Screenshot 2024 02 27 20 21 14 990 com.android.chrome edit 4

 

കേരളത്തിൽ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു.  രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും  സത്യപ്രതിജ്ഞ ചെയ്യുക.   തൃശ്ശൂര്‍  എംപി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ രാവിലെ പൂര്‍ത്തിയായി. തിരുവനന്തപുരം എംപി ശശി തരൂര്‍, വിദേശ സന്ദർശനം നടത്തുന്നതിനാൽ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണു​ഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

 

പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്ററിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെയാണ് കൂടാതെ റീജിയണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം നല്‍കണം. പരാതി ലഭിച്ചാല്‍ ഉടൻ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം. ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം അന്വേഷണ സമിതിയുടെ അധ്യക്ഷന്‍. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം നടപടി സ്വീകരിക്കാൻ എന്നാണ് ചട്ടത്തിൽ വ്യക്തമാക്കുന്നത്.

ഇടുക്കിയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാറിൽ സഞ്ചരിച്ച രാജകുമാരി സ്വദേശി ജോസഫ് ആണ് മരിച്ചത്. വില്ലാഞ്ചിറയിൽ ശക്തമായ മഴയിൽ   കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്ന നിലയിലാണ്.  റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.

ട്രഷറികളിൽ നിന്ന് 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറാൻ ധനമന്ത്രാലയത്തിൻ്റെ അനുമതി. സംസ്ഥാനത്തെ ട്രഷറി വേയ്സ് ആന്റ് മീൻസ് പരിധി സംസ്ഥാന ധനകാര്യ വകുപ്പ് ഉയർത്തി.   ധനകാര്യ വകുപ്പ് 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ നിർദ്ദേശം നൽകി.  5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ വേയ്സ് ആന്റ് മീൻസ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് മാറി നൽകിയിരുന്നത്.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എറണാകുളം ജില്ലയിലും നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മറ്റന്നാൾ വയനാട് ജില്ലയിലുമാണ് നിലവിൽ ഓറഞ്ച് അലർട്ട് . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 28 -ാം തിയതി വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ടൂറിസം വകുപ്പ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. കോടികൾ വകയിരുത്തിയ ആക്കുളം കായൽ പുനരുജ്ജീവന  പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ്  വിമർശനം. മുഹമ്മദ് റിയാസ് നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പോലും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം. കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്കോസോ ടൂറിസം വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് സ്ഥലം എംഎൽഎ കൂടിയായ കടകംപള്ളിയുടെ വിമര്‍ശനം.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു. മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.കൊല്ലത്ത് മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. പോലീസുകാർക്ക് നേരെ കല്ലെറിയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. തിരുവനന്തപുരത്തും കെ.എസ്.യു. നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

ചന്ദന കടുത്ത കേസിൽ മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ചന്ദനങ്ങൾ ശേഖരിച്ചത് എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് എടുത്ത കേസിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. മലപ്പുറം സ്വദേശികളായ മുഹമ്മദ്‌ സുഹൈൽ, മുഹമ്മദ്‌ ഫസലുറഹുമാൻ, ഫജാസ്, ഉന്മർ, മിഷാൽ, മുഹമ്മദ്‌ അബ്രാർ എന്നിവരാണ് കേസില്‍ പ്രതികള്‍. നാല് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടത്. ചെന്നൈയിലേക്കും പുതുച്ചേരിയിലേക്കും ചന്ദനം കടത്തിയിരുന്നതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സംഘത്തിനാണ് തുടരന്വേഷണ ചുമതല.

കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതത്തിന്‍റെ പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്ത് വില കൊടുത്തും ബിജെപി ചെറുത്ത് നിൽക്കും. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്ലിം പ്രീണനത്തിന്‍റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് വിഡി സതീശൻ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ചു. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിലും, മുന്നണി യോഗങ്ങൾ അറിയിക്കുന്നില്ലെന്ന പരാതിയും ചെന്നിത്തലക്ക് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദർശനം. രമേശ് ചെന്നിത്തലയുമായി ഒരു പ്രശ്നവുമില്ലെന്നും ഞങ്ങൾ തമ്മിൽ സഹോദര ബന്ധമാണെന്നും എന്നാൽ ആശയവിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായതാണെന്നും സന്ദർശനത്തിന് ശേഷം വി ഡി സതീശൻ വ്യക്തമാക്കി.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര രംഗത്തേക്ക് കടന്നിരിക്കുകയാണ്. മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു. എന്നാൽ സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും.നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു അറിയിച്ചു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പ്ലസ് വൺ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്  ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധമാർച്ചിൽ ഉന്തും തളളുമുണ്ടായി.  കൂടാതെ കോഴിക്കോട് ആര്‍ഡ‍ിഡി ഓഫീസ് കെഎസ്‍യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

മസ്കറ്റിൽ പ്രവാസി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിനാണ് എയർലൈൻസ് അധികൃതരുടെ മറുപടി. എയർലൈൻസ് സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും അമ്മയ്ക്കും വിദേശത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. നമ്പി രാജേഷിന്‍റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് കാട്ടിയാണ് വിമാനകമ്പനി കുടുംബത്തിന്‍റെ ആവശ്യം നിരാകരിച്ച് ഇ മെയിലിലൂടെ പ്രതികരിച്ചത്.

പാര്‍ട്ടി കമ്മിറ്റികളിൽ ഇപ്പോൾ ഉയരുന്ന അതിരൂക്ഷ വിമര്‍ശനത്തിൽ മാറ്റേണ്ടതെല്ലാം മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദൻ്റെ പ്രതികരണം. പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്നും താഴേത്തട്ടിൽ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സംസ്ഥാന സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.

കേച്ചേരി-കുന്നംകുളം റോഡിലെ കുഴിയടയ്ക്കാനുള്ള പണി തുടങ്ങി. മഴ മാറുന്ന മുറയ്ക്ക് ടാർ ചെയ്യാനാണ് തീരുമാനം. അടുത്ത കൊല്ലം ഓഗസ്റ്റോടെ കേച്ചേരി ഉള്‍പ്പെടുന്ന തൃശൂര്‍-കുറ്റിപ്പുറം റോഡ് പൂര്‍ത്തിയാക്കാന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി.

കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി പനങ്ങാട് പൊലീസ്. നട്ടെല്ലിന്നേറ്റ പരിക്കിനെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് കൊച്ചി മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേറ്റൽക്കുകയുമുണ്ടായത്. സിഗ്നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാൻ കാരണം.

മിൽമയിലെ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പാക്കുന്നതിലുള്ള കാലതാമസത്തിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. സംസ്ഥാന ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന അനുരഞ്ജന യോഗത്തിൽ ഒത്തുതീർപ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.

 

തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള  അമ്മത്തൊട്ടിലിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറുമായി മൂന്ന് കുരുന്നുകൾ  കൂടി എത്തി.വെള്ളിയാഴ്ച രാത്രി 9.30ന്  ഒന്നര മാസം പ്രായമുള്ള പെൺ കുഞ്ഞും ഞായറാഴ്ച വെളുപ്പിന് 2.30ന് പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന ഇരട്ട ആൺകുട്ടികളുമാണ് അതിഥികളായി എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് രണ്ട് കുട്ടികളെ അമ്മത്തൊട്ടിലിൽ ലഭിക്കുന്നത്.

വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളാതെ രമേശ് ചെന്നിത്തല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്ലസ് വൺ സീറ്റ്‌ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സീറ്റ് ഉയർത്തണം എന്നത് നിരന്തരം ഉള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സിപിഎം പിബി അംഗം എ.വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പറയുന്നത് മുസ്ലീം ലീഗ് അധ്യക്ഷൻ അതേ പോലെ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് എതിരായുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നത്. മുസ്ലിം ലീഗ് ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് നേരെയുള്ള തിരഞ്ഞെടുപ്പായി മാറ്റി . മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും വല്ലാത്ത സ്നേഹമുള്ള മാധ്യമപ്രവർത്തകരാണ് കേരളത്തിലുള്ളത്. പാർട്ടി അവലോകനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുമോ എന്ന് നാളെ അറിയാം. വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തുകൊണ്ട്ഇ ഡി നൽകിയ ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് സുധീർ കുമാർ ജെയിനാണ് വിധി പ്രസ്താവം നടത്തുക. സ്റ്റേ ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജി  സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കാന്‍ മാറ്റി.വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ പൂര്‍ണരൂപം കാണുന്നതിന് മുന്‍പ് ദില്ലി ഹൈക്കോടതി അത് സ്റ്റേ ചെയ്തത് അസ്വഭാവിമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

 

മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച കാര്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി . ട്രെയിൻ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം തുടങ്ങിയ പത്ത് സംഭവങ്ങൾ നിരത്തിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നും മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു. ഭരണഘടനയെ ആക്രമിക്കുന്നത് അം​ഗീകരിക്കില്ലെന്നും ഇന്ത്യ സഖ്യം ജനങ്ങളുടെ ശക്തമായ ശബ്ദമാകുമെന്നും എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ വ്യക്തമാക്കി.

ലൈംഗിക പീഡനക്കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെ സഹോദരനും ജെ.ഡി.എസ്. എം.എൽ.സി.യുമായ സൂരജ് രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡിയിൽ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. സൂരജിനെ കൂടാതെ സഹോദരൻ പ്രജ്ജ്വൽ രേവണ്ണയേയും ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *