അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ നവബര്‍ ഒന്നു മുതല്‍ സൗജന്യ യാത്ര. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോണ്‍ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. മനുഷ്യബന്ധങ്ങള്‍, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങള്‍ക്ക് സാഹിത്യരൂപം നല്‍കിയ പ്രതിഭയാണ് ജോണ്‍ ഫോസെ.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കും. ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ അപൂര്‍ണമെന്നാണ് ഇഡിയുടെ നിലപാട്. തൃശൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക സഹിതം വീണ്ടും നോട്ടീസ് നല്‍കുമെന്ന് ഇഡി.
ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും ഫോണുകളും അടക്കമുള്ള എല്ലാ ഉപകരണങ്ങളും ഒരാഴ്ചയ്ക്കകം വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി. ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം പി.വി ശ്രീനിജന്റെ പരാതിയില്‍ എടുത്ത കേസ് മൊഴികളുടെ അടിസ്ഥാനത്തിലാണ് തെളിയിക്കേണ്ടതെന്നു കോടതി പൊലീസിനു നിര്‍ദേശം നല്‍കി.
സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പു കേസിലെ പ്രതികളിലൊരാളായ ലെനിന്‍ രാജ് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ലെനിന്‍ രാജ് ഹര്‍ജി നല്‍കിയത്.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മാലിന്യം ഓടയിലേക്ക് ഒഴുക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. കനാലുകള്‍ എത്രയും പെട്ടെന്ന് വൃത്തിയാക്കാന്‍ റെയില്‍വേക്കു കോടതി നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം നഴ്‌സിംഗ് കോളജില്‍ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും തമ്മില്‍ വാക്കേറ്റം. നിന്നെയൊക്കെ അടിച്ചു ഷേപ്പു മാറ്റുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന് എസ്എഫ്‌ഐ. വനിത ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്നുമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആവശ്യപ്പെട്ടത് പ്രിന്‍സിപ്പല്‍ നിരസിച്ചതോടെ വാക്കേറ്റമായി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചു. പ്രിന്‍സിപ്പലിനെതിരേ നടപടിക്കു സാധ്യത.
പീഡനക്കേസില്‍ ടെലിവിഷന്‍ താരം ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ ഷിയാസിനെ അറസ്റ്റു ചെയ്തതിനു പിറകേയാണ് ജാമ്യം അനുവദിച്ചത്.
ഇടുക്കി രാജാക്കാട്ട് 14 കാരിയെ ബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ പ്രതിക്ക് 80 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതി. ഇടുക്കി അതിവേഗ കോടതിയാണു ശിക്ഷ വിധിച്ചത്.
ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ തെളിവുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റിനോടു സുപ്രീം കോടതി. സിസോദിയ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ചോദ്യം. മലയാളി വ്യവസായി വിജയ് നായരാണ് പ്രധാന ഇടപാടുകള്‍ നടത്തിയതെങ്കില്‍ എങ്ങനെ സിസോദിയ പ്രതിയാകും? സിസോദിയക്കെതിരേ തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.
തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലിക്കു സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി. മധ്യപ്രദേശ് സിവില്‍ സര്‍വീസ് നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. വനംവകുപ്പില്‍ സംവരണം ബാധകമല്ല.
ഷൂട്ടിങ് താരം താരാ ഷാഹ്‌ദേവിനെ മതപരിവര്‍ത്തനം ചെയ്‌തെന്ന കേസില്‍ മുന്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും അടക്കം മൂന്നു പേര്‍ക്കു ശിക്ഷ. രഞ്ജിത് കോഹ്ലി എന്ന റാഖിബ് ഉള്‍ ഹസന് ജീവപര്യന്തം തടവും അമ്മ കൗസര്‍ റാണിക്കു പത്തു വര്‍ഷത്തെ തടവുമാണ് ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ അന്നത്തെ ഹൈക്കോടതി രജിസ്ട്രാര്‍ മുസ്താഖ് അഹമ്മദിനെ ഗൂഢാലോചനക്കുറ്റത്തിന് 15 വര്‍ഷം തടവിനും ശിക്ഷിച്ചു.
പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ കാലിഫോര്‍ണിയക്കാരനായ 34 കാരന് 690 വര്‍ഷം തടവു ശിക്ഷ. കോസ്റ്റാ മെസ സ്വദേശിയായ മാത്യു അന്റോണിയോ ഷഷ്ഷ്വെസ്‌ക്കിക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.