Screenshot 2024 02 27 20 21 14 990 com.android.chrome edit 1

മൂന്നാം തവണയും പ്രധാനമന്ത്രിയായി  നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു.രാജ്നാഥ് സിങ്ങ് മന്ത്രിസഭയിൽ രണ്ടാമനായി  സത്യപ്രതിജ്ഞ ചെയ്തു. ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും . വിവിധ മേഖലകളിലെ പ്രമുഖർ  രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തി.  മല്ലികാർജ്ജുൻ ഖാർഗെയും, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും  ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്.രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ എന്നിവരും കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരാണ്. സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളും നൽകിയിട്ടുണ്ട്.

 

മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് മുന്നെ എൻ സി പി അജിത് പവാർ പക്ഷത്തിന്റെ പ്രതിഷേധം. പുതിയ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രി സ്ഥാനം നൽകാത്തതാണ് എൻ സി പിയുടെ പ്രതിഷേധത്തിന് കാരണം. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാൻ ബി ജെ പി തയ്യാറാകാത്തതിൽ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയിൽ ചേരാനില്ലെന്ന് എൻ സി പി വ്യക്തമാക്കി. മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് വിവരം. ഇതോടെയാണ് എൻ സി പി  മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ബിജെപിയോട് പിണക്കമില്ലെന്ന് പ്രഫുൽ പട്ടേൽ. ഇന്നലെ വൈകിയാണ് മന്ത്രിസഭയുടെ ഭാഗമാകണമെന്ന നി‍ർദേശം ലഭിച്ചത്. കാബിനറ്റ് മന്ത്രിപദത്തിൽ നിന്നും സഹമന്ത്രിയാവുക എന്നത് അംഗീകരിക്കാനാകില്ല. ഇരു പാർട്ടികൾക്കിടയിലുമുണ്ടായ ആശയകുഴപ്പമാണിത്. കുറച്ച് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.

 

നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് സത്യപ്രതിജ്ഞ ചെയ്യാനായി 12.30 നുളള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് തിരിച്ചത്. അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം.

ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഇത്രയും നാൾ അധ്വാനിച്ചതിന്റെ അംഗീകാരമെന്ന് അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മ. മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തിൽ വലിയ നേട്ടമായി കരുതാൻ സാധിക്കില്ലെന്നും അന്നമ്മ പറഞ്ഞു.നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും, പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്നു ജോർജ് കുര്യൻ .

മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണമില്ലെന്ന് ജയ്റാം രമേശ്. രാഷ്ട്രീയവും ധാർമികവുമായും തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്ന് ജയ്റാം രമേശ് വിമര്‍ശിച്ചു. അതോടൊപ്പം സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂർ, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് വ്യക്തമാക്കി. സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

കേരള – കർണാടക-ലക്ഷദ്വീപ്  തീരങ്ങളിൽ ജൂൺ 13 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ  മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് . കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

ബാർ കോഴ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മെല്ലെപ്പോക്ക് . നയമാറ്റത്തിന് പണപ്പരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിലൂടെ അന്വേഷണം സാവധാനത്തിൽ ആയി. ബാർ ഹോട്ടൽ അസോസിയേഷൻ സംസ്ഥാന നേതാക്കളുടെ മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പെരുമാറ്റ ചട്ടം മാറിയ സാഹചര്യത്തിൽ മദ്യനയ ചർച്ചകള്‍ക്ക് ഈ ആഴ്ച തുടക്കമാകും.ഡ്രൈ ഡേ മാറ്റുന്നതിനും സമയ പരിധി നീട്ടുന്നതിനും പരോപകാരമായി പണപ്പിരിവ് നടത്തണമെന്ന ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനിമോന്‍റെ ഓഡിയോ സന്ദേശം  പുറത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.

 

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ 115 ബിജെപി നേതാക്കൾക്കും ക്ഷണം. സംസ്ഥാനത്ത് നിന്നുള്ള എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പോകുമോയെന്ന് വ്യക്തമല്ല. കേരളാ ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്.

രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും, ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ. വയനാടുമായി രാഹുൽ ഗാന്ധിക്കുള്ളത് വൈകാരികമായ അടുപ്പമാണ്. റായ്ബറേലി ഗാന്ധി കുടുംബത്തിനും പാർട്ടിക്കും പ്രധാനമുള്ള മണ്ഡലമാണ്. ഇതുവരെ ഒരു സൂചനയും രാഹുൽ ഗാന്ധി പാർട്ടിക്ക് നൽകിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്

 

തൃശൂരിൽ അപകടത്തില്‍ തകര്‍ന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ ഗതാഗത വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇക്കാര്യം ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിമ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കെഎസ്ആര്‍ടിസി വഹിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി റവന്യൂ മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബസ് ഇടിച്ചു കയറിയാണ് ശക്തൻ തമ്പുരാന്റെ പ്രതിമ തകര്‍ന്നത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ശക്തന്‍ നഗറില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.

 

വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പത്തനംതിട്ട ചിറ്റാർ പൊലീസ് സിപിഎം പ്രവർത്തകർ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനസ്പദമായ സംഭവം ഉണ്ടായത്. റോഡ് വക്കിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ തടികൾ പരിശോധിക്കവേ വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും ജീവനക്കാരെ പ്രതികൾ സംഘം ചേർന്ന് കയ്യേറ്റം ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു. കൊച്ചുകോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അഞ്ചു പ്രതികൾക്ക് പരോൾ. ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ കെ രമ എംഎൽഎ ആരോപിച്ചു. എന്നാൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് ജയിൽ വകുപ്പ് വിശദീകരിച്ചു. പതിനൊന്ന് പേരിൽ അഞ്ച് കുറ്റവാളികൾക്കാണ് പരോൾ. രണ്ടാം പ്രതി കിർമാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവർ വെളളിയാഴ്ച പുറത്തിറങ്ങി.

കണ്ണൂർ ചെറുപുഴ മുൻ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസിനെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് പൊലീസ് കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് റോഷി ജോസിനെതിരെ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിലായിരുന്നു കോൺഗ്രസ് നേതാവിന്‍റെ സ്ത്രീവിരുദ്ധ പരാമർശം.

 

തൃശ്ശൂരിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും യുഡിഎഫ് ജില്ലാ ചെയര്‍മാൻ എംപി വിൻസന്റിനും രാജിവെക്കാൻ നിര്‍ദ്ദേശം. എഐസിസി തീരുമാനം കെപിസിസി ഇരു നേതാക്കളെയും അറിയിച്ചു. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാലക്കുടി മണ്ഡലത്തിൽ തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളിൽ പിന്നോട്ട് പോയതും ഡിസിസി ഓഫീസിൽ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാൻ ആവശ്യപ്പെട്ടത്.

 

കെഎസ്ആര്‍ടിസി ബസിന്‍റെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ കൂടുമെന്ന കണ്ടക്ടറുടെ നിലപാടിന് ഗതാഗത മന്ത്രി അനുമതി നൽകിയതോടെ തീരുമാനം കെഎസ്ആര്‍ടിസിക്ക് വൻ നേട്ടമായി. തിരുനാവായ സ്വദേശിയായ ഗര്‍ഭിണിയെ പ്രസവവേദന വന്നപ്പോള്‍ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളജിലേക്ക് എത്തിച്ച ബസിന്‍റെ കണ്ടക്ടര്‍ അജയൻ്റെ നിര്‍ദ്ദേശപ്രകാരം മന്ത്രിയാണ് ബസിൻ്റെ ഷെഡ്യൂൾ മാറ്റിയത്. ഇതിലൂടെ ശരാശരി 4446 രൂപയുടെ വരുമാന വര്‍ധനവാണ് ഓരോ സര്‍വീസിലും ഉണ്ടായത്. മന്ത്രി തന്നെ കണ്ടക്ടര്‍ അജയനെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.

 

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെഎസ്ആർടിസി ഡ്രൈവര്‍ യദു നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണം മുരടിച്ച പോലാണെന്ന് യദു വ്യക്തമാക്കി. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്ന് യദു പരാതിപ്പെടുന്നു. അന്വേഷണം എന്തായെന്നറിയാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.

 

220 അധ്യയന ദിവസം എന്നത് കെഇആർ ചട്ടമാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെ ഇ ആർ അധ്യായം 7 റൂൾ 3 ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകർ ഇക്കാര്യത്തിൽ സഹകരിച്ച് കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സഹകരിക്കണം.അധ്യാപകർക്ക് മികവുറ്റ പരിശീലനം ഉറപ്പാക്കാൻ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസിൽ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും. ടെഹ്റാനിൽപ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന് ഈ റാക്കറ്റിന്‍റെ പ്രവ‍ർത്തനം സംബന്ധിച്ച് കൂടുതൽ കാര്യങ്ങളറിയാമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലിൽ ഇറാനിലേക്ക് പോയ ഷമീർ മേയ് പതിനെട്ടിന് തിരിച്ചെത്തിയതിനെ തുടർന്ന് ഒളിവിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്.

കല്‍പ്പറ്റയിൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി നടു റോഡില്‍ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തെ വൈത്തിരി പൊലീസ് പിടികൂടി. പൊഴുതന സ്വദേശികളായ അമ്പലകളപുരയ്ക്കല്‍ റാഷിദ് , പാറക്കുന്ന്, നിലാപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷമീർ, കരിയാട്ട്പുഴില്‍ ഇബ്രാഹിം , തനിയാട്ടില്‍ വീട്ടില്‍ നിഷാം , പട്ടര്‍ മഠം വീട്ടില്‍ മുബഷിര്‍, ഒളിയമട്ടത്തില്‍ വീട്ടില്‍ സൈജു എന്നിവരെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാർലമെന്‍റിൽ വിദ്യാർത്ഥികളുടെ ശബ്ദമാകുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കും. മാഫിയയുടെയും സർക്കാർ സംവിധാനങ്ങളുടെയും ഒത്താശയോടെ നടക്കുന്ന ഈ ചോദ്യപേപ്പർ ചോർച്ച വ്യവസായം നേരിടാൻ കോൺഗ്രസ് ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സർക്കാരിനെ ഉപദേശിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയുക്ത ഡിഎംകെ എംപിമാരുടെ യോഗത്തിൽ പരാമ‍ർശിച്ചു. പ്രവേശന പരീക്ഷാ നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ദില്ലിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. എൻഎസ്‍യുഐ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദില്ലിയിലെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിലാണ് പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മുകളിൽ കയറി നിന്നുകൊണ്ട് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

മധ്യ ഗാസയിൽ നടത്തിയ റെയ്ഡിൽ ഹമാസ് ബന്ദികളാക്കിയവരെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചു. ഒക്ടോബറിൽ പിടിയിലായ നാല് പേരെയാണ് മോചിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഇസ്രയേൽ സൈന്യം വിശദമാക്കി. അതോടൊപ്പം കഴിഞ്ഞ വർഷം കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന കുറ്റവാളികളുടെ പട്ടികയിൽ ഇസ്രായേൽ സൈന്യത്തെ ചേർത്തതായി യുഎൻ. വിശദമാക്കി. യുഎന്നുമായുള്ള ഇസ്രയേലിന്റെ തുടർന്നുള്ള ബന്ധങ്ങളെ തീരുമാനം ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് വിശദമാക്കി.

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പുകഴ്ത്തി സോണിയ ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യമാകെ രാഹുൽ ഗാന്ധി  ഭരണഘടനയുടെ പ്രധാന്യം ഉയര്‍ത്തിയതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഭരണഘടനക്ക് മുന്‍പില്‍ മോദിക്ക് വണങ്ങി നില്‍ക്കേണ്ടി വന്നതെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയെ പ്രശംസിച്ചു.

ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്. സുരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ‘പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാന സാധിച്ചത് സംതൃപ്തനാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. എന്നാൽ അൽപ്പസമയത്തിനകം തന്നെ ഫേസ്ബുക്കിൽ നിന്നും എക്സ് പ്ലാറ്റ് ഫോമിൽ നിന്നും അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

ബി.ജെ.ഡി നേതാവും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ വി.കെ. പാണ്ഡ്യന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഒഡിഷയിലെ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.ഡി.ക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് . നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായിയാണ് പാണ്ഡ്യന്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *