മൂന്നാം മോദി മന്ത്രിസഭയിൽ അമിത് ഷാക്ക് ആഭ്യന്തര വകുപ്പ്. രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായും,ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായും ചുമതലയേൽക്കും.സുരേഷ് ഗോപിക്ക്സാംസ്കാരികം ടൂറിസം സഹമന്ത്രി സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി. തൊഖൻ റാം സാഹുവാണ് നഗര വികസന സഹമന്ത്രി. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും. ന്യൂനപക്ഷ ക്ഷേമം സഹമന്ത്രി സ്ഥാനം റവനീത് ബിട്ടുവിനാണ്.
സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി പ്രവർത്തിക്കും. ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. ഇന്ന് വൈകുന്നേരത്തോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ചു .ഗവർണ്ണറെ ക്ഷണിക്കാൻ എത്തിയ ചീഫ് സെക്രട്ടറി വി വേണുവിനെ ഗവർണർ രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ നടപടികളിലെ അതൃപ്‌തി ചീഫ് സെക്രട്ടറിയോട് ഗവർണർ തുറന്നു പറഞ്ഞു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിൽ സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിയിൽ നിന്ന് വധു പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ട്, താൻ പറഞ്ഞത് കളവാണ്. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ യുവതി ക്ഷമാപണം നടത്തി. കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ ഉൾപ്പടെ രംഗത്തിറങ്ങിയ ഘട്ടത്തിലാണ് മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി വീഡിയോ പങ്കുവച്ചത്.എന്നാൽ മകളെ കാണാനില്ലെന്ന് പരാതി നൽകുമെന്ന് വധുവിന്റെ അച്ഛൻ അറിയിച്ചു.മകളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു.
പിപി സുനീർ സിപിഐയുടെ രാജ്യസഭ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. സുനീർ സിപിഐയുടെ സംസ്ഥാന അസി സെക്രട്ടറിയാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകി. മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്, അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. ഒരു സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെഡി കടുത്ത വിമര്‍ശനo ഉന്നയിച്ചിരിക്കുകയാണ്.
നീറ്റ് പരീക്ഷ ഫലത്തിലെ വ്യാപക ക്രമകേടിനെതിരെ എം എസ് എഫ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് എംഎസ്എഫിനായി ഹർജി സമർപ്പിച്ചത്. നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയിൽ എത്തുന്ന ആദ്യ ഹർജിയാണിത്. ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്ര അന്വേഷണം നടത്തുക, അന്വേഷണം പൂർത്തിയാകാതെ കൗൺസിലിംഗ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും നേടിയതായി റിപ്പോർട്ട്. തുടർച്ചയായ രണ്ടാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും ലാഭത്തിലെത്തിച്ചതെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു.
കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകി. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. യൂട്യൂബ് ചാനലിൽ നടത്തിയ പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് സത്യഭാമക്കെതിരായുള്ള രാമകൃഷ്ണന്റെ പരാതി.
മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും, കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്നും മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റാണെന്നും തൃശൂര്‍ എംപി സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. സഹമന്ത്രി പദവിയില്‍ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്.
പത്തനംതിട്ടയിൽ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ. വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്‌സൺ സാജൻ ജോസഫ് പറഞ്ഞു. ബൂട്ടിട്ട് വീടുകളിൽ പരിശോധനയ്ക്ക് വരുന്ന വനം വകുപ്പ് ജീവനക്കാർ ഒറ്റക്കാലിൽ നടക്കാനുള്ള അഭ്യാസം കൂടി പഠിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി ഈശോയും പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷിന്റെ തോളിൽ തട്ടിയപ്പോൾ കൊലപാതക ശ്രമത്തിന് കേസ് എടുത്തു. കൊലപാതകശ്രമത്തിന് ഇനിയും നിങ്ങൾക്ക് കേസുകൾ കൊടുക്കേണ്ടി വരുമെന്നും നേതാവ് മുന്നറിയിപ്പ് നൽകി.
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന നെഹ്റു കുടുംബത്തെ സന്ദര്‍ശിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത ശേഷം ആണ്സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ടത്. ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് റിപ്പോര്‍ട്ട് .നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.
ഇടതുമുന്നണി യോഗത്തിൽ ആര്‍ജെഡി യുടെ പ്രതിഷേധം .രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യാൻ വിളിച്ച മുന്നണി യോഗത്തിൽ ആര്‍ജെഡിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വർഗീസ്’ ജോർജാണ് മുന്നണി നേതൃത്വത്തിൻ്റെ നിലപാടിനെ വിമര്‍ശിച്ചത്. രാജ്യസഭാ സീറ്റ് എപ്പോഴും സിപിഐക്ക് നൽകുന്നതിലായിരുന്നു പ്രതിഷേധം. രാജ്യസഭയിലേക്ക് എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്ഇബി. വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം സമർപ്പിച്ചാൽ മതിയെന്നും കെഎസ്ഇബി അറിയിച്ചു.
വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യo നന്ദൻകോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ഉണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
ബാർക്കോഴ അഴിമതി ആരോപിച്ച് എൽഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ്നടത്താൻ നിശ്ചയിച്ച നിയമസഭാ മാർച്ച് മാറ്റിവെച്ചു. ജൂൺ 12ന് നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും അന്ന് വൈകുന്നേരം മൂന്നിന് ചേരാനിരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയും രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം നടക്കുന്നതിനാലാണ് മാറ്റിവെച്ചതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു.
തൃൂശൂർ പൂരം നടത്തിപ്പിൽ കമ്മീഷണറുടെ നടപടികൾക്കെതിരെ പ്രതിഷേധം ഉയർന്നതിനെതുടർന്ന് , തൃശൂർ കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി. . ആർ ഇളങ്കോ ആണ് പുതിയ കമ്മീഷണർ. അങ്കിതിന് പകരം നിയമനം നൽകിയിട്ടില്ല.
കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍. പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചു.
കെ മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നുള്ള ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി.വിന്‍സന്റ് എക്‌സ് എം.എല്‍.എ.യുടെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനുo അംഗീകരിച്ചു . പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള രാജി സ്വീകരിച്ചുവെന്നാണ് വിശദീകരണം.
ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തിൽ പ്രാഥമിക ചർച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം മദ്യനയം പ്രഖ്യാപിക്കാൻ വാർത്താസമ്മേളനം നടത്തുന്ന ദിവസം രാവിലെ വരെ ഡ്രൈ ഡേ പിൻവലിക്കാൻ പോകുന്നു എന്നതരത്തിൽ വാർത്ത വന്നിരുന്നു. ഈ സർക്കാർ ഡ്രൈ ഡേ പിൻവലിച്ചിട്ടില്ല, അതേക്കുറിച്ച് ചർച്ചയും നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും സ്ഥാനം മാറ്റം . രാജൻ ഖൊബ്രഡഗേക്ക് സാംസ്കാരിക വകുപ്പിൻ്റെ അധിക ചുമതലയും, രത്തൻ ഖേൽക്കറിന് സഹകരണ വകുപ്പിൻ്റെ കൂടി ചുമതലയും നൽകി. കായിക സെക്രട്ടറിയായ പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷ ക്ഷേമവകുപ്പും നൽകി.ഹരികിഷോറിന് പിആർഡി സെക്രട്ടറിയുടെ ചുമതലയും, എംജി രാജമാണിക്യത്തിന് ദേവസ്വം സെക്രട്ടറിയുടെ ചുമതലയും നൽകി. തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ടിവി അനുപമയെ നിയമിച്ചു. ശ്രീറാം സാബശിവ റാവുവിനെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറും, ഹരിത വി കുമാറിനെ വനിത- ശിശു ക്ഷേമ ഡയറക്ടറുമാക്കി. വിആർ പ്രേം കുമാറിനെ വാട്ടർ അതോററ്റി എംഡിയുമാക്കി സ്ഥാനമാറ്റം നൽകി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെയാണ് വി ഡി സതീശൻ കത്ത് നൽകിയത്. സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം ബില്‍ വീണ്ടും സഭയുടെ പരിഗണനയക്ക് എത്തുമ്പോഴും പ്രതിപക്ഷത്തിന് ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്ന ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
ജമ്മുവിലെ റിയാസി ഭീകരാക്രമണത്തിൽ അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരര്‍ ആക്രമണം നടത്തിയെന്നാണ് സംശയം. കേസിൽ ആറ് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷ സേന തെരച്ചിൽ തുടരുകയാണ്.
ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്. അമിത് മാളവ്യ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, പശ്ചിമ ബംഗാളിലെ പാർട്ടി ഓഫീസുകളിലും വച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണത്തിന് പിന്നാലെയാണ് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനെയ്റ്റ് നടപടി ആവശ്യപ്പെട്ടത്.