നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഡാലോചന അടക്കമുള്ള വിഷയങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതിപക്ഷം. പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ രാവിലെ പത്തിനു സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രതികളാക്കുന്നതും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പും പ്രതിപക്ഷം വിഷയമാക്കും.
സോളാര്‍ തട്ടിപ്പുകാരിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരും വേട്ടയാടിയവരും കണക്കു പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ ആശിര്‍വാദത്തോടെ നടന്ന നീചമായ ഗൂഢാലോചനയാണത്. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഢാലോചനയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് സതീശന്‍ പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടു സംബന്ധിച്ച് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ അംഗമായിരുന്നില്ലെന്ന സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ വാദം തള്ളി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ബിജുവിനെ കമ്മീഷനായി നിയമിച്ച പാര്‍ട്ടി രേഖ അനില്‍ അക്കര പുറത്തുവിട്ടു. പാര്‍ട്ടി ഓഫീസിലുള്ള അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ അരിയങ്ങാടിയില്‍പോലും കിട്ടുമെന്നും അനില്‍ അക്കര പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പികെ ബിജു. തനിക്കെതിരെ തെളിവുണ്ടങ്കില്‍ അനില്‍ മാധ്യമങ്ങള്‍ക്കു കൈമാറണം. എംപിയായിരിക്കെ താന്‍ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം ആവശ്യമില്ല. താന്‍ ആരുടേയും പണം വാങ്ങിയിട്ടില്ല. സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ബിജു പറഞ്ഞു.
ആലുവയില്‍ അതിക്രമത്തിനിരയായ എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി പി രാജീവ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. എല്ലാ സഹായവും സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് കുട്ടിയുടെ കുടുംബത്തിന് ഉറപ്പു നല്‍കിയെന്ന് മന്ത്രി അറിയിച്ചു.
കൊച്ചി കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷി(38)നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് വിശ്വസിപ്പിച്ച് കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളും ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള ബന്ധത്തെ പരിഹസിച്ചു സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക് പോസ്റ്റുകള്‍. ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിനെതിരെയാണ് പോസ്റ്റ്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ ജയിന്‍ രാജിനെതിരെ രംഗത്തെത്തി.
താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ പ്രവാസിയുടെ വീട്ടിലെത്തി ലഹരി മാഫിയാ സംഘം ആക്രമിച്ചെന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശികളായ തേക്കുംതോട്ടം തട്ടൂര്‍ വീട്ടില്‍ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാന്‍ (33), മേലെ കുന്നപ്പള്ളി വീട്ടില്‍ മോന്‍ട്ടി എന്ന മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കോഴിക്കോട് കാപ്പാട്ടെ സവാരിക്ക് ഉപയോഗിച്ചിരുന്ന കുതിര നായയുടെ കടിയേറ്റു ചത്തു. രണ്ടാഴ്ച മുമ്പാണ് കുതിരയ്ക്കു നായയുടെ കടിയേറ്റത്.
കൊല്ലം ചിതറയില്‍ ബൈക്ക് കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് ബെക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. 34 വയസുള്ള ചിതറ ഇരപ്പില്‍ സ്വദേശി ബൈജുവാണ് മരിച്ചത്.
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുമെന്ന് ബിജെപി എംപി ദിലീപ് ഘോഷ്. പേരുമാറ്റത്തെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യം വിട്ടുപോകാം. കൊല്‍ക്കത്തയിലെ വിദേശികളുടെ പ്രതിമകള്‍ നീക്കം ചെയ്യുമെന്നും പശ്ചിമ ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.
കോടതി റിമാന്‍ഡു ചെയ്തതോടെ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയിലിലേക്ക്. വിജയവാഡയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണു 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തത്. ഉടനേ ഹൈക്കോടതിയെ സമീപിക്കുമെന്നു തെലുങ്കു ദേശം പാര്‍ട്ടി.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചെന്ന അഭ്യൂഹം നിഷേധിച്ച് ബിജെപി മുതിര്‍ന്ന നേതാവും പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗ്. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയോടുമാണ് തനിക്കു പ്രതിബദ്ധതയെന്ന് അമരീന്ദര്‍ പറഞ്ഞു.
ബിജെപി വിഷപ്പാമ്പെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും തമിഴ്‌നാട് കായികമന്ത്രിയുമായി ഉദയനിധി സ്റ്റാലിന്‍. ബിജെപിക്ക് ഒളിക്കാനിടമൊരുക്കുന്ന മാലിന്യമാണ് എഐഎഡിഎംകെ. രണ്ടിനും തമിഴ്‌നാട്ടില്‍ ഇടം നല്‍കരുതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ഉത്തര കന്നട ജില്ലയില്‍ കൂറ്റന്‍ തിമിംഗലം ചത്തടിഞ്ഞു. ഹൊന്നാവറിലെ മഗാളി ഗ്രാമത്തിലെ കടല്‍ തീരത്താണ് 46 അടി വലുപ്പമുള്ള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്.
ഹൗറയില്‍നിന്ന് ഗ്വാളിയോറിലേക്കുള്ള ചമ്പല്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ പാമ്പാട്ടികള്‍ പാമ്പുകളെ തുറന്നു വിട്ടു. അഞ്ചു പാമ്പുകളെയാണ് ഇവര്‍ തുറന്നു വിട്ടത്. പാമ്പുകളെ പ്രദര്‍ശിപ്പിച്ച് പണം ചോദിച്ചപ്പോള്‍ യാത്രക്കാര്‍ സംഭാവന നല്‍കാത്തതില്‍ പ്രകോപിതരായാണ് പാമ്പുകളെ തുറന്നുവിട്ടത്. യാത്രക്കാര്‍ ബഹളംവച്ചതോടെ പാമ്പാട്ടികള്‍ പാമ്പുകളെ പിടിക്കാതെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെട്ടു.
ഡല്‍ഹിയില്‍ 20 വയസുകാരനെ കുത്തികൊലന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത എട്ട് അയല്‍വാസികള്‍ അറസ്റ്റില്‍. ദില്‍ഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
യുഎസില്‍ വിമാനത്തില്‍ കോക്ക്പിറ്റില്‍ പ്രവേശിച്ച് എക്‌സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചു പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്തു. ചിക്കാഗോയില്‍നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിനു പിറകേയാണ് ഇയാള്‍ അതിക്രമം നടത്തിയത്.
ചൈന ആപ്പിള്‍, ഐഫോണുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതോടെ ആപ്പിളിന്റെ വിപണി മൂലധനത്തില്‍ ഇരുപതിനായിരം കോടി രൂപയുടെ തകര്‍ച്ച. ചൈന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഐഫോണ്‍ വിലക്കിയിരിക്കുകയാണ്.