നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ പാറ്റ്നയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത് . നീറ്റ് പിജി പരീക്ഷ സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. പരീക്ഷ മാറ്റിവച്ചത് വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് ഐഎംഎ വെളിപ്പെടുത്തി.
എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമായെന്ന് പ്രചരിപ്പിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്ന ബിനോയ് വിശ്വം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നേരിടേണ്ടിവന്ന പരാജയം സമ്മതിക്കുന്നു . പക്ഷേ പുറകോട്ട് പോകാൻ എല്‍ഡിഎഫ് ഒരുക്കമല്ല.പാർട്ടികമ്മിറ്റി കൂടുന്നത് ചർച്ച ചെയ്യാനാണ്. അതല്ലാതെ നേതാക്കൾക്ക് സ്തുതി പാടാനല്ല. തെറ്റു തിരുത്തി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കളിയിക്കാവിള ദീപു കൊലക്കേസിൽ പ്രതി കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്തി. പ്രതി അമ്പിളി കൊലപാതകത്തിനായി ഉപയോഗിച്ച കത്തി തോട്ടിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനായി സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നൽകിയ പാറശ്ശാല സ്വദേശി സുനിലിനായി പൊലീസ് അന്വേഷണം തുടങ്ങി.
ടൂറിസ്റ്റ് ബസുകൾക്കുളള ടാക്സ് വർദ്ധിപ്പിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ. കേരള സർക്കാരുമായി കൂടിയാലോചിക്കാതെയാണ് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചത്. കേരളത്തിൽ ശബരിമല സീസണാണ് വരുന്നത്, അവിടെ 4000 വാങ്ങിയാൽ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
പി ജയരാജനെതിരെ ആരോപണവുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. പി ജയരാജന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. പി ജയരാജന്‍റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്‍റെ കോര്‍ഡിനേറ്ററാണ് എന്നും, ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിച്ചു. തനിക്ക്ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് പറഞ്ഞു. പി ജയരാജനുമായി വ്യക്തിപരമായി തനിക്ക്പ്രശ്നങ്ങളില്ല. പി ജയരാജന്‍റെ പ്രതികരണം പാര്‍ട്ടി തീരുമാനമല്ലെന്നും മനു തോമസ് കൂട്ടിച്ചേര്‍ത്തു.
ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു ഗതാഗത മന്ത്രിക്ക് പരാതി നൽകി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഒന്നുകിൽ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞ് വിടണമെന്നാണ് യദുവിന്‍റെ പരാതിയില്‍ ആവശ്യപ്പെടുന്നത്.
വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശിതരൂർ എം പി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന് കത്തെഴുതി. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനത്തിന് ഈ നിരക്ക് വർദ്ധന ശക്തമായ പ്രതിബന്ധം സൃഷ്ടിക്കുമെന്ന് ഡോ. ശശിതരൂർ കത്തിൽ ചൂണ്ടിക്കാട്ടി.
മുതലപ്പൊഴിയിലെ അപകടങ്ങള്‍ വെച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ആന്റണി രാജു. യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് കാരണം. യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് അദാനിയുമായി കരാർ ഒപ്പിട്ടത്. നിങ്ങളുടെ കണ്ണിലെ കോലു മാറ്റിയിട്ടാണ് ഞങ്ങളുടെ കണ്ണിലെ കരട് എടുക്കാൻ വരേണ്ടതെന്നും ആന്‍റണി രാജു പറഞ്ഞു.കടലിൽ വെച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടയിൽ ഏത് വിധേന മരിച്ചാലും ഇൻഷുറൻസ് തുക ലഭ്യമാക്കണമെന്ന് ആന്റണി രാജു നിയമസഭയിൽ ആവശ്യപ്പെട്ടു.
യാക്കോബായ ഓർത്തഡോക്സ് പള്ളി തർക്കത്തിൽ പള്ളികൾ ഏറ്റെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സംബന്ധിച്ചാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കോടതി നിർദേശം കണക്കിലെടുത്ത് അടുത്ത ദിവസം തന്നെ പള്ളികൾ ഏറ്റെടുക്കുമെന്നും, ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടികൾ വൈകിയത്, ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ വിശ്വാസികളിൽ നിന്ന് വലിയ എതിർപ്പുണ്ടായി എന്നും സർക്കാർ വിശദീകരണം നൽകി.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളേജ് പുറത്താക്കിയ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു. പിന്നാലെ സർവകലാശാല വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താമെന്ന് കാട്ടി പ്രത്യേക ഉത്തരവുമിറക്കി.പ്രതികൾക്ക് അനുകൂമായുള്ള ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് പരീക്ഷ എഴുതാൻ അവസരം നൽകിയത്.
റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. കേന്ദ്ര, കേരള സർക്കാരുകൾ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക, തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം.
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പിൽ. പ്രതികളുടെ ശിക്ഷാ ഇളവിനു വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന് തന്നെയാണെന്നും, പൊലീസ് വിളിച്ചപ്പോഴാണ് കെ കെ രമ പോലും കാര്യങ്ങൾ അറിയുന്നത്. സഭയിൽ ഹാജരാവാൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എന്തു മുഖമാണ് ഉള്ളത്. നടപടി തെറ്റാണെന്ന ബോധ്യത്തിലാണ് ഇരുവരും സഭയിൽ ഇല്ലാതിരുന്നതെന്നും ഷാഫി പറഞ്ഞു.
കോഴിക്കോട് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കിഫ്ബി വഴി 558.68 കോടി രൂപ ചെലവില്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സർക്കാർ. എച്ച്.1 എന്‍.1 വ്യാപനം തടയുകയാണ് ലക്ഷ്യം. ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും ഒഴിവാക്കണം. ചത്ത് കിടക്കുന്ന പക്ഷികളേയും മൃഗങ്ങളേയും കൈ കൊണ്ട് എടുക്കരുതെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും.. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.
അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തിയ യുവതിയെ മാനസികവും സാമ്പത്തികവുമായി ബുദ്ധിമുട്ടിച്ച ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിനു മുമ്പ് ഗൈനക്കോളജിസ്റ്റായ ഡോക്ടറെ നേരിൽ കേൾക്കാനും കമ്മീഷൻ തീരുമാനിച്ചു. ഡോക്ടർക്കെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ റിപ്പോർട്ട് കമ്മീഷന് സമർപ്പിച്ച ആരോഗ്യവകുപ്പ്, ഡോക്ടർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പരാമർശിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സംസ്ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചെന്ന് മന്ത്രി കെ രാജൻ. ജൂലൈ ഒന്ന് മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചാകും ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുക.ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കാനായി പുതിയ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ കൂടുതലായി നിയോഗിച്ചെന്നും മന്ത്രി വിവരിച്ചു.
കെഎസ്ആർടിസി ജീവനക്കാർ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് നിയമസഭയിൽ എം വിൻസൻ്റ് എംഎൽഎ. പിന്നാലെ മറുപടി നൽകിയ മന്ത്രി ഗണേഷ് കുമാർ, കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നൽകാൻ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി.ഡ്രൈവർമാരിൽ പരിശോധന കർശനമായപ്പോൾ അപകട നിരക്ക് വൻതോതിൽ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു.
തമിഴ്നാട്ടിലെ ഹൊസൂരിൽ 2000 ഏക്കർ സ്ഥലത്ത് പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിവർഷം മൂന്ന് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള വിമാനത്താവളമാണ് നിർമിക്കുകയെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ഹൊസൂരിലും പരിസര പ്രദേശങ്ങളിലും നിരവധി ഉൽപ്പാദന, വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നതിനാൽ കൂടുതൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുകയാണ് ലക്ഷ്യം.
ലോക്‌സഭ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചെങ്കോലിന് പകരം ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ്‍വാദി പാർട്ടി എംപി. എംപി ആർ.കെ. ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിലാണ് ചെങ്കോലിന് പകരം ഭരണഘടന സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്. എസ്പി എംപിയുടെ ആവശ്യത്തെ എതിർത്ത് ബിജെപി രംഗത്തെത്തി. ഇന്ത്യൻ ചരിത്രത്തോടും സംസ്‌കാരത്തോടും സമാജ്‌വാദി പാർട്ടിക്ക് ബഹുമാനമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പ്രതിഷേധത്തിനിടെ, ദില്ലിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ ഉള്‍പ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റു. നീറ്റ് ക്രമക്കേടിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്‍റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് ദില്ലിയിൽ മാർച്ച് നടത്തിയത്.യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനീവാസ് നേതൃത്വം നൽകിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്.
ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിഐഡി. ബെംഗളുരുവിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. യെദിയൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉൾപ്പെടുത്തിയാണ് കുറ്റപത്രം. താൻ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.
സ്പീക്കർ അടിയന്തരാവസ്ഥ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്പീക്കർ ഓം ബിർളയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ രാഹുൽ കടുത്ത പ്രതിഷേധമാണ് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുമാണ് സ്പീക്കറെ കണ്ടത്.