night news hd 20

 

ലോക്‌സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്റെ കോപ്പി എംപിമാര്‍ക്കു നല്‍കാത്തതിനെതിരേ പ്രതിപക്ഷ ബഹളം. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും.

വനിതാ സംവരണ ബില്ലിന്റെ പിതൃത്വത്തെച്ചൊല്ലി ലോക്ഭയില്‍ തര്‍ക്കം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബില്‍ പാസാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ 2014ല്‍ ബില്‍ അസാധുവായെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രതികരിച്ചു. ലോക്‌സഭയില്‍ ഇതിന്റെ പേരിലും പ്രതിപക്ഷബഹളമുണ്ടായി. നാളെ 11 നു വീണ്ടും ചേരും.

മന്ത്രിസഭാ പുനഃസംഘടനയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. എല്‍ഡിഎഫില്‍ പുനഃസംഘടന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നു നേരത്തേ ധാരണയുണ്ടായിരുന്നു. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ്‌കുമാറും മന്ത്രിമാരാകും.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉന്നയിച്ച ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ വിമര്‍ശനം. കോടതി നടപടികളെ പ്രഹസനമാക്കുന്നതു ശരിയല്ല. ആരോപണം പിന്‍വലിക്കാനുള്ള അപേക്ഷ പരിഗണിച്ച കോടതി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.

മണിപ്പൂര്‍ കലാപത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാര്‍ത്ഥികള്‍ക്കു കേരളത്തില്‍ പഠനസൗകര്യം നല്‍കും. മണിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘം കണ്ണൂരില്‍ എത്തി. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയടക്കമുള്ളവര്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി 67 അംഗ മണിപ്പൂര്‍ വിദ്യാര്‍ഥി സംഘം സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

നോട്ട് നിരോധനസമയത്ത് കരുവന്നൂര്‍ ബാങ്ക് വഴി കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എസി മൊയ്തീന്‍ ഇഡിക്ക് മുമ്പില്‍ ഹാജരാകാതിരുന്നത് സിപിഎം നിര്‍ദ്ദേശം അനുസരിച്ചാണ്. തൃശ്ശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. സുരേന്ദ്രന്‍ പറഞ്ഞു.

നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും പ്രതിരോധത്തിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപനം ഇല്ലാത്തത് ആശ്വാസമാണ്. 1286 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ട്. 276 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 122 പേര്‍ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിള്‍ 256 പേരുടെ ഫലം വന്നു. ആറു പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമ്പതു പേര്‍ ഐസൊലേഷനിലുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് നിപ നിയന്ത്രണങ്ങള്‍ തുടരും. കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക് നഗരസഭ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്.

ഏഴു മാസമായി മാധ്യമങ്ങളെ കാണാത്തതില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ കാണാത്തത് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമുള്ളപ്പോഴെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോയെന്നും പിണറായി ചോദിച്ചു.

കേരള സര്‍ക്കാര്‍ കേരളപ്പിറവി ദിനത്തില്‍ കേരളീയം എന്ന പേരില്‍ ഒരാഴ്ച നീളുന്ന ആഘോഷം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ പ്രത്യേക പരിപാടികള്‍ ഒരുക്കും. കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പം ഭാവി കേരളത്തിന് എന്തു വേണമെന്ന ചര്‍ച്ചയും നടത്തും. പത്തോളം പ്രദര്‍ശനങ്ങളും 25 അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് തട്ടിപ്പു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരേ പോലീസ് എടുത്ത കള്ളക്കേസ് അവസാനിപ്പിച്ചു. തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

പത്തനംതിട്ട ഏനാത്ത് തട്ടാരുപടിയില്‍ ഏഴു വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു. കടികയില്‍ വാടകയ്ക്ക് താമസിക്കുന്ന മാത്യു പി അലക്‌സാണ് മൂത്തമകന്‍ മെല്‍വിനെ കൊന്നശേഷം തൂങ്ങിമരിച്ചത്.

പത്തനംതിട്ട പുല്ലാട് അയിരക്കാവില്‍ യുവാവിനെ കൊന്ന് പുഞ്ചയില്‍ ചവിട്ടിത്താഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ കൊലപ്പെടുത്തിയ വരയന്നൂര്‍ സ്വദേശി ‘കാലന്‍ മോന്‍സി’ എന്ന് വിളിപ്പേരുള്ള വിനോദ് ആണ് പിടിയിലായത്. മോന്‍സിയുടെ ഭാര്യയുമായി പ്രദീപ് കുമാറിന് അടുപ്പമുണ്ടെന്നു സംശയിച്ചാണ് കൊലപ്പെടുത്തിയത്.

തിരുവനന്തപുരത്ത് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വെള്ളറട പുലിയൂര്‍ശാല ചരിവുവിള വീട്ടില്‍ ശ്രീലതിക (38)യാണു മരിച്ചത്. പാറശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ് ശ്രീലതിക.

പോക്‌സോ കേസില്‍ മലപ്പുറം പാണ്ടിക്കാട്ടെ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനില്‍ കുമാറാണ് പൊലീസിന്റെ പിടിയിലായത്. 13 വയസുകാരിയെ ശല്യം ചെയ്‌തെന്നാണു കേസ്.

നെറ്റ് പരീക്ഷ ജൂണ്‍ 10 മുതല്‍ 21 വരെ നടത്തും. കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് രീതിയിലാണു പരീക്ഷകള്‍ നടത്തുക.

വനിത സംവരണ ബില്‍ സെന്‍സസ് നടപ്പാക്കിയാല്‍ മാത്രമേ നടപ്പാക്കാനാകുവെന്ന് കോണ്‍ഗ്രസ്. ഇപ്പോഴത്തെ ബില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കമാണെന്നും മോദി രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ജിഎസ്ടി വരുമാനം സംസ്ഥാനങ്ങള്‍ക്ക് കൃത്യസമയത്ത് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂന്നു തവണ പണം മുന്‍കൂറായി നല്‍കി. ഒരു സംസ്ഥാനത്തിനും പണം നല്‍കാനില്ല. മന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് വിഹിതം ലഭിക്കുന്നില്ലെന്നും ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചിരുന്നു.

കര്‍ണാടകയിലെ പ്രശസ്തമായ ഹൊയ്സാല ക്ഷേത്രങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍. ബേലൂര്‍, ഹലേബിഡ്, സോമനന്തപുര എന്നിവിടങ്ങളിലെ ഹൊയ്‌സാല ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയില്‍ ഇടം നേടിയത്.

ചത്തീസ്ഗഡില്‍ വമ്പന്‍ ബാങ്ക് കൊള്ള. ആക്‌സിസ് ബാങ്കിന്റെ ജഗദ്പൂര്‍ ബ്രാഞ്ചില്‍ എട്ടര കോടി രൂപയും സ്വര്‍ണവുമാണ് കൊള്ളയടിച്ചത്. ഏഴു പേരഅടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *