Screenshot 2024 02 27 20 21 14 990 com.android.chrome edit 1

കുവൈത്തില്‍ ഉണ്ടായ തീപിടുത്തത്തിൽ  മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ  11 പേർ മലയാളികളാണ് . 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്.  മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്.

കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. ഇന്ത്യൻ അംബാസിഡർ ക്യാമ്പിലേക്ക് പോയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. തീപിടിത്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കുവൈത്തിൽ ഉണ്ടായ നടുക്കുന്ന ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകുന്നുണ്ടെന്നും മോദി എക്സില്‍ കുറിച്ചു.ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്കുവൈത്തിലേക്ക് തിരിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെത്തി കേന്ദ്ര സഹമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കുവൈത്ത് തീ പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

 

രാഹുൽ ​ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽഗാന്ധി വയനാട് തുടരണോ റായ് ബറേലി തുടരണോയെന്ന ധർമ്മസങ്കടത്തിലാണ് താനെന്ന് ജനങ്ങളോട് പറഞ്ഞിരുന്നു.

പൊലീസിന്റെ പ്രവർത്തനം പല തലത്തിൽ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നാൽ ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ടെന്നും ക്രിമിനലുകളെ പൊലീസിൽ വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നതെന്നും എട്ടു വർഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികൾ ഏറ്റെടുത്ത് കൈമാറാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സർക്കാരിന്റെ കഴിവുകേടാണെന്ന് കോടതി കുറ്റപ്പെടുത്തി. എന്നാൽ യാക്കോബായ ഓർത്തഡോക്സ് പള്ളിത്തർക്കം സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

നാളെ നാലാം ലോക കേരള സഭയ്ക്ക് തുടക്കമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 351 അംഗങ്ങള്‍ കേരള സഭയില്‍ പങ്കെടുക്കും. പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ വസതിയിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും, ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ. നിലവിൽ പ്ലാനുകൾ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആദ്യം പഠിക്കും. ചെയ്യാൻ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും, മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിട്ടുണ്ട്. എംപിയുടെ പ്രവർത്തനത്തിനും സിനിമയ്ക്കുമാണ് പ്രയോരിറ്റിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ജെ‍ഡിഎസ് എല്‍ഡിഎഫിൽ തുടരുന്നതിൽ സി പിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന്  എൻ കെ പ്രേമചന്ദ്രൻ എംപി. സിപിഎമ്മിന്‍റെ മതേതരത്വ നിലപാടിനെതിരെ  ചോദ്യങ്ങളുയർത്തുന്നതാണ് ഇത്. ആർഎസ്പി പണ്ട് എൽഡിഎഫ് വിട്ടതും,  ജനതാദള്‍ എൽഡിഎഫ് വിട്ട അതേ സാഹചര്യമാണ് ഇന്ന് ആർജെഡ‍ിക്ക് ഉണ്ടായിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആര്‍ജെഡി തിരിച്ചു വരാൻ തയ്യാറാണെങ്കില്‍ യുഡിഎഫ് കൂടിയാലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും എൻ കെ പ്രേമചന്ദ്രൻ  പറഞ്ഞു.

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കൊട്ടേഷൻ സംഘം. കുടുംബവഴക്കിനേതുടർന്ന്  അടുത്ത ബന്ധു സജീഷാണ്  ജയയെ തല്ലാൻ ആളെ കൂട്ടിയത്. സജീഷും ജയയെ തല്ലിയ മുന്നംഗസംഘവും ഒളിവിലാണ്.  മ‍ർദനത്തിന് കൂട്ടുനിന്നതിന്  സജീഷിന്റെ ഭാര്യയേയും സഹായിയേയും ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു. ക്രൂരമർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജയ  തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

സാഹസിക ടൂറിസം മേഖലയില്‍ കേരളത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിലൂടെ നടക്കുന്നതെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്. അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടന്ന  ഓണ്‍ലൈൻ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഇതിലൂടെ ദക്ഷിണേന്ത്യയിലെ വൈറ്റ് വാട്ടര്‍ കയാക്കിംഗിനെ പ്രോത്സാഹിപ്പിക്കാനും ഈ രംഗത്ത് സംസ്ഥാനത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്കെത്തിക്കാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു.

വയറിളക്ക രോഗങ്ങള്‍ക്കെതിരെ മഴക്കാലത്ത്  ജാഗ്രത പാലിക്കണമെന്ന്  മന്ത്രി വീണാ ജോര്‍ജ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാം. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങള്‍. ആരോഗ്യകാര്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ശ്രദ്ധ വേണം എന്നും മന്ത്രി പറഞ്ഞു.

നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നത് വിലക്കി കേരള സർവകലാശാല. കേരള സർവകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നൃത്തപരിപാടി നടത്തുന്നതിന് വിസി വിലക്ക് ഏർപ്പെടുത്തി. പുറത്തു നിന്നുള്ളവരുടെ സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികൾക്കുള്ള വിലക്ക് ശക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചിഹ്നം നോക്കി വോട്ട് ചെയ്യുന്നവർ തെരുവിലാണെന്നും ജാതി നോക്കി വോട്ട് ചെയ്യുന്നവർ മിടുക്കരാണെന്നും അദ്ദേഹം വിമർശിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ പ്രീണനമാണ്, രാജ്യസഭാ സീറ്റ് മുന്നണികൾ നല്‍കിയത് ന്യൂനപക്ഷങ്ങൾക്കാണ്.സത്യം പറയുന്ന തന്നെ ജാതിവാദിയാക്കുന്നുവെന്നും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസിൽ മൊഴി മാറ്റി പറഞ്ഞ പരാതിക്കാരി പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചന. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ദില്ലിയിൽ നിന്നാണ്. പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നി​ഗമനം. ഇവിടെ നിന്ന് ദില്ലിയിൽ എത്തിയ യുവതി വീഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.

വ്ലോ​ഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂ​ഹികസേവനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ശിക്ഷ നടപടിയുടെ ഭാ​ഗമായിട്ടാണ് സഞ്ജു ടെക്കിക്കും സുഹൃത്തുക്കൾക്കും സാമൂഹിക സേവനം നൽകിയത്. സാമൂഹിക സേവനത്തിന്റെ രണ്ടാം ദിനമാണ് ഇന്ന്. രാവിലെ 8 മുതൽ 2 വരെയാണ് സേവനം ചെയ്യേണ്ടത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്.

തൃശ്ശൂർ തെക്കുംകര മലാക്ക ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപക നാശനഷ്ടം സൃഷ്ടിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. ആനയുടെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതിയെ തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്. രണ്ട് ലക്ഷം രൂപയാണ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ചുമത്തിയതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ കാദര്‍ അറിയിച്ചു.

സമാനതകളില്ലാത്ത കുതിപ്പ് നടത്തി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലകളെന്ന ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോര്‍ട്ട് അഭിമാനം നല്‍കുന്ന നേട്ടമാണെന്ന് മന്ത്രി പി രാജീവ്. ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ ശരാശരി മൂല്യവര്‍ധനവ് 46% മാത്രമാണെങ്കില്‍ കേരളത്തിലേത് 254% ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫോര്‍ഡബിള്‍ ടാലന്റ് ഇന്റക്‌സില്‍ ഏഷ്യയിലെ നാലാം സ്ഥാനവും കേരളത്തിനാണെന്ന് മന്ത്രി പറഞ്ഞു.

 

ജലഗതാഗത വകുപ്പിന്‍റെ പ്രീമിയം എസി ബോട്ടുകൾ ഒരുങ്ങുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ 20 സീറ്റാണ്‌ ഉണ്ടാകുക. മികച്ച യാത്രാസൗകര്യവും സുരക്ഷാക്രമീകരണങ്ങളും ബോട്ടുകളിലുണ്ടാകും. കൂടുതൽ ഗ്രാമമേഖലകൾ ഉൾപ്പെടുന്ന റൂട്ടുകളിലാവും പുതിയ സർവീസ്‌. കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെയും മാരിടൈം ബോർഡിന്റെയും സുരക്ഷാമാനദണ്ഡങ്ങൾ അനുസരിച്ചാണ്‌ ഇവ നിർമിക്കുന്നത്‌. സൗരോർജം ലഭ്യമല്ലാത്ത സമയങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ആധുനിക സജ്ജീകരണങ്ങൾ ബോട്ടിലുണ്ടാകും.

മോഹൻ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി കെ വി സിങ് ദേവും, പ്രവതി പരിദയും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തുടങ്ങിയവരും ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീൻ പട്നായിക്കും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിക്ക് തിരിക്കും. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി.ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജി 7  നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ്.

 

തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ച സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഡിഎംകെ. അമിത്ഷായുടേത് തെറ്റായ നടപടി എന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ വനിത നേതാവിനെ അപമാനിച്ചത് മര്യാദയാണോ, അമിത് ഷായുടേത് എന്ത് രാഷ്ട്രീയം എന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ വിമർശിച്ചു.

ശൈശവ വിവാഹത്തെ പ്രതിരോധിക്കാൻ സ്റ്റൈപെൻഡ് പദ്ധതിയുമായി  അസം സർക്കാർ. പ്ലസ് വൺ മുതൽ പിജി വരെ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സംസ്ഥാന സർക്കാർ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ചത്. ‘മുഖ്യമന്ത്രി നിജുത് മൊയ്‌ന’ എന്നു പേരിട്ട പദ്ധതി പ്രകാരം ഓരോ വിദ്യാർത്ഥിനിക്കും പരമാവധി 2500 രൂപ വരെയാണ് നൽകുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *