സോളാര്‍ തട്ടിപ്പുകാരിയുടെ കള്ളപ്പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഗൂഡാലോചന നടന്നെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് ഈ പ്രഖ്യാപനം. വിചിത്ര ആരോപണങ്ങളാണു പ്രതിപക്ഷം ഉന്നയിച്ചത്. ദല്ലാള്‍ നന്ദകുമാറിനെ നന്നായി അറിയുക യുഡിഎഫ് നേതാക്കള്‍ക്കാണ്. പരാതിക്കാരി തന്നെ കാണാനെത്തിയത് മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്നാം മാസത്തിലാണ്. അന്വേഷണത്തിനു പ്രത്യേക താല്പര്യം കാണിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ്. മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് ഡിജിപിക്കു പരാതി നല്‍കി. സോളാര്‍ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കള്‍ പരാതിക്കാരിയുമായി ഗൂഢാലോചന നടത്തിയെന്ന് സി ബി ഐ റിപ്പോര്‍ട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയത്.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ സിബിഐക്കു മൊഴി നല്‍കിയിട്ടില്ലെന്നു നിയമസഭയില്‍ കെ. ബി ഗണേഷ് കുമാര്‍. ഈ വിഷയത്തില്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ടു കൊണ്ട്ുപായതും മുഖ്യമന്ത്രിയാണ്. സതീശന്‍ കുറ്റപ്പെടുത്തി.
മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. രണ്ടു കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടുകളെ മാസപ്പടിയായി ചിത്രീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരായി. അല്ലെങ്കില്‍ അവര്‍ വാക്ക് ഔട്ട് നടത്തുമായിരുന്നു. കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടുമായിരുന്നെന്നും ബാലന്‍ പറഞ്ഞു.
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് പ്രധാനാധ്യാപകര്‍ക്കു നല്‍കാനുള്ള കുടിശ്ശിക തുക എന്നു കൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. അധ്യാപക സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ സഹായിക്കാന്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.ഡബ്ല്യു., ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദമുള്ളവരുടെ സേവനം ഇതിനായി ലഭ്യമാക്കും.
പുലി ചത്തതിന് വനം വകുപ്പ് ചോദ്യം ചെയ്ത ടാപ്പിംഗ് തൊഴിലാളി വിഷം കഴിച്ചു മരിച്ചു. പാലക്കാട് മംഗലം ഡാമിനടുത്തെ ടാപ്പിംഗ് തൊഴിലാളി ഓടംതോട് സ്വദേശി സജീവാണ് മരിച്ചത്. 54 വയസായിരുന്നു. വനം വകുപ്പിന്റെ കര്‍ഷകര്‍ അടക്കം നാട്ടുകാര്‍ മൃതദേഹവുമായി മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ ഉപരോധ സമരം നടത്തി.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അന്നു വൈകുന്നേരം നാലിന് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്.
കാട്ടാക്കടയില്‍ ക്ഷേത്രത്തിനരികില്‍ മൂത്രമൊഴിച്ചതിനു പത്താം ക്ലാസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയിലായി. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ ജില്ല എന്ന പദവി പാലക്കാട് ജില്ലയില്‍നിന്ന് 25 വര്‍ഷത്തിനു ശേഷം ഇടുക്കി ജില്ല സ്വന്തമാക്കി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായിരുന്ന 12,718 ഹെക്ടര്‍ ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേര്‍ത്തതോടെയാണ് ഇടുക്കി വീണ്ടും ഒന്നാമതായത്. ഇടുക്കിയുടെ ആകെ വിസ്തീര്‍ണം 4358 ല്‍ നിന്നു 4612 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു. ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിന്റെ വിസ്തീര്‍ണം 4482 ചതുരശ്ര കിലോമീറ്ററാണ്. 1997 നു മുന്‍പ് ഇടുക്കിയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല.
ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. അയോഗ്യനാക്കിയ ബഞ്ചുതന്നെയാണ് ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയുടെ അപ്പീല്‍ തള്ളിയത്. സുപ്രീംകോടതിയില്‍ പോകാന്‍ സമയം തേടിക്കൊണ്ടാണ് പ്രജ്വല്‍ അയോഗ്യനാക്കപ്പെട്ട അതേ ബഞ്ചില്‍ തന്നെ അപ്പീല്‍ നല്‍കിയത്.
ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ പുകഴ്ത്തി ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാന്‍ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാള്‍ മുന്നിലാണെന്നും സൂപ്പര്‍ പവര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്‍കൈയെടുത്താണ് ആഫ്രിക്കന്‍ യൂണിയന് ജി 20 അംഗത്വം ലഭിച്ചത്.
സുപ്രീം കോടതി അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നോയിഡയില്‍ താമസിക്കുന്ന നിതിന്‍ നാഥ് സിന്‍ഹ (61) ആണ് അറസ്റ്റിലായത്. ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍ 36 മണിക്കൂര്‍ ഇയാള്‍ ഒളിച്ചിരുന്നു.
ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ മറ്റൊരു അഴിമതിക്കേസ് കൂടി. അമരാവതി റിങ് റോഡ് അഴിമതിക്കേസില്‍ നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ലോറിയില്‍ ഇടിച്ച് അഞ്ചു പേര്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഹിരിയൂര്‍ താലൂക്കില്‍ ഗൊല്ലഹള്ളിക്ക് സമീപമാണു സംഭവം.