ചര്‍ച്ച നടന്നു. കീവിൽ കുട്ടികളുടെ മരണം ഏറെ വേദനിപ്പിക്കുന്നു. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും,തൻറെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്ത് കോൺഗ്രസിനും ഇടത് പാര്‍ട്ടികൾക്കും ഒരു ആശയവുമില്ലെന്ന് ജെപി നദ്ദ. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ആദ്യമായെത്തിയ അദ്ദേഹം തൃശ്ശൂരിലെ വിജയത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ബിജെപി വടക്കേ ഇന്ത്യൻ പാര്‍ട്ടിയെന്ന പ്രചാരണം തെറ്റി, ആന്ധ്രയിലെയും തെലങ്കാനയിലെയും മികച്ച ജയം ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും മികച്ച വിജയത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി അംഗത്വ നിയമനത്തിനായി സിപിഎം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി ഉയര്‍ന്നിട്ടും വിജിലന്‍സ് അന്വേഷണം പോലും നടത്താത്തത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ സിപിഎമ്മിനെ അടപടലെ ബാധിക്കുന്ന വിഷയമായതിനാല്‍ കോഴ ആരോപണം ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കുററപ്പെടുത്തി.
ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളും, 45,500 രൂപ പിഴയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഇന്ന് പൊലീസിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ, ഗോദ്സെയെ പ്രകീർത്തിച്ച് വിവാദത്തിലായ എൻ.ഐ.ടി അധ്യാപിക പ്രഫ. ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ. ഇവർ അയച്ച ഇ-മെയിൽ സന്ദേശമാണ് വിവാദമായത്. എന്‍ഐടിയിലെ മുന്‍ വിദ്യാര്‍ത്ഥിയുടെ പ്രകോപനപരമായ സന്ദേശം ഫോർവേഡ് ചെയ്തുള്ള ഇ-മെയിലിന് എതിരെയാണ് പരാതി. അമ്മയുടെ പ്രായമുള്ള സ്ത്രീയെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളുടെ കയ്യും കാലും വെട്ടണമെന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി അജിന്‍റെ സന്ദേശം. ഇതാണ് ഷൈജ ആണ്ടവന്‍ ഫോര്‍വേര്‍ഡ് ചെയ്തത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.രോഗ ലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ എത്രയും വേഗം പരിശോധനയ്ക്കയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കെഎസ്‍യു നിയമസഭയിലേക്ക് നടത്തിയ അവകാശ പത്രിക മാര്‍ച്ചിൽ സംഘര്‍ഷം. എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും പ്രതിഷേധിച്ച മാർച്ചിൽ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സമരക്കാര്‍ക്കുനേരെ പൊലീസ് പലതവണ ജനപീരങ്കി പ്രയോഗിച്ചു. കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന് ഉള്‍പ്പെടെ പരിക്കേറ്റു.
ആരോടും ഒരു പൈസയും വാങ്ങിയിട്ടില്ലെന്ന് പിഎസ്‍സി കോഴ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. ആരോപണം വരുമ്പോൾ വിശദീകരണം ചോദിക്കുക എന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നൊക്കെ പാർട്ടി പരിശോധിക്കട്ടെെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. 2021ലെ ലോൺ അടക്കാൻ കഴിയാതെ ജപ്തിയിൽ നിൽക്കുകയാണ് താനെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അതിന് മാത്രം വലിയ നേതാവുമല്ല. പരാതി പാർട്ടി പരിശോധിക്കട്ടെയെന്നും പ്രമോദ് കോട്ടൂളി പ്രതികരിച്ചു.
സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ കൂടി പനി ബാധിച്ച് മരിച്ചു. ഇന്നലെ 13511 പേർ പനി ബാധിച്ച് ചികിത്സ തേടി. പകർച്ച വ്യാധി നിയന്ത്രണത്തിന് റാപ്പിഡ് റസ്പോൺസ് ടീം ജില്ലകളിൽ രൂപീകരിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ജില്ലകളിൽ രൂപീകരിച്ചത്. പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി. പിഎസ്‌സി ബോര്‍ഡ് അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ ആണ് വിശദീകരണം തേടിയത്. ഇത് ഗുരുതര വീഴ്ചയാണെന്നും ഉയർന്ന ആരോപണം ഗൗരവമുള്ളതായിട്ടും ജില്ലാ ഘടകം മുഖവിലക്ക് എടുത്തില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയത്.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും മന്ത്രി വി എൻ വാസവൻ. ജൂലൈ 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും.ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബർ-ഒക്ടോബർ മാസത്തിൽ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് മാനസിക വെല്ലുവിളി നേരിടുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശി മുഹമ്മദ് സാദിഖിനെ(22)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ചതെന്നാണ് സംശയം. കേസിൽ അന്വേഷണം നടന്നുവരികയാണ്.
ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകo പോസ്റ്റ്മോര്‍ട്ടത്തില്‍ ആണ് കൊലപാതകം ആണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂരിലെ ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ബിബിൻ കുര്യാക്കോസിന്‍റെ ലൈസൻസ് റദ്ദാക്കാനാണ് നടപടി. ഇയാൾ ബസ് ഓടിക്കുന്നതിനിടിയിൽ മൊബൈൽ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ ആർടിഓയ്ക്ക് അയച്ചു നൽകിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കിയതോടൊപ്പം ഇയാൾ രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം.
ആത്മീയ ആചാര്യൻ ദലൈ ലാമക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹർജി ദില്ലി ഹൈക്കോടതി തള്ളി . ഒരു കുട്ടിയുടെ നാവിൽ ചുംബിച്ച സംഭവത്തിലാണ് ഹർജി . കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. സംഭവത്തിൽ ദലൈലാമ മാപ്പ് അപേക്ഷിച്ചെന്നും തമാശയായി ചെയ്ത കാര്യമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചെന്നും കോടതി വ്യക്തമാക്കി.
ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രത്യേകസംഘം മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എസ്‍ഡിഎം പരിപാടിക്ക് അനുമതി നൽകിയത് സ്ഥലം സന്ദർശിക്കാതെയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഇതുസംബന്ധിച്ച് വിവരങ്ങൾ പൊലീസ് അടക്കം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുംബൈയിൽ ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി മിഹിർ ഷാ അറസ്റ്റിൽ. 24 കാരനായ പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ സംരക്ഷിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നതായി ശിവസേന ഉദ്ധവ് പക്ഷം ആരോപിച്ചിരുന്നു. രാഷ്ട്രീയ ആരോപണങ്ങൾ മുറുകുന്നതിനിടെയാണ് പ്രതി മിഹിർ ഷാ അറസ്റ്റിലാവുന്നത്.
പശ്ചിമബംഗാളിൽ വനിതയെ സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നോർത്ത് 24 പർഗാനസ് ജില്ലയിലെ കമർഹാടിയിൽ നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ കേസെടുത്തെന്നും ദൃശ്യങ്ങളിലുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നും ബംഗാൾ പൊലീസ് അറിയിച്ചു.
ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് മന്ത്രി നിതിൻ ഗഡ്കരി . ഇത്തരം വാഹനങ്ങൾ 80 ലക്ഷം ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകാൻ ഇടയാക്കുo. അമേരിക്കയിൽ നടന്ന ചർച്ചകളിൽ ഇക്കാര്യം താൻ ചൂണ്ടിക്കാട്ടിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ടെസ്ലയുടെ സാധാരണ കാറുകൾ വൈകാതെ ഇന്ത്യൻ വിപണിയിൽ ഇറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.