night news hd 1

 

കൊവിഡ് വാക്‌സിന്‍ വകസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞര്‍ക്കു വൈദ്യശാസ്ത്ര നോബല്‍ സമ്മാനം. കോവിഡ് 19 എംആര്‍ എന്‍എ വാക്‌സീന്‍ വികസിപ്പിച്ച ഗവേഷണത്തിനാണ് ഹംഗറി സ്വദേശി കാറ്റലിന്‍ കാരിക്കോയും അമേരിക്കക്കാരനായ ഡ്രീ വൈസ്മാനുമാണു പുരസ്‌കാര ജേതാക്കളായത്. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണമാണ് രണ്ടു വര്‍ഷം ലോകത്തെ അടച്ചുപൂട്ടിച്ച കോവിഡ് വൈറസുകള്‍ക്കെതിരായ വാക്‌സിന്‍ കണ്ടെത്താന്‍ സഹായിച്ചത്.

മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി ഭരണ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരുമല്ല, മുഖ്യമന്ത്രിയാണ് ഗവര്‍ണറെ നേരില്‍ കണ്ട് സംസാരിക്കേണ്ടത്. ഭരണഘടന ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി പരാജയമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.

ജയ്പൂരില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഷാനവാസും സംഘവും കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ്. കേരളത്തിലെ വനമേഖലയില്‍ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാകയോടെ എടുത്ത ചിത്രങ്ങള്‍ കണ്ടുകിട്ടിയി. അറസ്റ്റിലായ മൂന്ന് പേരും ബിടെക്ക് ബിരുദധാരികളാണ്. കേരളത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണു ചെയ്തതെന്നും ആരെല്ലാമായി ബന്ധപ്പെട്ടെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ അഖില്‍ സജീവിനെയും കോഴിക്കോട്ടെ അഭിഭാഷകനായ ലെനിനെയും പോലീസ് പ്രതി ചേര്‍ത്തു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആള്‍മാറാട്ടം എന്നീ വകുപ്പുകളാണു ചുമത്തിയത്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനില്‍നിന്ന് ലെനിന്‍ അമ്പതിനായിരം രൂപയും അഖില്‍ സജീവ് ഇരുപത്തയ്യായിരം രൂപയുമാണു തട്ടിയെടുത്തതെന്നും ബാസിതിനെ പ്രതിയാക്കുന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.

വയനാട് ജില്ലയിലെ തലപ്പുഴയില്‍ വീണ്ടും സായുധ മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണമുണ്ടായ കമ്പമലയില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സംഘമെത്തിയത്. വെളിയത്ത് വി.യു ജോണിയുടെ വീട്ടില്‍ രാത്രി ഏഴരയോടെ എത്തിയ സംഘം ലാപ്ടാപ് ചാര്‍ജ് ചെയ്തശേഷമാണ് മടങ്ങിയത്.

ഇടുക്കിയിലെ പാവപ്പെട്ടവരുടെ കൈയ്യേറ്റങ്ങളല്ല, വന്‍കിടക്കാരുടെ കൈയേറ്റങ്ങളാണ ഒഴിപ്പിക്കേണ്ടതെന്ന് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ലെന്നും ശിവരാമന്‍ പറഞ്ഞു.

വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതു നിയന്ത്രിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ 140 കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന തൂക്കു വൈദ്യുത വേലി സ്ഥാപിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് അനധികൃതമായി മദ്യം വില്‍പ്പന നടത്തിയ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റിമാന്റില്‍. കൊങ്ങന്നൂര്‍ ശിവഗംഗ വീട്ടില്‍ വി.വി ശിവദാസനെയാണ് അത്തോളി പോലീസ് പിടികൂടിയത്. സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഇയാള്‍.

വയനാട്ടില്‍ മാനിനെ പിടികൂടി മാംസമാക്കിയ രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. ഓടി രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടങ്ങി. ബേഗൂര്‍ റെയ്ഞ്ചിലെ തൃശിലേരി സെക്ഷന് കീഴിലാണു സംഭവം. 56 കിലോ മാനിറച്ചി പിടികൂടിയിട്ടുണ്ട്.

തിരുവനന്തപുരം ഉള്ളൂരിലെ പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തിയ പ്രതികളെ പോലീസ് തെരയുന്നു. പമ്പില്‍ ബൈക്ക് ഇരപ്പിച്ചതു വിലക്കിയതില്‍ കുപിതരായാണ് അക്രമികള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ചത്.

ബീഹാറില്‍ പിന്നോക്ക വിഭാഗത്തില്‍ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തില്‍ 36.01 ശതമാനവും ജനങ്ങളുണ്ടെന്നു ജാതി സെന്‍സസ് റിപ്പോര്‍ട്ട്. മുന്നാക്ക വിഭാഗത്തില്‍ 15.52 ശതമാനം പേരാണുള്ളത്. മുസ്ലിങ്ങള്‍ 17.6 ശതമാനമാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ‘ഇന്ത്യ’ മുന്നണി ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഹാറിലെ ജാതി സെന്‍സസ് പുറത്തുവിട്ടത്തിന് പിറകേ, പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിച്ചവരാണ് അവരെന്നും മോദി ആരോപിച്ചു,. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 7000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്റെ സര്‍ക്കാര്‍ രാജസ്ഥാന്റെ വികസനത്തിനു മുന്‍ഗണന നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്നോട് ചോദ്യം ഉന്നയിച്ച വനിതാ റിപ്പോര്‍ട്ടര്‍ക്ക് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ അവഹേളനം. ആരാണ് ചോദ്യം ചോദിച്ചതെന്ന് എല്ലാവര്‍ക്കും കാണാനായി തനിക്കരികില്‍ വന്നു നില്‍ക്കണമെന്നാണ് അണ്ണാമലൈ മാധ്യമ പ്രവര്‍ത്തകയോട് ആവശ്യപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് അല്ലായിരുന്നുവെങ്കില്‍ ബിജെപിയില്‍ തുടരുമായിരുന്നോയെന്നു ചോദിച്ചപ്പോഴാണ് അണ്ണാമലൈ പ്രകോപിതനായത്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു സഹപവര്‍ത്തകയായ പോലീസ് ഉദ്യോഗസ്ഥരയെ കൊന്ന് മൃതദേഹം കനാലില്‍ എറിഞ്ഞ സംഭവത്തില്‍ രണ്ടു വര്‍ഷത്തിനുശേഷം പൊലീസുകാരന്‍ അറസ്റ്റില്‍. മോന യാദവ് എന്ന പൊലീസുകാരിയെ 2021 ല്‍ കാണാതായ സംഭവത്തില്‍ പോലീസുകാരന്‍ സുരേന്ദ്രന്‍ റാണയാണു പിടിയിലായത്. നീതി തേടി സഹോദരി നടത്തിയ പോരാട്ടത്തിനൊടുവിലാണ് അറസ്റ്റ്. 2021 ാണ് മോന യാദവിനെ കാണാതായത്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹര്‍ സ്വദേശിനിയായിരുന്നു മോന.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *